Photo: Super cup media
കോഴിക്കോട്: 2023 സൂപ്പര്‍ കപ്പ് കിരീടം ഒഡിഷ എഫ്സിക്ക്. ചൊവ്വാഴ്ച കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ മുന്‍ ജേതാക്കളായ ബെംഗളൂരു എഫ്സിയെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഒഡിഷ സൂപ്പര്‍ കപ്പ് കിരീടത്തില്‍ മുത്തമിട്ടത്. ഒഡിഷയുടെ ആദ്യ സൂപ്പര്‍ കപ്പ് കിരീടനേട്ടമാണിത്. ടൂര്‍ണമെന്റില്‍ തോല്‍വി അറിയാതെയാണ് ഒഡിഷയുടെ കിരീടനേട്ടം.
ഐഎസ്എല്‍ പ്ലേഓഫില്‍ എടികെ മോഹന്‍ ബഗാനോട് തോറ്റ് പുറത്തായ ഒഡിഷ പക്ഷേ സൂപ്പര്‍ കപ്പില്‍ തകര്‍പ്പന്‍ മുന്നേറ്റമാണ് പുറത്തെടുത്തത്. ക്ലിഫോഡ് മിറാന്‍ഡയുടെ ടീം സൂപ്പര്‍ കപ്പിലെ കറുത്ത കുതിരകളായി. ഗ്രൂപ്പില്‍ ഐസോള്‍, ഹൈദരാബാദ് ടീമുകളെ തോല്‍പ്പിച്ചു. ഈസ്റ്റ് ബംഗാളുമായി സമനില നേടി. സെമിയില്‍ നോര്‍ത്ത് ഈസ്റ്റിനെ 3-1ന് തോല്‍പ്പിച്ച് ഫൈനലിലേക്ക്. കലാശപ്പോരില്‍ ബെംഗളൂരുവിനെതിരേ മികച്ച പ്രകടനം പുറത്തെടുത്ത് കിരീട നേട്ടവും. ഇതോടെ ഐഎസ്എല്‍ ഫൈനലിനു പിന്നാലെ സൂപ്പര്‍ കപ്പ് ഫൈനലും ബെംഗളൂരുവിന് നിരാശയായി.
ഇരട്ട ഗോളുകള്‍ നേടിയ ഡിയഗോ മൗറീഷ്യോയാണ് ഒഡിഷയ്ക്കായി തിളങ്ങിയത്. മറുവശത്ത് സെമിയില്‍ പരിക്കേറ്റ് പുറത്തായ ജാവിയര്‍ ഹെര്‍ണാണ്ടസിന്റെ അഭാവം ബെംഗളൂരുവിന്റെ മധ്യനിരയില്‍ നിഴലിച്ചു. സ്ട്രൈക്കര്‍ റോയ് കൃഷ്ണ തീര്‍ത്തും നിറംമങ്ങിയതും ടീമിന് തിരിച്ചടിയായി. എങ്കിലും ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധുവിന്റെ സേവുകളാണ് മത്സരത്തില്‍ ബെംഗളൂരുവിനെ കൂടുതല്‍ ഗോള്‍വഴങ്ങാതെ കാത്തത്. 85-ാം മിനിറ്റില്‍ പെനാല്‍റ്റി വലയിലെത്തിച്ച് ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയാണ് ബെംഗളൂരുവിന്റെ ആശ്വാസ ഗോള്‍ നേടിയത്.
കളിയുടെ തുടക്കത്തില്‍ ഇരു ടീമുകളും താളം കണ്ടെത്താന്‍ പാടുപെട്ടു. ആദ്യ മിനിറ്റുകളില്‍ ബെംഗളൂരു പന്ത് കൈവശം വെച്ച് കളിച്ചപ്പോള്‍ വിങ്ങുകളിലൂടെ മികച്ച മുന്നേറ്റങ്ങള്‍ നടത്താന്‍ ഒഡിഷയ്ക്കായി. 22-ാം മിനിറ്റില്‍ ഒഡിഷയ്ക്ക് മത്സരത്തിലെ ആദ്യ അവസരം ലഭിച്ചു. എന്നാല്‍ ഡിയഗോ മൗറീഷ്യോയുടെ ഷോട്ട് ബെംഗളൂരു ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ് രക്ഷപ്പെടുത്തി. 23-ാം മിനിറ്റില്‍ മത്സരത്തിലെ ആദ്യ ഗോളെത്തി. ബെംഗളൂരു ബോക്സിന് പുറത്തുനിന്ന് ലഭിച്ച ഫ്രീ കിക്ക് ഡിയഗോ മൗറീഷ്യോ വലയിലെത്തിക്കുകയായിരുന്നു. മൗറീഷ്യോയുടെ ഷോട്ട് പിടിച്ചെടുക്കാന്‍ ശ്രമിച്ച ഗുര്‍പ്രീതിന്റെ കൈയില്‍ നിന്നും പന്ത് വഴുതി വലയിലെത്തുകയായിരുന്നു. മത്സരത്തിനു മുമ്പ് പെയ്ത കനത്ത മഴയില്‍ മൈതാനത്തുണ്ടായ നനവ് ഗുര്‍പ്രീതിന് വിനയാകുകയായിരുന്നു.
പക്ഷേ ഗോള്‍വീണതോടെ ബെംഗളൂരു ഉണര്‍ന്നുകളിച്ചു. 29-ാം മിനിറ്റില്‍ മികച്ചൊരു മുന്നേറ്റത്തിനൊടുവില്‍ ഉദാന്ത സിങ് നല്‍കിയ മികച്ചൊരു ക്രോസ് സുനില്‍ ഛേത്രിക്ക് വലയിലെത്തിക്കാനായില്ല. തൊട്ടുപിന്നാലെ ഒഡിഷയുടെ ആക്രമണങ്ങള്‍ക്കും മൂര്‍ച്ചയേറി. 31-ാം മിനിറ്റില്‍ മൗറീഷ്യോയുടെ ഒരു ഹെഡര്‍ പോസ്റ്റിന് ഇഞ്ചുകളുടെ വ്യത്യാസത്തിലാണ് പുറത്തേക്ക് പോയത്.
തുടര്‍ന്ന് 38-ാം മിനിറ്റില്‍ ബെംഗളൂരുവിനെ ഞെട്ടിച്ച് ഒഡിഷയുടെ രണ്ടാം ഗോളെത്തി. വിക്ടര്‍ റോഡ്രിഗസ് ബോക്സിലേക്ക് നല്‍കിയ ക്രോസില്‍ നിന്ന് ജെറിയുടെ ഹെഡര്‍ പോസ്റ്റിന് തൊട്ടുമുന്നിലുണ്ടായിരുന്ന ഡിയഗോ മൗറീഷ്യോ ടാപ് ചെയ്ത് വലയിലെത്തിക്കുകയായിരുന്നു. മത്സരത്തില്‍ മൗറീഷ്യോയുടെ രണ്ടാം ഗോള്‍.
രണ്ടാം ഗോളിനു പിന്നാലെയും ഒഡിഷ ആക്രമണങ്ങള്‍ ശക്തമാക്കി. 40-ാം മിനിറ്റില്‍ ജെറിയുടെ ക്രോസില്‍ നിന്നുള്ള നന്ദകുമാറിന്റെ വോളി ഗുര്‍പ്രീത് രക്ഷപ്പെടുത്തി. ആദ്യ പകുതിക്ക് തൊട്ടുമുമ്പ് ഒഡിഷ മൂന്നാം ഗോളും നേടേണ്ടതായിരുന്നു, എന്നാല്‍ ജെറിയുടെ ഗോളെന്നുറച്ച ഷോട്ട് ക്രോസ്ബാറില്‍ തട്ടി പുറത്തേക്ക് പോകുകയായിരുന്നു.
രണ്ടാം പകുതിയില്‍ നംഗ്യാല്‍ ബൂട്ടിയ, ജയേഷ് റാണെ, ഉദാന്ത സിങ്, രോഹിത് കുമാര്‍, എന്നിവര്‍ക്ക് പകരം അലക്സാണ്ടര്‍ ജൊവാനോവിച്ച്, പാബ്ലോ പെരെസ്, പ്രബീര്‍ ദാസ്, ശിവശക്തി എന്നിവരെ കളത്തിലിറക്കി ബെംഗളൂരു ആക്രമണം ശക്തമാക്കി. പക്ഷേ രണ്ടാം പകുതിയില്‍ ആദ്യ അവസരം ലഭിച്ചത് ഒഡിഷയ്ക്കായിരുന്നു. 46-ാം മിനിറ്റില്‍ പന്തുമായി ഒറ്റയ്ക്ക് മുന്നേറിയ മൗറീഷ്യോയുടെ ഷോട്ട് ഗുര്‍പ്രീത് രക്ഷപ്പെടുത്തി.
രണ്ടാം പകുതിയില്‍ ഒഡിഷ ബോക്സിലേക്ക് ബെംഗളൂരു ആക്രമണങ്ങള്‍ അഴിച്ചുവിട്ടെങ്കിലും അതെല്ലാം ഒഡിഷ പ്രതിരോധത്തിന്റെ ഇടപെടലില്‍ നിഷ്പ്രഭമാവുകയായിരുന്നു. ഇതിനിടെ 83-ാം മിനിറ്റില്‍ ശിവശക്തിയെ അനികേത് യാദവ് ബോക്സില്‍ വീഴ്ത്തിയതിന് ബെംഗളൂരുവിന് അനുകൂലമായി പെനാല്‍റ്റി വിധിച്ചു. കിക്കെടുത്ത ക്യാപ്റ്റന്‍ സുനില്‍ ഛേത്രി ബെംഗളൂരുവിനായി ഒരു ഗോള്‍ മടക്കി. പിന്നാലെ സമനില ഗോളിനായി ബെംഗളൂരു കിണഞ്ഞ് ശ്രമിച്ചെങ്കിലും സാധിച്ചില്ല.
ടൂര്‍ണമെന്റിലെ മികച്ച താരമായി മൗറീഷ്യോ തിരഞ്ഞെടുക്കപ്പെട്ടു. നോര്‍ത്ത് ഈസ്റ്റിന്റെ വില്‍മ ജോര്‍ദാനാണ് ടൂര്‍ണമെന്റിലെ ടോപ് സ്‌കോറര്‍. ഏഴ് ഗോളുകളാണ് താരം അടിച്ചുകൂട്ടിയത്. ഫെയര്‍പ്ലേയ്ക്കുള്ള പുരസ്‌കാരം ഐസ്വാള്‍ എഫ്.സി സ്വന്തമാക്കി.
Content Highlights: odisha fc win hero super cup 2023 by beating bengaluru fc
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..