പ്രതീകാത്മക ചിത്രം (Photo: Biju C.)
തിരുവനന്തപുരം: വില്‍പ്പനയ്‌ക്കെത്തുന്ന മീനില്‍ സ്വാഭാവികമായി ഉണ്ടാകുന്ന ഫോര്‍മാല്‍ഡിഹൈഡ് സാന്നിധ്യത്തിന് അളവ് നിശ്ചയിച്ച് ഭക്ഷ്യസുരക്ഷാ ഗുണനിലവാര അതോറിറ്റി. ഇതരസംസ്ഥാനങ്ങളില്‍നിന്നെത്തുന്ന മീനില്‍ ഫോര്‍മാലിന്‍ ചേര്‍ക്കുന്നുവെന്ന ആക്ഷേപം നിലനില്‍ക്കുന്നതിനിടെയാണിത്.
ഫോര്‍മാലിന്‍ കണ്ടെത്തിയാല്‍ അത് തങ്ങള്‍ ചേര്‍ത്തതല്ലെന്ന വാദമുയരാറുണ്ട്. അതിനുതടയിടാനാണ് അളവ് നിശ്ചയിച്ചത്. ഫോര്‍മാല്‍ഡിഹൈഡില്‍നിന്നാണ് ഫോര്‍മാലിന്‍ നിര്‍മിക്കുന്നത്. 37 മുതല്‍ 40 വരെ ശതമാനം ഫോര്‍മാല്‍ഡിഹൈഡ് അടങ്ങിയതാണ് നൂറുശതമാനം ഫോര്‍മാലിന്‍ ലായനി.
മീനില്‍ ഉള്‍പ്പെടെ ചെറിയതോതില്‍ ഫോര്‍മാല്‍ഡിഹൈഡ് സ്വമേധയാ ഉണ്ടാകാറുണ്ടെന്നും അവ പരിശോധനയില്‍ ഫോര്‍മാലിന്‍ സാന്നിധ്യമായി കണ്ടെത്താറുണ്ടെന്നും വിദഗ്ധര്‍ പറയുന്നു. ഇതിന്റെ മറവില്‍ മീനില്‍ ഫോര്‍മാലിന്‍ ലായനി തളിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഫോര്‍മാല്‍ഡിഹൈഡിന്റെ സാന്നിധ്യത്തിന് കേന്ദ്ര ഭക്ഷ്യസുരക്ഷാ ഗുണനിലവാര അതോറിറ്റി പരിധി നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്.
കടല്‍മത്സ്യങ്ങള്‍ക്കും ശുദ്ധജലമത്സ്യങ്ങള്‍ക്കും ഫോര്‍മാല്‍ഡിഹൈഡിന് അളവ് നിശ്ചയിച്ചിട്ടുണ്ട്. പൊതുവേ ഭക്ഷ്യാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന മത്സ്യങ്ങളില്‍ പരമാവധി അനുവദനീയമാകുന്ന അളവ് കിലോഗ്രാമിന് നാല് മില്ലിഗ്രാമാണ്.
ഭക്ഷണത്തിന് ഉപയോഗിക്കാത്ത കടല്‍ വരാലില്‍ ഇത് എട്ടു മില്ലിഗ്രാമായും നിശ്ചയിച്ചിട്ടുണ്ട്. തണുപ്പില്‍ സൂക്ഷിക്കുന്ന കടല്‍മത്സ്യ ഉത്പന്നങ്ങളില്‍ ഫോര്‍മാല്‍ഡിഹൈഡിന്റെ അളവ് കിലോഗ്രാമിന് നൂറുമില്ലിഗ്രാം വരെ ആകാമെന്നും ഭക്ഷ്യസുരക്ഷാ അതോറിറ്റി പറയുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..