ദ ലൈൻ എന്ന ചിത്രത്തിൽ നിന്നൊരു രംഗം
കലുഷിതമായ ഒരു കുടുംബത്തെ പശ്ചാത്തലമാക്കി ഉറുസല മെയർ സംവധാനം ചെയ്ത ചിത്രമാണ് ദ ലെെൻ. അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ പ്രദർശനത്തിനെത്തിയ ചിത്രത്തിൽ ഒരു അമ്മയും മകളും തമ്മിലുള്ള നിരന്തര സംഘർഷവും അതുമായി ബന്ധപ്പെട്ട് അരങ്ങേറുന്ന സംഭവങ്ങളുമാണ് അവതരിപ്പിച്ചിരിക്കുന്നത്.
ക്രിസ്റ്റീനയും മാർഗരറ്റും തമ്മിലുള്ള അതിഗംഭീരമായ വഴക്കിലൂടെയാണ് സിനിമ ആരംഭിക്കുന്നത്. പരസ്പരം പോരടിക്കുന്നതിനിടെ മാർഗരറ്റിന്റെ നെറ്റി മുറിയുകയും ക്രിസ്റ്റീനയുടെ ഒരു ചെവിയുടെ കേൾവി നഷ്ടപ്പെടുകയും ചെയ്യുന്നു. വഴക്കിന് പിന്നിലുള്ള കാരണം പ്രേക്ഷകർക്ക് മനസ്സിലാക്കി തരുന്നത് പിന്നീടുള്ള രംഗത്തിലാണ്. ഈ സംഭവവികാസങ്ങൾക്കെല്ലാം ശേഷം മാർഗരറ്റിന് ഒരു നിരോധന ഉത്തരവ് നൽകുന്നു. കുറഞ്ഞത് നൂറ് മീറ്ററിൽ അമ്മയിൽ നിന്ന് മാറി നിൽക്കണം. അത് പാലിക്കപ്പെടാനായി 100 മീറ്റർ പരിധിയിൽ പെയിന്റ് ഉപയോഗിച്ച് ഒരു രേഖ വരയ്ക്കാൻ മാർഗരറ്റിനോട് ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട് ക്രീസ്റ്റിന.
മാർഗരറ്റിന്റെ പെരുമാറ്റം എന്തായിരിക്കുമെന്ന് ഒരിക്കലും പ്രവചിക്കുവാൻ സാധിക്കുകയില്ല. മുൻകോപവും എടുത്തുചാട്ടവും അവളുടെ സ്വഭാവത്തിന്റെ ഭാഗമാണ്. അവളുടെ വിചിത്രമായ സ്വഭാവത്തെക്കുറിച്ച് മറ്റു കഥാപാത്രങ്ങളും ചിത്രത്തിൽ വിലയിരുത്തുന്നത് കാണാം. അതിർത്തി ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ഗാരേജിലാണ് അവൾ താമസിക്കുന്നത്. താൽക്കാലികമായി ഒരു താമസസ്ഥലം കണ്ടെത്താൻ മാർഗരറ്റ് തീരുമാനിക്കുന്നു. അതിനായി അവൾ സമീപിക്കുന്നത് മുൻകാമുകനായ ബെഞ്ചമിനെയാണ്. അർധമനസ്സോടെയാണെങ്കിലും അയാൾ അവളെ താമസിപ്പിക്കാൻ തയ്യാറാകുന്നു.
ദിവസങ്ങൾ മുന്നോട്ട് പോകെ വീട്ടിലേക്ക് തിരിച്ചെത്താനുള്ള മാർഗരറ്റിന്റെ ആഗ്രഹം ശക്തമാവുകയാണ്. എന്നാൽ അമ്മയോട് മാപ്പ് പറയണമെന്നാണ് അവൾ ആഗ്രഹിക്കുന്നുവെങ്കിലും അവൾക്കതിന് സാധിക്കുന്നില്ല. പിയാനോ കലാകാരിയായിരുന്ന ക്രിസ്റ്റീന കുടുംബത്തെ പോറ്റാൻ തന്റെ ഇരുപതാമത്തെ വയസ്സു മുതൽ പിയാനോ അധ്യാപികയായി മാറിയ ഒരാളാണ്. മകളുമായുള്ള സംഘർഷത്തിൽ ചെവിയ്ക്ക് സംഭവിച്ച അപകടത്തോടെ ക്രിസ്റ്റീനയ്ക്ക് ഇനിമുതൽ തന്റെ ജോലി തുടരാനാകില്ല. എന്നാൽ ഇത് മാർഗരറ്റ് അറിയുന്നത് പിന്നീടാണ്. അതിനിടെ ക്രിസ്റ്റീനയുടെ കഥാപാത്രത്തെക്കുറിച്ചുള്ള ഒരു യഥാർഥ ചിത്രം പേക്ഷകർക്ക് ലഭിക്കുന്നുണ്ട്. സംഗീതത്തിൽ കരിയർ കെട്ടിപ്പടുക്കാനായി മകളെ ചില സമയങ്ങളിൽ പ്രചോദിപ്പിക്കുകയും മറ്റു സമയങ്ങളിൽ അതിനെ വിലക്കുകയും ചെയ്യുന്നുണ്ട് ക്രിസ്റ്റീന.
ഒരുപാട് ചോദ്യങ്ങൾ മനസ്സിൽ അവശേഷിപ്പിക്കുകയും, ചിത്രത്തിലെ ചില സംഭവങ്ങൾക്ക് പരോക്ഷമായി വിശദീകരണം നൽകുകയും ചെയ്യുകയാണ് സംവിധായിക. വ്യക്തിബന്ധങ്ങളിലെ സങ്കീർണതയും സ്വാർഥതയും പ്രതീക്ഷയും സ്നേഹവും കാപട്യവുമെല്ലാം ഈ ചിത്രത്തിലെ ഒരോ കഥാപാത്രങ്ങളിലും കാണാനാകും.
Content Highlights: the line movie review, iffi 2022, iffi 2022 updates
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..