Photo: Super Cup Media
കോഴിക്കോട്: 2023 ഹീറോ സൂപ്പര്‍ കപ്പിന്റെ സെമി ഫൈനലില്‍ പ്രവേശിച്ച് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്. ഗ്രൂപ്പ് ഡിയിലെ നിര്‍ണായക മത്സരത്തില്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സിനെ മൂന്നിനെതിരേ ആറുഗോളുകള്‍ക്ക് തകര്‍ത്ത് ആധികാരികമായാണ് നോര്‍ത്ത് ഈസ്റ്റ് അവസാന നാലിലെത്തിയത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ മുംബൈ എഫ്.സി ചെന്നൈയിനെ തോല്‍പ്പിച്ചെങ്കിലും സെമി കാണാതെ പുറത്തായി.
കോഴിക്കോട് ഇ.എം.എസ് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റിനുവേണ്ടി വില്‍മര്‍ ജോര്‍ദാന്‍ നാല് ഗോളുകള്‍ നേടി തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു. ടൂര്‍ണമെന്റിലെ ആദ്യ ഹാട്രിക്ക് കുറിക്കാനും താരത്തിന് സാധിച്ചു. വില്‍മറിന് പുറമേ മലയാളി താരം ഗനി അഹമ്മദ് നോര്‍ത്ത് ഈസ്റ്റിനായി ഇരട്ട ഗോളുകള്‍ നേടി. ചര്‍ച്ചിലിനായി ഫെര്‍ണാണ്ടസ്, ചാവേസ്, ഇര്‍ഷാദ് എന്നിവര്‍ ലക്ഷ്യം കണ്ടു.
ഈ വിജയത്തോടെ മൂന്ന് മത്സരങ്ങളില്‍ നിന്ന് ആറുപോയന്റുമായി ഗ്രൂപ്പ് ഡി ചാമ്പ്യന്മാരായി നോര്‍ത്ത് ഈസ്റ്റ് സെമിയിലെത്തി.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് മുംബൈ ചെന്നൈയിനെ കീഴടക്കി. ആയുഷ് ചികാരയാണ് ടീമിനായി വിജയഗോള്‍ നേടിയത്. രണ്ട് മത്സരങ്ങളില്‍ നിന്ന് നാല് പോയന്റുണ്ടായിരുന്ന ചെന്നൈയ്ക്ക് വിജയിച്ചിരുന്നെങ്കില്‍ സെമിയിലെത്താമായിരുന്നു. വിജയത്തോടെ മുംബൈ ആറ് പോയന്റ് നേടിയെങ്കിലും ഗോള്‍വ്യത്യാസത്തിന്റെ ബലത്തില്‍ നോര്‍ത്ത് ഈസ്റ്റ് യോഗ്യത നേടുകയായിരുന്നു.
ഇതോടെ സൂപ്പര്‍ കപ്പിന്റെ സെമി ഫൈനല്‍ ലൈനപ്പായി. ആദ്യ സെമിയില്‍ ബെംഗളൂരു എഫ്.സി ജംഷേദ്പുര്‍ എഫ്.സിയെ നേരിടും. ഏപ്രില്‍ 21 ന് രാത്രി ഏഴുമണിക്ക് കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലാണ് മത്സരം. രണ്ടാം സെമിയില്‍ ഏപ്രില്‍ 22 ന് ഒഡിഷ എഫ്.സി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും. രാത്രി ഏഴുമണിക്ക് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണ് മത്സരം.
Content Highlights: north east united enter into the semi finals of hero super cup 2023
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..