ആസ്‌റ്റെക് സ്‌റ്റേഡിയത്തില്‍ നിന്ന് മാറഡോണ കണ്‍മുന്നിലെത്തിയ നിമിഷം 


1986 ലോകകപ്പിൽ കിരീടം നേടിയ അർജന്റീനയുടെ ആഘോഷം | Photo:Getty Images

(ഖത്തര്‍ ലോകകപ്പിനോട് അനുബന്ധിച്ച് മാതൃഭൂമി ഡോട്ട് കോം വായനക്കാര്‍ക്കായി നടത്തിയ മത്സരത്തില്‍ മൂന്നാം സ്ഥാനം നേടിയ അനില്‍ കാവുങ്കലിന്റെ കുറിപ്പ്. ലോകകപ്പില്‍ കണ്ടിട്ടുള്ള ഏറ്റവും മികച്ച മത്സരത്തെ കുറിച്ച് കുറിപ്പ് എഴുതുന്നതായിരുന്നു മത്സരം)

മധുരമുള്ള ഓര്‍മ്മകള്‍ എപ്പോഴും നമ്മെ തൊട്ടുണര്‍ത്തിക്കൊണ്ടേയിരിക്കും. കാല്‍പനികമായ സ്മരണകളുടെ അക്ഷയഖനിയില്‍ കാല്‍പ്പന്ത് മാമാങ്കത്തിന്റെ മനോഹര കേളീശൈലികളുടെ കാഴ്ചാനുഭവങ്ങള്‍ക്കൊപ്പം വിരഹത്തിന്റെയും നഷ്ടബോധത്തിന്റെയും മൂര്‍ച്ചയുള്ള സ്ഫടിക ശകലങ്ങള്‍കൂടി ഒരു സുഖമുള്ള വേദനയായ് ഉള്‍ചേര്‍ന്നിരിക്കുന്നു. ഗതകാല സ്മരണയുടെ ഗൃഹാതുരത്വത്തില്‍ മുങ്ങിപ്പൊങ്ങി ഈ കളിയനുഭവം കുത്തിക്കുറിക്കുമ്പോള്‍ അന്ന് ഞാനാകുന്ന പതിമൂന്നു വയസുകാരന്റ കൊച്ചു മനസ്സിലെ ഫുടബോളിന്റെ രാജകുമാരനെപ്പറ്റി ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍, ജനാലയിലൂടെ മുറിയെലേക്കെത്തുന്ന അന്തിവെയിലിന്റെ പൊന്‍ കിരണങ്ങള്‍ അരുണാഭമാകുന്നു.

അത് മുപ്പത്തിയാറ് വര്‍ഷങ്ങള്‍ക്കു മുന്‍പായിരുന്നു. 1986 ജൂണിലെ ആ നനഞ്ഞ രാത്രി. അന്ന് രാത്രിക്ക് ഏഴഴകുണ്ടായിരുന്നു. ലോക ഫുട്‌ബോളിലെ പവര്‍ ഹൗസ് എന്നറിയപ്പെടുന്ന അതിശക്തരായ ജര്‍മന്‍ പടക്കെതിരെ അര്‍ജന്റീനയുടെ രാജകുമാരന്‍ തന്റെ ശരാശരിക്കാരായിരുന്ന കുട്ടികളെയും കൊണ്ട് പടക്കിറങ്ങുന്നു.

മെക്‌സിക്കോ 86 ലോകകപ്പ് ഫുട്‌ബോളിന്റെ ഫൈനല്‍. ആസ്‌റ്റെക് സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ ഒരു ലക്ഷത്തി പതിനാലായിരം കാണികള്‍ കടലലമാലകള്‍ പോലെ ഇരമ്പിയാര്‍ത്തു. കാണികളെയും, ലോകമെമ്പാടും ടെലിവിഷന് മുന്നിലിരിക്കുന്ന പ്രേക്ഷകരെയും ആകാംഷയുടെ മുള്‍മുനയിലേക്കു ആനയിച്ചുകൊണ്ട് സ്റ്റാര്‍ട്ടിങ് വിസില്‍ മുഴങ്ങി. കാര്‍ലോസ് ബില്ലാര്‍ഡോ എന്ന പ്രതിഭാശാലി പരിശീലിപ്പിച്ച അര്‍ജന്റൈന്‍ പച്ചക്കുതിരകള്‍ അശ്വമേധം തുടങ്ങി. മറുവശത്ത് ആരേയും ഡീ മോറലൈസ് ചെയ്ത് നശിപ്പിക്കാന്‍ കഴിവുള്ള ജര്‍മന്‍ ബ്രിഗേഡിന്റെ ബൂട്ടുകള്‍ മൈതാനത്തെ ഞെരിച്ചുകൊണ്ട് ചലിച്ചുതുടങ്ങി.

74ലേ ലോകകപ്പ് ഫേവറിറ്റുകളായ, ടോട്ടല്‍ ഫുട്‌ബോളിന്റെ ശക്തി സൗന്ദര്യങ്ങളെ കാലില്‍ ആവാഹിച്ച, അര്‍ജന്റീനയേയും ലോകചാമ്പ്യന്‍മാരായ ബ്രസീലിനേയും തകര്‍ത്തെറിഞ്ഞു ഫൈനലില്‍ പ്രവേശിച്ച ലോകോത്തര ഫുട്‌ബോളര്‍ ആയ, 'യോഹാന്‍ ക്രൈഫ്' ന്റെ ഹോളണ്ടിനെ, അടിയറവു പറയിച്ച ജര്‍മന്‍ ടീം. ആ ജര്‍മന്‍ ടീമിനെ നയിച്ച, ബോംബര്‍ മുള്ളര്‍ (ഗേര്‍ഡ് മുള്ളര്‍, ),പോള്‍ ബ്രൈറ്റ്‌നര്‍, പിന്നെ സാക്ഷാല്‍ കൈസര്‍ ബെക്കന്‍ ബോവര്‍, എന്നിവരുടെ സിംഹാസനങ്ങളുടെ നേരവകാശികളായ റുമാനിഗേയും, ആന്ദ്രേയാസ് ബ്രയ്മേയും, ലോഥര്‍ മത്തേയസും നയിക്കുന്ന ജര്‍മന്‍ ടീമിന്റെ മുന്നേറ്റം
ഹിറ്റ്‌ലറുടെ സര്‍വ്വ സൈന്യാധിപനായിരുന്ന ജനറല്‍ ഗുഡേറിയന്‍ നയിക്കുന്ന, മിന്നലാക്രമണത്തിലൂടെ ശത്രുവിന് തിരിച്ചറിയാന്‍ ആകുന്നതിനു മുന്‍പ് തന്നെ നാശം വിതക്കുന്ന പാന്‍സര്‍ ഡിവിഷനേ ഓര്‍മ്മിപ്പിച്ചു..

ഫെലിക്‌സ് മാഗത്തും,ആന്ദ്രേയാസ് ബ്രെയ്മേയും, ലോതര്‍ മത്തേയസും അടങ്ങുന്ന മിഡ്ഫീല്‍ഡ് വാഗണ്‍ വീലും, കാള്‍ ഹെയ്ന്‍സ് റുമാനിഗെയും, ജേക്കബ്സും റൂഡി വോളറും അടങ്ങുന്ന ജര്‍മന്‍ മുന്നേറ്റനിരയും അപ്രതിഹതമായിരുന്നു. ഗോള്‍വല കാക്കാനായി സമര്‍ത്ഥനായ ജര്‍മന്‍ ഗോളി ഷുമാക്കര്‍. എതിരാളികളെ നിലംപരിശാക്കിക്കൊണ്ടാണ് അവര്‍ ഫൈനലില്‍ എത്തിയത്.

മറുവശത്ത് ആത്മവിശ്വാസത്തിന്റ ആള്‍രൂപമായ മാറഡോണ നയിക്കുന്ന ഒരുപറ്റം ശരാശരിക്കാര്‍ കൈ മെയ് മറന്നു പൊരുതി. ലാറ്റിനമേരിക്കന്‍ ശൈലി സൗന്ദര്യത്തെ കശക്കി എറിയാനായി ജര്‍മന്‍കാര്‍ തുടക്കത്തിലേ പ്ലാനിട്ടു. ആന്‍ഡ്രിയാസ് ബ്രെയ്മേയെയും, നോബര്‍ട് എഡ്ഢറെയും കൂടെ നിര്‍ത്തി കാള്‍ ഹെയ്ന്‍സ് ഫോസ്റ്റര്‍ സെന്‍ട്രല്‍ ഡിഫെന്‍സില്‍ ഉറച്ചുകൊണ്ട് ഡിഫന്‍ഡര്‍ ആയ പീറ്റര്‍ ബ്രീഗിളിനെ മുന്നേറ്റ നിരയില്‍ കയറ്റിക്കളിപ്പിച്ചത് ഇതിന് ഉദാഹരണമായിരുന്നു. ഡിഫെന്‍ഡര്‍ ആയും മിഡ്ഫീല്‍ഡര്‍ ആയും ഒരേസമയം തിളങ്ങാന്‍ ശേഷി ഉണ്ടായിരുന്ന കരുത്തനായ ലോതര്‍ മത്തേയസിന്റെ ജോലി മാറഡോണയെ ഏത് വിധേനയും പൂട്ടുക എന്നതായിരുന്നു. ജര്‍മന്‍ കോച്ച് മഹാനായ ബെക്കന്‍ബോവര്‍ മത്തേയസിനെ നേരത്തെ തന്നെ അതിന് തയ്യാറാക്കിയിരുന്നു. മത്തേയസിന്റെ ദയാ രഹിതമായ ട്രാക്‌ളിങ്ങുകള്‍ക്ക് ഫോസ്റ്ററുടെ സഹായവും ഉണ്ടായിരുന്നു. പക്ഷേ മറഡോണയുടെ കരുത്തിനും വേഗത്തിനും മുന്നില്‍ ആ തന്ത്രങ്ങള്‍ കൂടുതല്‍ വിലപ്പോയില്ല.

വേഗതയുടെയും കരുത്തിന്റെയും പ്രതിഭയുടെയും, എന്നപോലെ , മനോബലത്തിന്റെയും ബുദ്ധിയുടെയും കൂടി ഗെയിം ആണ് ഫുട്‌ബോള്‍. ഒരു ചെസ്സ് ചാമ്പ്യന് എതിരാളിയുടെ നീക്കങ്ങളെ മുന്‍കൂട്ടി കണ്ട് തന്റെ അടുത്ത നാലോ അഞ്ചോ നീക്കങ്ങള്‍ പ്ലാന്‍ ചെയ്യാന്‍ കഴിവുണ്ടായിരിക്കണം എന്ന പോലെ ഒരു ഫുട്ബാള്‍ മിഡ്ഫീല്‍ഡ് ജനറലിന് തൊട്ടടുത്ത എട്ടു പത്തു സെക്കന്റ്കളില്‍ എന്താണ് സംഭവിക്കുവാന്‍ സാധ്യത എന്ന് തിരിച്ചറിയാന്‍ ഉള്ള സെന്‍സും, അതിനനുസരിച്ചു കളി മെനഞ് അരങ്ങു ഭരിക്കാനുള്ള കഴിവും ഉണ്ടായിരിക്കണം. ഈ കഴിവുകള്‍ എല്ലാം ജന്മസിദ്ധമായി ഒരു ശരീരത്തില്‍ ഒത്തുകൂടിയ അദ്ഭുതമായിരുന്നു ഡീഗോ മറഡോണ. അതിശക്തമായ ടാക്കിളുകളെ അതിജീവിച്ചുകൊണ്ട് ആ ബൂട്ടുകള്‍ മൈതാനത്തു പ്രഹരവാഴ്ച നടത്തി. അതിന്റെ ഉത്തമ ഉദാഹരണമാണ് ബറൂച്ചാഗയെ മുന്നിലേക്ക് വിട്ട ശേഷം കളിയുടെ 86-ാം മിനിറ്റില്‍ ജര്‍മന്‍കാരുടെ കയ്യില്‍ നിന്നും പന്ത് തട്ടിയെടുത്തു ഒരു ഷോര്‍ട്ട് റേഞ്ച് ഹെഡ്ഡറിലൂടെ വലതു വിങ്ങില്‍ സഹകളിക്കാരന് നല്‍കി, അയാളില്‍ നിന്നും ഉടന്‍തന്നെ അത് തിരികെ സ്വീകരിച്ചു മുന്നേറ്റ നിരയില്‍ മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ബറൂച്ചാഗക്ക് നീട്ടി അളന്നു കുറിച്ചു ഉഗ്രന്‍ പാസ്സ് നല്‍കിയത്. ആ നീക്കം അയാളുടെ പ്രതിഭയ്ക്ക് കയ്യൊപ്പ് ചാര്‍ത്തിയ സംഭവം ആയിരുന്നു. അപ്പോഴും പന്തുമായി കുതിക്കാന്‍ സാധ്യതയുള്ള മാറഡോണയെ പൂട്ടാനായി ചുറ്റിലും മൂന്ന് പേര്‍ ഉണ്ടായിരുന്നു. പക്ഷേ ജര്‍മന്‍ പടക്ക് എന്താണ് സംഭവിച്ചത് എന്ന് തിരിച്ചറിവ് വന്നപ്പോഴേക്കും ഷൂമാക്കറെ മറികടന്ന ബറൂച്ചാഗയുടെ കിടിലന്‍ ഷോട്ട് ജര്‍മ്മന്‍ ഗോള്‍വല ചലിപ്പിച്ചിരുന്നു.

മാറഡോണയെ അമിതമായി ശ്രദ്ധിച്ചതുകൊണ്ടുതന്നെ ജര്‍മ്മന്‍ മിഡ്ഫീല്‍ഡ് വാഗണ്‍ വീല്‍ ചെറുതായി ഒന്ന് പാളം തെറ്റിയപ്പോള്‍, രണ്ടാം പകുതിയില്‍ സെന്‍ട്രല്‍ ഡിഫന്‍സില്‍ നിന്നും ആക്രമണനിരയിലേക്ക് ഫോസ്റ്റര്‍ രണ്ടും കല്‍പിച്ചു കയറി കളിച്ചതും മൂലം ഡിഫന്‍സിനു അധികഭാരം വന്നു ചേര്‍ന്നു. ആ വിടവിലൂടെ കുതിച്ചു കയറാന്‍ മാറഡോണയുടെ കൂട്ടുകാര്‍ക്കായി. ആദ്യ പകുതിയില്‍ മാറഡോണയെ അമിതമായി ലക്ഷ്യം വെച്ച് ഫൗള്‍ ചെയ്തതിന്റെ ഫലമായി കിട്ടിയ കോര്‍ണറിലൂടെ ജോര്‍ജ് ലൂയിസ് ബ്രൗണ്‍ ആദ്യ ഗോള്‍ സ്‌കോര്‍ ചെയ്തതും അര്‍ജന്റീനയുടെ ആത്മ വിശ്വാസം വര്‍ധിക്കാന്‍ കാരണമായി.

പില്‍ക്കാലത്തു മറഡോണ തന്നെ ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ വാക്കുകള്‍ ഞാന്‍ ഓര്‍ത്തെടുക്കുന്നു.,, 'ആദ്യ വിസില്‍ മുഴങ്ങിയപ്പോള്‍ തന്നെ ഞങ്ങള്‍ ആവേശത്തിലായിരുന്നു.
കാര്യങ്ങള്‍ ഞങ്ങളുടെ വഴിക്ക് വരുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. ജര്‍മന്‍ ആക്രമണത്തെ പ്രതിരോധിക്കുന്നതിന് പകരം, കുതിച്ചു കയറി ഞങ്ങള്‍ കീറിമുറിക്കാന്‍ തുടങ്ങി. ഭീകര ശക്തിയുമായി വന്ന ജര്‍മനിയുടെ പ്രതിരോധം ആടിയുലഞ്ഞു, എന്നേ പൂട്ടാനായി നിയുക്തനായ ജര്‍്മന്‍ മിഡ്ഫീല്‍ഡ് ജനറല്‍ ലോതര്‍ മത്തേയസും, കാള്‍ ഹെയ്ന്‍സ് ഫോസ്റ്ററും അവരുടെ പണി ആരംഭിച്ചു. ഒന്നാംതരം ഷോള്‍ഡര്‍ ലോക്കിങ്ങും, ട്രാക്ളിംഗും എനിക്ക് അതിജീവിക്കേണ്ടി വന്നു. കീഴടങ്ങില്ല എന്ന് പ്രതിജ്ഞ എടുത്ത ഞാന്‍ വിങ്ങുകളിലൂടെ അതിവേഗം മുന്‍നിരയിലേക്ക് പന്തെത്തിച്ചുകൊണ്ടിരുന്നു. ആദ്യമൊക്കെ ജര്‍മന്‍കാര്‍ പിടിച്ചു നിന്നു. എന്നാല്‍ മധ്യനിരയുടെ പിന്തുണയോടുകൂടി പന്തുകള്‍ കൃത്യമായി കണക്ട് ചെയ്തുകൊണ്ട്, ടാറ്റാ ബ്രൗണും, ജോര്‍ജ് വാള്‍ഡാനോയും ഗോളുകള്‍ നേടി. സ്റ്റേഡിയം പ്രകമ്പനം കൊണ്ടു. പകച്ചുപോയ ജര്‍മ്മന്‍ കാര്‍ പ്രത്യാക്രമണം ആരംഭിച്ചു. രണ്ടാം പകുതിയില്‍ ജര്‍മനിയുടെ സബ്സ്റ്റിറ്റിയുഷന്‍, രക്ഷകനായി റൂഡി വോളര്‍ റുമണിഗെക്ക് കൂട്ടായി എത്തി.
അതാ വരുന്നു കോര്‍ണറില്‍ നിന്നും കാള്‍ ഹെയ്ന്‍സ് റുമാനിഗേയുടെ ഗോള്‍,,,, ദൈവമേ,, അല്‍പ്പ സമയത്തിനകം ആന്‍ഡ്രിയാസ് ബ്രെയ്മേയുടെ കോര്‍ണര്‍ കണക്ട് ചെയ്ത റൂഡി വാളറുടെ വക രണ്ടാം ഗോള്‍,,, ജര്‍മന്‍കാര്‍ ടോപ്ഗിയറിലേക്ക് മാറി. എന്നാല്‍ എനിക്ക് മനഃസാന്നിധ്യം കൈമോശം വന്നിരുന്നില്ല. സഹപ്രവര്‍ത്തകരേ പ്രചോദിപ്പിച്ചുകൊണ്ട് ഞാന്‍ ആഞ്ഞടിച്ചു. എന്റെ പ്ലാനുകള്‍ എല്ലാം ശരിയായി ഒത്തുവന്നു, കളി പുരോഗമിക്കും തോറും ജര്‍മന്‍കാര്‍ തളരുന്നത് ഞാന്‍ അറിഞ്ഞു. ജിയോര്‍ജി ബറുച്ചാഗയോട് കയറിക്കളിക്കുവാന്‍ ഞാന്‍ ആവശ്യപ്പെട്ടു. മൈതാന മധ്യത്തില്‍ നിന്നും തട്ടിയെടുത്ത പന്തുമായി ജര്‍മന്‍ ഡിഫന്റര്‍മാര്‍ മുന്നോട്ടു കയറി പ്രതിരോധത്തിന് വന്നപ്പോഴേക്കും അവരെ കബളിപ്പിച്ചുകൊണ്ട് ഞാന്‍ ബറുച്ചാഗക്ക് പന്ത് നീട്ടിക്കൊടുത്തു. കൃത്യമായി കണക്ട് ചെയ്ത ബറുച്ചാഗയുടെ പിന്നാലെ ജര്‍മനിയുടെ കരുത്തനായ പ്രതിരോധ ഭടന്‍ ബ്രീഗിള്‍ കുതിച്ചു പാഞ്ഞു.ബ്രീഗിളേ ഒപ്പമെത്താന്‍ സമ്മതിക്കാതെ പന്തുമായി പാഞ്ഞ ബറുച്ചാഗ ജര്‍മ്മന്‍ ഗോളി ഷൂമാക്കറെ കീഴടക്കി . ഉഗ്രന്‍ ഗോള്‍...ജര്‍മ്മനിയുടെ ഹൃദയം പിളര്‍ന്ന ഗോള്‍, ഗോള്‍ മടക്കുന്നതിനായി ജര്‍മന്‍കാര്‍ നന്നായി പൊരുതി. പക്ഷേ ഞങ്ങള്‍ വിട്ടു കൊടുത്തില്ല. പിന്നീടുള്ള ഏഴെട്ട് മിനുറ്റുകള്‍ ഞങ്ങള്‍ക്ക് നിര്‍ണായകമായിരുന്നു. ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങി. ദൈവമേ,,,, ഞങ്ങള്‍ ലോകത്തിന്റെ നെറുകയില്‍...'

ഇതിന്റെ തനിയാവര്‍ത്തനം90-ല്‍ ഇറ്റലിയില്‍ വെച്ചു നടന്നു. അപ്പോഴേക്കും മാറഡോണയും ടീമും സൂപ്പര്‍ താര പദവിയില്‍ എത്തിയിരുന്നു. ലോകമെമ്പാടും, ഫുട്‌ബോള്‍ പ്രേമികളല്ലാത്ത ആള്‍ക്കാരുടെ മനസ്സില്‍ പോലും മാറഡോണ സിംഹാസനമിട്ടിരുന്നു. പക്ഷേ യൂറോപ്യന്‍ കളി അധികാരികളുടെയും, അവരുടെ റഫറിമാരുടെയും മനസ്സില്‍ അങ്ങിനെ അല്ലായിരുന്നു. ലോകഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും വിരസമായ ഫൈനല്‍ ആയിരുന്നു അത്തവണത്തേത്. മുന്‍ കളികളില്‍ എല്ലാം അതിഭീകരമായ ഫൗളുകള്‍ തുടരെ തുടരെ നേരിട്ട മാറഡോണ ഫൈനലിയെത്തിയപ്പോഴേക്കും പരിക്ക് മൂലം തളര്‍ന്നിരുന്നു. ഒരു കളിയില്‍ തന്നെ നാല്‍പ്പതിലധികം ഫൗളുകള്‍ ഏറ്റുവാങ്ങിയ റിക്കാര്‍ഡും മാറഡോണയുടെ പേരിലാണ്. ഫൈനലിലും ഇത് ആവര്‍ത്തിച്ചു. നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കിട്ടിയ അനുഭവം മറക്കാതെ മനസ്സില്‍ കൊണ്ടുനടന്ന ജര്‍മന്‍ കോച് ഫ്രാന്‍സ് ബെക്കന്‍ ബോവര്‍ ജര്‍മ്മന്‍ ഫുട്‌ബോള്‍ അക്കാദമി ആകുന്ന കലാമണ്ഡലത്തില്‍ ചിട്ടപ്രകാരമുള്ള യൂറോപ്യന്‍ ടാക്ടിക്കല്‍ ഫുട്‌ബോള്‍ മത്തേയസിനെയും കൂട്ടരെയും നിഷ്‌കര്‍ഷിച്ചു ആവര്‍ത്തിച്ച് ചൊല്ലിയാടി പഠിപ്പിച്ചുറപ്പിച്ചിരുന്നു.

മത്തേയസിന്റെ നേതൃത്വത്തേക്കാള്‍ കാരണവരായ ബെക്കന്‍ ബോവര്‍ എന്ന അഞ്ഞൂറാന്റെ ബുദ്ധിയാണവിടെ പ്രവര്‍ത്തിച്ചത്. കളിയുടെ ഓരോ ഘട്ടത്തിലും എങ്ങനെ കൈകാര്യം ചെയ്യണം എന്ന് അദ്ദേഹം മുന്‍കൂട്ടി ഗൃഹപാഠം ചെയ്ത് ഉറപ്പിച്ചിരുന്നു. പതിവില്ലാത്ത വിധം പ്രതിരോധ ഫുട്‌ബോള്‍ ആണ് അന്ന് നടന്നത്. കളി പരുക്കനായി.മുന്നേറ്റ നിരയിലെ ക്ലാഡിയോ കനീജിയക്ക് വേണ്ടവിധത്തില്‍ പന്തുകള്‍ എത്തിക്കാന്‍ മിഡ്ഫീല്‍ഡിനായില്ല. ഫൗളുകളുടെ ബഹളം. അത്ര ഗൗരവം അല്ലാത്ത ചില കുറ്റങ്ങള്‍ക്ക് അര്‍ജന്റീനയുടെ രണ്ടു കളിക്കാര്‍ ചുവപ്പ് കാര്‍ഡ് കണ്ട് വെളിയില്‍ പോയി ഇരുപത് മിനിറ്റുകള്‍ അര്‍ജന്റീന ഒമ്പതു കളിക്കാരെ വെച്ചു പൊരുതി, ഒടുവില്‍ നെസ്റ്റര്‍ സെന്‍സിനിയുടെ അത്രയൊന്നും ഗൗരവമല്ലാത്ത ഒരു പിഴവിന് റഫറി പെനാല്‍റ്റി വിധിച്ചു. കിക്കെടുത്ത ആന്ദ്രേ ബ്രയ്‌മേക്ക് പിഴച്ചില്ല.
ലോഥര്‍ മത്തേയസും, കൂട്ടരും കപ്പുയര്‍ത്തിയപ്പോള്‍ രാജകുമാരന്റെ കണ്ണീര്‍ മൈതാനമധ്യത്തില്‍ വീണു.

ഒരേ ജീവിതത്തില്‍ തന്നെ സൗഭാഗ്യത്തിന്റെ കൊടുമുടിയിലും, നിരാശയുടെ പടുകുഴിയിലും ചെന്നെത്തിയ മനുഷ്യജീവിതത്തിന്റെ പ്രഹേളികക്ക് ഉത്തമ ഉദാഹരണമായി മാറഡോണ. മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷവും പൂര്‍ണ്ണചന്ദ്രന്‍ ഭൂമിയേ സ്പര്‍ശിച്ചതുപോലെ വിഖ്യാതമായ ആ പത്താം നമ്പര്‍ ജേഴ്‌സിക്കാരന്‍ മനസ്സില്‍ ഒളിമങ്ങാതെ ഉയര്‍ന്നു നില്‍ക്കുന്നു. ഓരോ ലോകകപ്പ് വരുമ്പോഴും രാജകുമാരന്റെ ഓര്‍മകള്‍ ധ്രുവ ദീപ്തി പോലെ മനോഹരം.

Content Highlights: qatar world cup 2022 readers contest write up about argentina world cup win and maradona fan moment

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
dellhi

1 min

പകരം വീട്ടി ഇന്ത്യ; ഡല്‍ഹിയിലെ യു.കെ. ഹൈക്കമ്മീഷനുള്ള സുരക്ഷ വെട്ടിക്കുറച്ചു

Mar 22, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022


thalassery bishop-jalee

1 min

ബിജെപി നല്‍കുന്ന റബ്ബറിന്റെ വില വാങ്ങാന്‍ ഉടലില്‍ തലയുണ്ടായിട്ട് വേണ്ടേയെന്ന് കെ.ടി.ജലീല്‍

Mar 22, 2023

Most Commented