ഇടംകൈയന്‍മാര്‍ക്ക് ഇടമില്ലാത്തത് തലവേദന...


ടി.ജെ. ശ്രീജിത്ത്

2 min read
Read later
Print
Share

ലോകകപ്പില്‍ ഇന്ത്യക്ക് തലവേദനയാകാന്‍ പോകുന്നത് ടീമിലെ ഇടംകൈയന്‍ ബാറ്റര്‍മാരുടെ കുറവാണ്. ഇഷാന്‍ കിഷനെ ഏതു പൊസിഷനില്‍ ഇറക്കുമെന്നതും പ്രശ്‌നംസൃഷ്ടിക്കും

Photo: AP

ഇടംകൈയന്മാരുടെയും വലംകൈയന്മാരുടെയും ഇഴയടുപ്പമാണ് ക്രിക്കറ്റില്‍ ഒരു ടീമിനെ ജയത്തിലേക്കടുപ്പിക്കുന്നത്. ഏകദിന ലോകകപ്പില്‍ ഇന്ത്യ നേരിടാന്‍പോകുന്ന വലിയ പ്രശ്‌നം, ഇടത്തോട്ട് അധികം ചായാന്‍ കഴിയില്ലെന്നതാണ്.

രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലുമായിരിക്കും ഇന്ത്യയുടെ ഓപ്പണിങ് ബാറ്റര്‍മാര്‍. മൂന്നാമനായി വിരാട് കോലിയും നാലാമനായി ശ്രേയസ് അയ്യരും എന്നതാണ് നിലവിലെ പദ്ധതി. പിന്നീടാണ് ടീമിനെ ആശയക്കുഴപ്പത്തിലാക്കുന്ന തീരുമാനം വരുന്ന പൊസിഷന്‍. അഞ്ചാമനായി ഇഷാന്‍ കിഷനെ ഇറക്കണോ, കെ.എല്‍. രാഹുലിനെ ഇറക്കണോ... പരിചയസമ്പത്തിന്റെ പേരില്‍, രാഹുലിലേക്ക് ടീം പോകുമ്പോള്‍ സംഭവിക്കുക ടോപ് ഓര്‍ഡറില്‍ എവിടെയും ഇടംകൈയന്‍ ഇല്ലാതാകും എന്നതാണ്. ഹാര്‍ദിക് പാണ്ഡ്യക്കുശേഷം ഏഴാമനായി രവീന്ദ്ര ജഡേജ എത്തണം ഇടംകൈയനെ കാണാന്‍. അക്ഷര്‍ പട്ടേലിനെക്കൂടി കളിപ്പിക്കാന്‍ തീരുമാനിച്ചാല്‍ വാലറ്റത്ത് ഒരിടംകൈയനാകും. പക്ഷേ, അതില്‍ കാര്യമില്ല, ടോപ് ഓര്‍ഡറില്‍ ഒരു ഇടംകൈയന്‍ വന്നെങ്കിലേ ടീം സന്തുലിതമാകൂ.

ഏഷ്യാ കപ്പിലെ പ്രാഥമിക റൗണ്ടില്‍ പാകിസ്താനെതിരേ ഇന്ത്യയുടെ ടോപ് ഓര്‍ഡര്‍ തകര്‍ന്നപ്പോള്‍ ഇടകൈയനായ ഇഷാന്‍ വന്നതോടെയാണ് പാക് ബൗളിങ്ങിന് താളം നഷ്ടമായത്. ആരെ ബൗള്‍ ചെയ്യിക്കണമെന്നതില്‍ പാകിസ്താന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം ആശയക്കുഴപ്പത്തിലായി. എതിര്‍ടീമിലെ ബൗളര്‍മാരുടെ താളംതെറ്റിക്കാനാണ് ബാറ്റിങ്‌നിരയില്‍ ഇടംകൈയന്മാര്‍ അനിവാര്യമെന്നുപറയുന്നത്. വലംകൈയന്‍ ബാറ്റര്‍മാര്‍ മാത്രമാണ് ടോപ് ഓര്‍ഡറിലെങ്കില്‍ ഫീല്‍ഡ് സെറ്റുചെയ്ത് ഏതു ലൈനിലും ലെങ്തിലും എറിയണമെന്ന് ടീമിന് എളുപ്പത്തില്‍ തീരുമാനിക്കാനാകും. ഇടംകൈയന്മാര്‍ ഇടയില്‍ക്കയറിയാല്‍ ഫീല്‍ഡിങ് പൊസിഷനുകള്‍ ഇടയ്ക്കിടെ മാറ്റിക്കൊണ്ടിരിക്കുന്നതുള്‍പ്പടെയുള്ള തലവേദനകള്‍ അഭിമുഖീകരിക്കേണ്ടിവരും.

2011-ല്‍ ലോകകപ്പ് നേടിയ ഇന്ത്യയുടെ ബാറ്റിങ്‌നിരയില്‍ ഗൗതം ഗംഭീര്‍, യുവരാജ് സിങ്, സുരേഷ് റെയ്‌ന എന്നിങ്ങനെ മൂന്ന് ഇടംകൈയന്‍ ബാറ്റര്‍മാര്‍ ഉണ്ടായിരുന്നു. ഗംഭീര്‍ ടോപ് ഓര്‍ഡറിലും യുവരാജ് മധ്യനിരയിലും ഫിനിഷിങ് റോളില്‍ റെയ്‌നയും. 2015 ലോകകപ്പില്‍ ഇടംകൈയനായ ശിഖര്‍ ധവാന്‍ ഓപ്പണറായി ഉണ്ടായിരുന്നു. ഒപ്പം സുരേഷ് റെയ്‌നയും രവീന്ദ്ര ജഡേജയും. 2019 ലോകകപ്പില്‍ ശിഖര്‍ ധവാന്‍ ഓപ്പണറായി തുടക്കത്തിലുണ്ടായിരുന്നെങ്കിലും പരിക്കുമൂലം ഇടയ്ക്കുവെച്ച് പിന്‍വലിക്കേണ്ടിവന്നു.

പകരം ടീമിലെത്തിയത് മറ്റൊരു ഇടംകൈയനായ ഋഷഭ് പന്ത്. അപ്പോള്‍ ടോപ് ഓര്‍ഡറില്‍ ഇടംകൈയന്‍ ഇല്ലാതായി. മധ്യനിരയില്‍ രവീന്ദ്ര ജഡേജയായിരുന്നു മറ്റൊരു ഇടംകൈയനായി ഉണ്ടായിരുന്നത്. ഈ ലോകകപ്പില്‍ ഇന്ത്യന്‍ ഓപ്പണര്‍മാര്‍ തുടര്‍ച്ചയായി പരാജയപ്പെട്ടാല്‍ ഇഷാന്‍ ഓപ്പണിങ്ങില്‍ എത്താനും ഇടയുണ്ട്. അല്ലാതെ ഓപ്പണിങ്ങില്‍ പരീക്ഷണത്തിന് ടീം മാനേജ്‌മെന്റ് തയ്യാറായേക്കില്ല.

Content Highlights: lack of left handers in india squad for world cup 2023

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 


Most Commented