പരിശോധന പേരിന് മാത്രം; വില്‍ക്കുന്നത്‌ പുഴുവരിക്കുന്ന മീനും പഴകിയ ഭക്ഷണവും


2 min read
Read later
Print
Share

പരിശോധന പേരിന് മാത്രമെന്ന് ആക്ഷേപം

പ്രതീകാത്മക ചിത്രം | വര. ബി.പ്രദീപ് കുമാർ

മാനന്തവാടി: ഭക്ഷ്യസുരക്ഷാവിഭാഗവും ആരോഗ്യവകുപ്പും ആരോഗ്യവിഭാഗവും പരിശോധനകള്‍ കര്‍ശനമാക്കുന്നെന്ന് പറയുമ്പോഴും മായംചേര്‍ന്നതും പുഴുവരിക്കുന്നതുമായ മീനുകള്‍ പലയിടങ്ങളിലും സുലഭം. ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലെന്ന ആവലാതിയാണ് ഭക്ഷ്യസുരക്ഷാവകുപ്പിനുള്ളത്. ഉദ്യോഗസ്ഥര്‍ നടത്തുന്ന പരിശോധനകള്‍ പ്രഹസനമാകുന്നെന്ന ആക്ഷേപം പരക്കെയുണ്ട്.

കഴിഞ്ഞ ദിവസം എടവക മാങ്ങലാടിയിലെ ഒരുവീട്ടില്‍ വിറ്റ മീനില്‍നിന്ന് പുഴുക്കളെ കണ്ടെത്തിയിരുന്നു. എല്ലാവിഭാഗവും പരിശോധന തകൃതിയായി നടത്തുന്നതിനിടെയാണിത്. വെള്ളമുണ്ടയിലെ ഒരു ചില്ലറ വില്‍പ്പനക്കാരനില്‍നിന്നാണ് വീട്ടുകാര്‍ മത്സ്യംവാങ്ങിയത്. മായംകലര്‍ത്തിയാല്‍ മീനിന്റെ പഴക്കം തിരിച്ചറിയില്ലെന്നതിനാല്‍ പല വില്‍പ്പനക്കാരും ചതിയില്‍പ്പെട്ട് ഗുണമേന്മയില്ലാത്ത മീനുകള്‍ വാങ്ങി വീടുകളിലെത്തിക്കുകയാണ്. മൊത്തക്കച്ചവടക്കാരുടെയും ഇടനിലക്കാരുടെയും ചൂഷണങ്ങള്‍ക്ക് ചില്ലറവില്‍പ്പനക്കാര്‍ വിധേയരാകുമ്പോള്‍ സാധാരണക്കാരന്റെ ആരോഗ്യമാണ് നഷ്ടമാകുന്നത്.

മാനന്തവാടിയിലെ മിക്ക ഹോട്ടലുകളിലും ഭക്ഷണം പാകംചെയ്യാനും മറ്റുമായി ജലഅതോറിറ്റിയുടെ വെള്ളത്തെയാണ് ആശ്രയിക്കുന്നത്. ചില ദിവസങ്ങളില്‍ ബ്ലീച്ചിങ് പൗഡര്‍ മണത്ത് വെള്ളം മുഖത്തോട് അടുപ്പിക്കാനാകില്ല. മഴ കനത്താല്‍ ജലഅതോറ്റിയുടെ പൈപ്പിലൂടെവരുന്ന വെള്ളവും കലങ്ങും. ഇത് മനസ്സിലാകാതിരിക്കാന്‍ ഹോട്ടലിലുള്ളവര്‍ ദാഹശമനിപ്പൊടിയും മറ്റുംചേര്‍ത്ത് നിറംമാറ്റിയ വെള്ളമാണ് നല്‍കുക. ചൂടുവെള്ളത്തില്‍ തിളപ്പിക്കാത്ത വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ചുകുടിക്കുന്നത് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നിരിക്കെ ഇതുതന്നെയാണ് എല്ലായിടത്തും നടക്കുന്നത്.

പരിശോധിക്കേണ്ടവര്‍ ഇതെല്ലാം കണ്ടില്ലെന്ന് നടിക്കുന്നതായാണ് ആക്ഷേപം.

പേരുകള്‍ മൂടിവെക്കുന്നു

തങ്ങളുടെ ആരോഗ്യത്തിന് ഹാനികരമായി ഭക്ഷണംനല്‍കുന്ന സ്ഥാപനങ്ങളുടെ പേരറിയാന്‍ പൊതുജനത്തിന് താത്പര്യമുണ്ടെങ്കിലും മിക്ക ഉദ്യോഗസ്ഥരും പേരുവിവരങ്ങള്‍ മറച്ചുവെക്കുന്നതായാണ് ആരോപണം. കഴിഞ്ഞ ദിവസം മാനന്തവാടി നഗരസഭയിലെ നാലുഹോട്ടലുകളില്‍നിന്ന് നഗരസഭാ ആരോഗ്യവിഭാഗം പഴകിയ ഭക്ഷണസാധനങ്ങള്‍ പിടികൂടിയിരുന്നു. എന്നാല്‍, ഉദ്യോഗസ്ഥര്‍ പേരുകള്‍ പുറത്തറിയിച്ചിട്ടില്ല. പേരുകളും മറ്റും പുറത്തറിയിച്ച് അത്തരം സ്ഥാപനങ്ങളെ ഗുണമേന്മയുള്ള ഭക്ഷണം വിതരണംചെയ്യുന്നതിന് സജ്ജരാക്കേണ്ട ഉദ്യോഗസ്ഥര്‍തന്നെ അനങ്ങാപ്പാറനയം സ്വീകരിക്കുന്നതായാണ് ആരോപണം. സ്ഥാപനങ്ങളുടെ പേരുകള്‍ മറച്ചുവെച്ച് ഇവരില്‍നിന്ന് ചില ഉദ്യോഗസ്ഥര്‍ സാമ്പത്തികനേട്ടമുണ്ടാക്കുന്നതായും ആരോപണമുണ്ട്.

കണ്ടാല്‍പെടയ്ക്കുന്ന മീന്‍, രുചിയില്‍ മാറ്റം

മാര്‍ക്കറ്റില്‍ നിരത്തിവെച്ചത് കാണുമ്പോള്‍ പെടയ്കുന്ന മീനാണെന്ന് തോന്നിക്കുമെങ്കിലും പഴകിയമീനുകള്‍ വില്‍ക്കുന്ന പ്രവണതയേറിവരുന്നുണ്ട്.

അര്‍ബുദത്തിന് കാരണമാകുന്ന ഫോര്‍മാള്‍ഡിഹൈഡ്, വായിലും തൊണ്ടയിലും വയറ്റിലും മുറിവുണ്ടാക്കുന്ന അമോണിയ തുടങ്ങിയവയാണ് മീന്‍ ദിവസങ്ങളോളം കേടുകൂടാതിരിക്കാന്‍ ഉപയോഗിക്കുന്നത്. പാകംചെയ്തുകഴിക്കുമ്പോള്‍ രുചിവ്യത്യാസമുണ്ടാകുമ്പോഴാണ് കബളിക്കപ്പെട്ടതായി ഉപഭോക്താക്കള്‍ക്ക് മനസ്സിലാകുക. ഇപ്പോള്‍ ലഭിക്കുന്നവയില്‍ ഉള്ളവയില്‍ ഗുണമുള്ളതെന്ന് തോന്നുന്നത് മത്തിയാണെന്ന് വീട്ടമ്മമാര്‍ പറയുന്നു. അതുകൊണ്ടുതന്നെ അതിന് ആവശ്യക്കാരുമേറെയാണ്. കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍നിന്നാണ് മത്തി കൂടുതലായും എത്തുന്നത്. 160 മുതല്‍ 200 രൂപവരെയാണ് ഇപ്പോള്‍ ഒരുകിലോ മത്തിയുടെ വില.

കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍നിന്നും തമിഴ്നാട്, മംഗളൂരു എന്നിവിടങ്ങളില്‍ നിന്നുമാണ് ജില്ലയിലേക്ക് മീനെത്തുന്നത്. ആരോഗ്യത്തിന് നല്ലതെന്ന് കരുതി വാങ്ങിക്കഴിക്കുന്ന മീനുകള്‍ അനാരോഗ്യമുണ്ടാക്കുമോ എന്ന പേടിയാണ് ജനങ്ങള്‍ക്കുള്ളത്. ആത്മാര്‍ഥമായി നടത്തുന്ന പരിശോധനകള്‍ കൊണ്ടുമാത്രമേ മായം കലര്‍ത്തി മീനുകള്‍ വില്‍ക്കുന്നത് തടയാന്‍ സാധിക്കുകയുള്ളൂ.

Content Highlights: contaminated fish, stale food, healthy food, inspection, food, world food safety day 2022

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 


Most Commented