Photo: Reuters
ന്യൂഡല്‍ഹി: 2023 ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഈയിടെയാണ് പ്രഖ്യാപിച്ചത്. 15 അംഗ ടീമിനെ നയിക്കുന്നത് രോഹിത് ശര്‍മയാണ്. ടീം പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ സെലക്ഷന്‍ കമ്മിറ്റിയെ വിമര്‍ശിച്ചും അഭിനന്ദിച്ചും നിരവധി പേര്‍ രംഗത്തെത്തി.
ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ രണ്ട് താരങ്ങളെ ഉള്‍പ്പെടുത്താമായിരുന്നു എന്ന അഭിപ്രായവുമായി മുന്‍ ഇന്ത്യന്‍ സ്പിന്നറും ലോകകപ്പ് ജേതാവുമായ ഹര്‍ഭജന്‍ സിങ് രംഗത്തെത്തി. അര്‍ഷ്ദീപ് സിങ്ങും യൂസ്‌വേന്ദ്ര ചാഹലും സ്‌ക്വാഡിന്റെ ഭാഗമാകണമെന്നാണ് ഹര്‍ഭജന്റെ അഭിപ്രായം.
' എന്റെ അഭിപ്രായത്തില്‍ അര്‍ഷ്ദീപ് സിങ്ങിനെയും ചാഹലിനെയും ടീമില്‍ ഉള്‍പ്പെടുത്തണം. ഇടംകൈയ്യന്‍ പേസ് ബൗളറായ അര്‍ഷ്ദീപ് ന്യൂബോളില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന താരമാണ്. അദ്ദേഹത്തിന് പന്ത് അകത്തേക്ക് സ്വിങ് ചെയ്യിക്കാനാകും. വലംകൈയ്യന്‍ ബൗളര്‍മാര്‍ മോശമാണ് എന്നല്ല ഞാന്‍ ഉദ്ദേശിച്ചത്. പക്ഷേ ഇടംകൈയ്യന്മാര്‍ക്ക് പന്തെറിയുമ്പോള്‍ കൂടുതല്‍ വിക്കറ്റ് കിട്ടാന്‍ സാധ്യതയുണ്ട്. ഷഹീന്‍ അഫ്രീദിയുടെയും മിച്ചല്‍ സ്റ്റാര്‍ക്കിന്റെയും പ്രകടനം കണ്ടിട്ടില്ലേ?- ഹര്‍ഭജന്‍ പറഞ്ഞു.
ചാഹലിനെ പുറത്താക്കിയതിലും ഹര്‍ഭജന്‍ അതൃപ്തി അറിയിച്ചു. ചാഹല്‍ മത്സരം ജയിപ്പിക്കാന്‍ പോന്ന താരമാണെന്നും സ്പിന്നര്‍മാരില്‍ ഏറ്റവുമധികം വിക്കറ്റ് നേടിയ താരങ്ങളിലൊരാളായ ചാഹലിനെ പുറത്തിരുത്തിയത് ശരിയായില്ലെന്നും ഹര്‍ഭജന്‍ വ്യക്തമാക്കി. ' ചാഹല്‍ ടീമിലുണ്ടാവണമായിരുന്നു. ഞാന്‍ മാനേജ്‌മെന്റിന്റെ ഭാഗമായിരുന്നെങ്കില്‍ തീര്‍ച്ചയായും അദ്ദേഹത്തെ തിരഞ്ഞെടുത്തേനേ. നിര്‍ണായക ഘട്ടത്തില്‍ വിക്കറ്റ് വീഴ്ത്താന്‍ കെല്‍പ്പുള്ള സ്പിന്നറാണ് ചാഹല്‍. ടീമില്‍ വലംകൈയ്യന്‍ സ്പിന്നര്‍മാരില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു. അക്ഷറും ജഡേജയും ഒരിക്കലും ഒരേ മത്സരത്തില്‍ കളിക്കില്ല. ഒരു വലംകൈയ്യന്‍ സ്പിന്നര്‍ ആവശ്യമായിരുന്നു.' -ഹര്‍ഭജന്‍ കൂട്ടിച്ചേര്‍ത്തു.
15 അംഗ ടീമില്‍ മൂന്ന് ഇടംകൈയ്യന്‍ സ്പിന്നര്‍മാരാണ് ഇടം നേടിയത്. സ്പിന്നര്‍ എല്ലാവരും ഇടംകൈയ്യന്‍മാരും പേസ് ബൗളര്‍മാരെല്ലാവരും വലംകൈയ്യന്മാരുമാണ്.
Content Highlights: There are two people missing in this team says Harbhajan Singh on indian world cup team


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..