സ്പിന്നര്‍മാര്‍ക്കെന്താ ഈ ടീമില്‍ കാര്യം?


സന്തോഷ് വാസുദേവ്

2 min read
Read later
Print
Share

ഇന്ത്യ ക്രിക്കറ്റ് ലോകകപ്പില്‍ മുത്തമിട്ടപ്പോഴൊന്നും കാര്യമായ പങ്കുവഹിക്കാന്‍ സ്പിന്നര്‍മാര്‍ക്ക് കഴിഞ്ഞിട്ടില്ല

Photo: ANI

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ച് സ്പിന്നര്‍മാര്‍ അവിഭാജ്യഘടകമാണ്. വിദേശപിച്ചുകളില്‍പ്പോലും പലപ്പോഴും ഒന്നിലേറെ സ്പിന്നര്‍മാര്‍ ടീമിലിടം പിടിക്കാറുണ്ട്. എന്നാല്‍, ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമുകളിലെ സ്പിന്നര്‍മാരുടെ സംഭാവന നാമമാത്രമാണ്. പ്രത്യേകിച്ചും സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാരുടെ.

1983 ലോകകപ്പ്

ഇന്ത്യ ആദ്യമായി ഏകദിന ലോകകപ്പ് നേടിയ വര്‍ഷം. ഇംഗ്ലണ്ടിലും വെയില്‍സിലുമായി നടന്ന ടൂര്‍ണമെന്റില്‍ ഒരു സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍പോലും ടീമിലുണ്ടായിരുന്നില്ല. ടീമിലുണ്ടായിരുന്നത് ആകെ രണ്ട് സ്പിന്‍ ഓള്‍റൗണ്ടര്‍മാര്‍- രവിശാസ്ത്രിയും കീര്‍ത്തി ആസാദും. ഇരുവരുംകൂടി ആകെ ആറുമത്സരങ്ങളിലാണ് പന്തെറിഞ്ഞത്. കിട്ടിയതാകട്ടെ അഞ്ചുവിക്കറ്റും. ഇന്ത്യന്‍ ടീം ആകെ വീഴ്ത്തിയ 68 വിക്കറ്റില്‍ 38-ഉം നായകന്‍ കപില്‍ദേവ് ഉള്‍പ്പെട്ട ഫാസ്റ്റ്-മീഡിയം ഫാസ്റ്റ് ഓള്‍റൗണ്ടര്‍മാരുടെ വകയായിരുന്നു. 25 വിക്കറ്റുകള്‍ വേഗക്കാരായ ബല്‍വീന്ദര്‍ സന്ധുവിന്റെയും (8) മദന്‍ലാലി(17)ന്റെയും വകയും. സ്പിന്നര്‍മാരുടെ സംഭാവന 7.35 ശതമാനം മാത്രം.

2007 ടി-20 ലോകകപ്പ്

ദക്ഷിണാഫ്രിക്കയില്‍ നടന്ന ആദ്യ ട്വന്‍ി-20 ലോകകപ്പ് ഇന്ത്യ സ്വന്തമാക്കിയപ്പോള്‍ ആകെ വീഴ്ത്തിയ 47 വിക്കറ്റില്‍ എട്ട് വിക്കറ്റുകള്‍ മാത്രമാണ് സ്പിന്നര്‍മാരും സ്പിന്‍ ഓള്‍റൗണ്ടര്‍മാരുംകൂടി നേടിയത്. ഇതില്‍ ഏഴും മുഖ്യ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്ങിന്റെ വകയായിരുന്നു. വേഗബൗളര്‍മാരായ ആര്‍.പി. സിങ് (12), ശ്രീശാന്ത് (6), അഗാര്‍ക്കര്‍ (1) തുടങ്ങിയവര്‍ചേര്‍ന്ന് 19 വിക്കറ്റുകള്‍ വീഴ്ത്തി. ഓള്‍റൗണ്ടര്‍മാരും ഫാസ്റ്റ്-മീഡിയം ബൗളര്‍മാരുമായ ഇര്‍ഫാന്‍ പഠാനും (16) ജോഗീന്ദര്‍ ശര്‍മയും (4) ചേര്‍ന്ന് വീഴ്ത്തിയത് 20 വിക്കറ്റുകള്‍. സ്പിന്നര്‍മാരുടെ സംഭാവന 17.02 ശതമാനം മാത്രം.

2011 ലോകകപ്പ്

28 വര്‍ഷത്തിനുശേഷം വീണ്ടും ഇന്ത്യ ഏകദിന ലോകകപ്പ് നേടിയ വര്‍ഷം. ഇന്ത്യകൂടി ആതിഥേയത്വംവഹിച്ച ടൂര്‍ണമെന്റ്. ഇന്ത്യന്‍ ടീം ആകെ വീഴ്ത്തിയ 69 വിക്കറ്റുകളില്‍ 17 എണ്ണമാണ് സ്പിന്നര്‍മാര്‍ക്കു വീഴ്ത്താനായത്.

സംഭാവന 24.64 ശതമാനം മാത്രം. ഹര്‍ഭജന്‍ സിങ് (9), ആര്‍. അശ്വിന്‍ (4), പീയൂഷ് ചൗള (4) എന്നിവരാണ് ഇതു സ്വന്തമാക്കിയത്. ഇതില്‍ ഹര്‍ഭജന്‍ സിങ് മാത്രമാണ് ഇന്ത്യയുടെ എല്ലാമത്സരങ്ങളും കളിച്ചത്. ഫാസ്റ്റ്-മീഡിയം ഫാസ്റ്റ് ബൗളര്‍മാര്‍ ചേര്‍ന്ന് 35 വിക്കറ്റുകള്‍ വീഴ്ത്തി.

ഇതില്‍ 21 വിക്കറ്റുകള്‍ വീഴ്ത്തി സഹീര്‍ഖാന്‍ ടൂര്‍ണമെന്റില്‍ കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയവരില്‍ പാകിസ്താന്റെ ഷഹീദ് ആഫ്രിദിക്കൊപ്പം ഒന്നാമതെത്തി. ടീമിലെ ഓള്‍റൗണ്ടര്‍മാര്‍ചേര്‍ന്ന് 17 വിക്കറ്റുകള്‍ പിഴുതു. യുവ്‌രാജ് സിങ് ഇക്കൂട്ടത്തിലാണ്.

2023 ലോകകപ്പ്

വീണ്ടുമൊരു ലോകകപ്പ് എത്തുകയാണ്. അതും ഇന്ത്യയില്‍. ഇത്തവണ ടീമിലുള്ള ഏക സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍ കുല്‍ദീപ് യാദവ് മാത്രം.

ഓള്‍റൗണ്ടര്‍മാരായ രവീന്ദ്ര ജഡേജയും അക്ഷര്‍ പട്ടേലും സ്പിന്‍വിഭാഗത്തിലുണ്ട്. എന്തായാലും ഇത്തവണ ഇന്ത്യ വീണ്ടും കപ്പ് നേടുമോ എന്നതും അതില്‍ സ്പിന്നര്‍മാര്‍ കാര്യമായ സംഭാവന നല്‍കുമോ എന്നതും കണ്ടുതന്നെ അറിയണം.

Content Highlights: proper spinners and India s World Cup chances

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 


Most Commented