വരുന്നു ഭക്ഷണവില്‍പ്പനശാലകളില്‍ ഓഡിറ്റിങും റേറ്റിങ്ങും; ഫലം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും


2 min read
Read later
Print
Share

സംസ്ഥാനത്തെ 500 സ്ഥാപനങ്ങളുടെ ഓഡിറ്റിങ് പൂര്‍ത്തിയായിട്ടുണ്ട്.

പ്രതീകാത്മക ചിത്രം | Photo: Grihalakshmi

കുന്നംകുളം: ഹോട്ടല്‍, ബേക്കറി, മത്സ്യ-മാംസ വില്‍പ്പനശാലകള്‍ തുടങ്ങിയവയ്ക്ക് നക്ഷത്രപദവി നിശ്ചയിക്കുന്നു. ഒന്നുമുതല്‍ അഞ്ചുവരെയുള്ള പദവികളനുസരിച്ച് ഓരോ സ്ഥാപനത്തിന്റെയും ഗുണനിലവാരം അറിയാം. ഭക്ഷ്യസുരക്ഷാവകുപ്പിന്റെ അംഗീകാരമുള്ള ഏജന്‍സികളാണ് ഓഡിറ്റിങ് നടത്തുന്നത്. അടുക്കള, ശുചിത്വം, ഭക്ഷണത്തിന്റെ ഗുണനിലവാരം, ശുചിത്വപരിപാലനം തുടങ്ങി 48 കാര്യങ്ങള്‍ പരിശോധിച്ചാണ് നക്ഷത്രപദവി നല്‍കുന്നത്. ഇത് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതോടെ ഭക്ഷണം കഴിക്കുകയോ വാങ്ങിക്കുകയോ ചെയ്യുന്നവര്‍ക്ക് റേറ്റിങ് നോക്കി മികച്ച നിലവാരമുള്ള ഭക്ഷണശാലകള്‍ തിരഞ്ഞെടുക്കാം.

കോവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച പരിശോധനകളാണ് വീണ്ടും തുടങ്ങിയിട്ടുള്ളത്. സംസ്ഥാനത്തെ 500 സ്ഥാപനങ്ങളുടെ ഓഡിറ്റിങ് പൂര്‍ത്തിയായിട്ടുണ്ട്. സ്ഥാപനങ്ങളിലെ പരിശോധനാസമയത്തെടുക്കുന്ന ചിത്രങ്ങള്‍, വീഡിയോകള്‍ തുടങ്ങിയവ പരിശോധിച്ചാണ് ഫുഡ് സേഫ്റ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യ റേറ്റിങ് നല്‍കുന്നത്. രണ്ടുവര്‍ഷമാണ് കാലാവധി. സര്‍ട്ടിഫിക്കറ്റ് നല്‍കിയാലും നിശ്ചിത ഇടവേളകളില്‍ നിബന്ധനകള്‍ പാലിക്കുന്നുണ്ടോയെന്നും ഉറപ്പാക്കും.

പ്രധാന നഗരങ്ങളിലെ തിരക്കുള്ള സ്ഥാപനങ്ങള്‍ തിരഞ്ഞെടുത്താണ് ആദ്യഘട്ടത്തില്‍ പരിശോധന നടത്തുന്നത്. പോരായ്മകള്‍ പരിഹരിക്കാന്‍ സമയം നല്‍കും. ജീവനക്കാര്‍ക്ക് ഭക്ഷ്യസുരക്ഷാരംഗത്ത് പ്രാവീണ്യം നേടിയവര്‍ പരിശീലനവും നല്‍കും. ഹോട്ടല്‍, റെസ്റ്റോറന്റ്, ബേക്കറി, കാറ്ററിങ് തുടങ്ങിയ രംഗത്തുള്ള സംഘടനകളും ഇതിന് പിന്തുണ നല്‍കുന്നുണ്ട്.

മിനിസ്റ്റീരിയല്‍ ജീവനക്കാര്‍ പുറത്ത്

ഷവര്‍മ കഴിച്ചുള്ള മരണവും ഭക്ഷ്യവിഷബാധയേല്‍ക്കുന്ന പരാതിയും വര്‍ധിച്ചതോടെയാണ് ഭക്ഷ്യസുരക്ഷാവകുപ്പിന്റെ പരിശോധനകള്‍ കാര്യക്ഷമമാകുന്നത്. തുടര്‍പരിശോധനകള്‍ നടത്താന്‍ ജീവനക്കാരില്ലെന്നാണ് മുതിര്‍ന്ന ഓഫീസര്‍മാരുടെ പരാതി. എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനും പരിശോധനകള്‍ നടത്തുന്നതിനും വകുപ്പിലെ മിനിസ്റ്റീരിയല്‍ വിഭാഗം ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തി സ്പെഷ്യല്‍ സ്‌ക്വാഡ് രൂപവത്കരിക്കാന്‍ ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ ഉത്തരവിട്ടിട്ടുണ്ട്.

എന്നാല്‍, ഓഫീസര്‍മാര്‍ നടത്തുന്ന പരിശോധനകളോ തുടര്‍നടപടികളോ അറിയിക്കുന്നില്ലെന്നാണ് മിനിസ്റ്റീരിയല്‍ വിഭാഗം ജീവനക്കാര്‍ പറയുന്നത്. വിജിലന്‍സ് സ്‌ക്വാഡുകള്‍ സര്‍ക്കിള്‍ ഓഫീസുകളില്‍ പരിശോധനയ്‌ക്കെത്തുമ്പോള്‍ മറുപടി നല്‍കേണ്ടിവരുന്നതും ഈ വിഭാഗമാണ്.

ഭക്ഷണവിതരണരംഗത്ത് വിവേചനം പാടില്ല

ഭക്ഷണവിതരണമേഖലയെ അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയര്‍ത്തുന്നത് നല്ലതാണ്. നിയമത്തിനനുസരിച്ച് ജീവനക്കാര്‍ക്ക് പരിശീലനം നല്‍കി സ്ഥാപനം മെച്ചപ്പെടുത്താന്‍ സഹകരിക്കുന്നുണ്ട്. ഒരു മാനദണ്ഡവും പരിശീലനവുമില്ലാതെ ഭക്ഷണമുണ്ടാക്കി വില്‍ക്കുന്നവരുണ്ട്. ഇത്തരക്കാര്‍ക്ക് വാടകയും നികുതിയുമൊന്നും വേണ്ട. നിയമത്തിന് പിടികൊടുക്കാത്ത ഭക്ഷണസംസ്‌കാരരീതി വളര്‍ത്തുന്നത് ശരിയല്ല. ഭക്ഷണവിതരണരംഗത്ത് രണ്ടുതരത്തിലുള്ള നീതി പാടില്ല.

- സി. ബിജുലാല്‍,

സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ്, കേരള ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്‍

Content Highlights: auditing and star rating food, food, healthy food, world food safety day 2022

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 


Most Commented