Photo: twitter.com/TheHockeyIndia
റൂര്‍ക്കേല: നാലുപതിറ്റാണ്ടിലേറെനീണ്ട കിരീടവരള്‍ച്ചയ്ക്ക് അറുതിവരുത്താമെന്ന പ്രതീക്ഷയോടെ ഇന്ത്യന്‍ ടീം ലോകകപ്പ് ഹോക്കിയില്‍ ആദ്യപോരാട്ടത്തിനിറങ്ങുന്നു. റൂര്‍ക്കേലയിലെ ബിര്‍സ മുണ്ട സ്റ്റേഡിയത്തില്‍ ഇന്ന് രാത്രി ഏഴുമണിക്ക് നടക്കുന്ന പോരാട്ടത്തില്‍ കരുത്തരായ സ്പെയിനാണ് എതിരാളി. ഹര്‍മന്‍പ്രീത് സിങ് നയിക്കുന്ന ഇന്ത്യന്‍ ടീമില്‍ മലയാളി താരം പി.ആര്. ശ്രീജേഷുമുണ്ട്. 1975-ല്‍ കിരീടം നേടിയതിനുശേഷം ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്താന്‍ ഇന്ത്യന്‍ ടീമിനായിട്ടില്ല.
എന്നാല്‍, ഇത്തവണ പ്രതീക്ഷയേറെയാണ്. 2019-ല്‍ ടീമിന്റെ ചുമതലയേറ്റെടുത്ത പരിശീലകന് ഗ്രഹാം റീഡിനു കീഴില്‍ ടീം അടിമുടി മാറിയിട്ടുണ്ട്.
നാലാം ലോകകപ്പില്‍ കളിക്കുന്ന ഗോള്‍ കീപ്പര്‍ പി.ആര്. ശ്രീജേഷ്, പ്രതിരോധത്തില്‍ നായകനും പെനാല്‍ട്ടി കോര്‍ണര്‍ വിദഗ്ധനുമായ ഹര്‍മന്‍പ്രീത് സിങ്, ഉപനായകന്‍ അമിത് രോഹിഡാസ്, മധ്യനിരയില്‍ മന്‍പ്രീത് സിങ്, ഹാര്‍ദിക് സിങ്, മുന്നേറ്റത്തില്‍ മന്ദീപ് സിങ്, ആകാഷ്ദീപ് സിങ് എന്നിവരിലാണ് ടീമിന്റെ പ്രതീക്ഷ.
1948-നുശേഷം സ്പെയിനുമായി 30 മത്സരങ്ങളാണ് ഇന്ത്യ കളിച്ചത്. ഇതില്‍ 13 എണ്ണത്തില്‍ ടീം ജയിച്ചു. 11 എണ്ണത്തില്‍ സ്പെയിന് ജയം നേടിയപ്പോള്‍ ആറെണ്ണം സമനിലയായി.
1971-ലും 1988-ലും റണ്ണറപ്പായ ചരിത്രമുള്ള സ്പെയിന് 2006-ല്‍ മൂന്നാമതെത്തിയിരുന്നു. ഇത്തവണ ടീമിനെ നയിക്കുന്നത് അല്‍വാരെ ലെഗ് ലെസിയാണ്. അര്‍ജന്റീനക്കാരായ മാക്സ് കാല്ഡെസാണ് പരിശീലകന്. പൂള് ഡി-യില്‍ ഇംഗ്ലണ്ട്, വെയ്ല്‍സ് ടീമുകളാണ് മറ്റ് എതിരാളികള്‍. മറ്റുമത്സരങ്ങളില്‍ അര്‍ജന്റീന ദക്ഷിണാഫ്രിക്കയെയും ഓസ്ട്രേലിയ ഫ്രാന്‍സിനെയും ഇംഗ്ലണ്ട് വെയ്ല്‍സിനെയും നേരിടും.
വര്‍ണാഭമായ ചടങ്ങുകളോടെയാണ് ലോകകപ്പിന്റെ ഉദ്ഘാടനം നടന്നത്. കട്ടക്കിലെ ബരാബതി സ്റ്റേഡിയത്തിലായിരുന്നു ഉദ്ഘാടനച്ചടങ്ങുകള്‍. ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്നായിക് ഉദ്ഘാടനം നിര്‍വഹിച്ചു. കേന്ദ്ര കായികവകുപ്പ് മന്ത്രി അനുരാഗ് ഠാക്കുര്‍, അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന് പ്രസിഡന്റ് തയ്യിബ് ഇക്രം എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ബോളിവുഡ് താരങ്ങളായ രണ്‍വീര്‍ കപൂര്‍, ദിഷ പഠാണി, ഗായകരായ ലിഷ മിശ്ര, ഷല്‍മാലി ഖോല്ഘാടോ, ബെന്നി ദയാല്‍ തുടങ്ങിയവര്‍ പരിപാടികള്‍ അവതരിപ്പിച്ചു.
Content Highlights: india vs spain hockey world cup 2023
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..