Photo: PTI
ഭുവനേശ്വര്‍: ആതിഥേയരായ ഇന്ത്യ ഹോക്കി ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്. ഞായറാഴ്ച നടന്ന ക്രോസ് ഓവര്‍ റൗണ്ട് മത്സരത്തില്‍ ന്യൂസീലന്‍ഡിനോട് പരാജയപ്പെട്ടതോടെയാണ് ഇന്ത്യ പുറത്തായത്. പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തില്‍ 4-5നായിരുന്നു ഇന്ത്യയുടെ തോല്‍വി. നിശ്ചിത സമയത്ത് മത്സരം 3-3ന് സമനിലയിലായതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്.
ഷൂട്ടൗട്ടില്‍ ന്യൂസീലന്‍ഡിനായി സീന്‍ ഫിന്‍ഡ്ലി രണ്ട് തവണയും നിക് വുഡ്സ്, ഹൈഡന് ഫിലിപ്സ്, സാം ലെയ്ന്‍ എന്നിവരും ലക്ഷ്യം കണ്ടു. ഇന്ത്യയ്ക്കായി രാജ് കുമാര്‍ പാല് രണ്ടു തവണയും ഹര്‍മന്‍പ്രീത് സിങ്, സുഖ്ജീത് സിങ് എന്നിവര്‍ക്കും മാത്രമാണ് ലക്ഷ്യം കാണാനായത്. ഷംഷെര്‍ സിങ്ങിന്റെ രണ്ട് കിക്കും പാഴായി.
മലയാളി താരവും ഗോള്‍കീപ്പറുമായ പി.ആര് ശ്രീജേഷിന് പരിക്കേറ്റതും ഇന്ത്യയ്ക്ക് തിരിച്ചടിയായി. കൃഷന് ബഹാദൂര്‍ പഥകാണ് ശ്രീജേഷിന് പകരം ഗോള്‍വല കാത്തത്.
നേരത്തെ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്ക് മുന്നിലെത്തിയ ശേഷമാണ് നിശ്ചിത സമയത്ത് ന്യൂസീലന്‍ഡിനെതിരേ ഇന്ത്യ സമനില വഴങ്ങിയത്. 17-ാം മിനിറ്റില്‍ ലളിത് കുമാര്‍ ഉപാധ്യായിലൂടെ മുന്നിലെത്തിയ ഇന്ത്യ, 24-ാം മിനിറ്റില്‍ സുഖ്ജീത് സിങ്ങിലൂടെ ലീഡുയര്‍ത്തി. പെനാര്‍റ്റി കോര്‍ണറിയില്‍ നിന്നായിരുന്നു ഗോള്‍. എന്നാല്‍ 28-ാം മിനിറ്റില്‍ സാം ലെയ്നിലൂടെ ന്യൂസീലന്‍ഡ് ആദ്യ ഗോള്‍ നേടി. പിന്നാലെ 40-ാം മിനിറ്റില്‍ അടുത്ത പെനാല്‍റ്റി കോര്‍ണര്‍ ലക്ഷ്യത്തിലെത്തിച്ച് വരുണ്‍ കുമാര്‍ ഇന്ത്യയുടെ നില ഭദ്രമാക്കിയിരുന്നു. പക്ഷേ 43-ാം മിനിറ്റില്‍ കെയ്ന്‍ റസ്സലും 49-ാം മിനിറ്റില്‍ സീന്‍ ഫിന്‍ഡ്ലിയും പെനാല്‍റ്റി കോര്‍ണറുകളില്‍ നിന്ന് ലക്ഷ്യം കണ്ടതോടെ കിവീസ് മത്സരം ഷൂട്ടൗട്ടിലേക്ക് നീട്ടുകയായിരുന്നു.
നേരത്തെ തോല്‍വിയറിയാതെ പൂള് ഡി മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഇന്ത്യക്ക് പക്ഷേ, ഗ്രൂപ്പില്‍ ഒന്നാമതെത്താനായിരുന്നില്ല. ഗോള്‍ വ്യത്യാസത്തില്‍ ഇംഗ്ലണ്ടാണ് ഗ്രൂപ്പ് ജേതാക്കളായി നേരിട്ട് ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയത്. ഇതോടെയാണ് ക്വാര്‍ട്ടറിലെത്താന്‍ ഇന്ത്യയ്ക്ക് ക്രോസ് ഓവര്‍ മത്സരം കളിക്കേണ്ടിവന്നത്.
Content Highlights: Hockey World Cup 2023 India eliminated after loss to New Zealand in penalty shootout
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..