1986 ലോകകപ്പിലെ ബ്രസീലും ഫ്രാൻസും തമ്മിലുള്ള ക്വാർട്ടർ ഫൈനൽ മത്സരത്തിൽ നിന്ന് | Photo: FIFA
(ഖത്തര്‍ ലോകകപ്പിനോട് അനുബന്ധിച്ച് മാതൃഭൂമി ഡോട്ട് കോം വായനക്കാര്‍ക്കായി നടത്തിയ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ അബ്ദുല്‍ സലീം ഇ.കെയുടെ കുറിപ്പ്. ലോകകപ്പില്‍ കണ്ടിട്ടുള്ള ഏറ്റവും മികച്ച മത്സരത്തെ കുറിച്ച് കുറിപ്പ് എഴുതുന്നതായിരുന്നു മത്സരം)
സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് ആദ്യമായി പ്ലാനറ്റേറിയത്തില്‍ (നക്ഷത്ര ബംഗ്ലാവ്) കയറിയത് ഓര്‍മ്മയുണ്ടോ? സീറ്റിലൊക്കെ ഇരിപ്പുറപ്പിച്ച് ഒന്ന് ഇളകിയിരിക്കാന്‍ നോക്കുമ്പോഴേക്കും ലൈറ്റ് ഓഫാവും . കൂരിരുട്ടില്‍ പതിയെ 'ആകാശം' തെളിഞ്ഞ് വരും പിന്നെ നക്ഷത്രങ്ങള്‍ ഗ്രഹങ്ങള്‍ നമുക്ക് പരിചിതമായ സൂര്യന്‍ ചന്ദ്രന്‍എല്ലാം കൂടി വന്ന് കണ്‍വെട്ടത്ത് നിന്നൊരു കറക്കമുണ്ട്, ആ കറക്കത്തോടെ നമ്മുടെ പിടിവിടും...പിന്നീടുള്ള നിമിഷങ്ങള്‍ കണ്ണും തലച്ചോറും തമ്മിലുള്ള ഒരു നെല്ലും പതിരും തിരിക്കലാണ്! കണ്ടതെന്തെന്ന് തലച്ചോറ് പറയും മുമ്പ് അടുത്ത കാഴ്ചയെത്തും. ആകെ പറഞ്ഞറിയിക്കാനാവാത്ത ഒരവസ്ഥ.....ഈ അവസ്ഥ ഒരു ഫുട്‌ബോള്‍ മല്‍സരം ടെലിവിഷനില്‍ ലൈവ് കാണുമ്പോള്‍ വന്നാലോ?
ലോകത്തിന്റെ ഏത് കോണില്‍ നിന്നും കാല്‍പ്പന്തുകളിയുടെ സ്പന്ദനങ്ങള്‍ ഒരു നിമിഷാര്‍ദ്ധം കൊണ്ട് നമ്മുടെ വിരല്‍ തുമ്പിലെത്തുന്ന ഇക്കാലത്ത് വര്‍ഷങ്ങളോളം പത്രങ്ങളില്‍ വായിച്ചും
റേഡിയോയിലൂടെ കേട്ടും മാത്രമറിഞ്ഞ ലോകകപ്പ് ഫുട്‌ബോളിന്റെ ആവേശ നിമിഷങ്ങള്‍ ടെലിവിഷലിനിലൂടെ ആദ്യമായി കാണുന്ന ഒരു തലമുറയുടെ ത്രില്‍ പുതിയ തലമുറക്ക് എത്രമാത്രം ബോധ്യപ്പെടുമെന്ന് നിശ്ചയമില്ല. പ്രസരണശേഷി വളരെ കുറഞ്ഞ ദൂരദര്‍ശന്‍ ഭൂതല സംപ്രേക്ഷണം നടക്കുന്ന കാലത്ത് ടെലിവിഷന്‍ സെറ്റുകള്‍ തന്നെ അപൂര്‍വമായ കോഴിക്കോട് ജില്ലയുടെ കിഴക്കന്‍ മലയോര മേഖലയായ മുക്കത്തിനടുത്ത അഗസ്ത്യന്‍ മുഴിയില്‍ നിന്നാണ് ഈ ഓര്‍മ്മകള്‍..
1986 ലോകകപ്പ് മെക്‌സിക്കോയില്‍ തുടങ്ങി...നാട്ടിലൊന്നും ടെലിവിഷന്‍ സെറ്റുകള്‍ അത്ര വ്യാപകമായിട്ടില്ല. ഇല്ലെന്ന് തന്നെ പറയാം! കളിയുടെ വിവരങ്ങള്‍ പത്രങ്ങളില്‍ വായിച്ച് ഹരം കൊണ്ട് നടക്കുകയാണ്. രാത്രിയില്‍ മുക്കത്ത് നിന്ന് കോഴിക്കോട്ടേക്ക് കാറില്‍ പോയി കളി കണ്ട് തിരിച്ച് വന്ന് ഗ്രാമത്തിലെ ചായക്കടയില്‍ വന്ന് കളി ആരാധകര്‍ക്കിടയില്‍ കളിയുടെ ഓരോ പ്രധാന നീക്കങ്ങളും പങ്കുവെക്കുന്ന പെരുമ്പടപ്പില്‍ അച്യുതന്‍ എന്ന പഴയ കാല കളിക്കാരന്റ വിവരണമാണ് ഏക ആശ്രയം.
അപ്പോഴാണ് മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സിലെ ജീവനക്കാരന്‍ കപ്പടച്ചാലില്‍ ഗോപാലന്‍ പുതിയൊരു വാര്‍ത്തയുമായെത്തുന്നത്. മുക്കത്തെ ഗവ. മൃഗാശുപത്രിയിലേക്ക് സ്ഥലം മാറി വന്ന ഡോക്ടര്‍ സുധാകരന്‍, ഗംഗാധരന്‍ മാസ്റ്ററുടെ വീട്ടില്‍ വാടകക്ക് താമസമാക്കിയിട്ടുണ്ട്. അദ്ദേഹം ഒരു ടെലിവിഷന്‍ സെറ്റുമായാണ് വന്നിരിക്കുന്നത്.ഏതെങ്കിലും ഉയരമുള്ള മരത്തില്‍ കയറി ആന്റിന കെട്ടാന്‍ ആളെ അന്വേഷിക്കുന്നു.
പിന്നൊന്നും നോക്കിയില്ല. പണ്ട് അന്യദേശത്ത് നിന്ന് ജോലി അന്വേഷിച്ച് ചെല്ലുന്ന തൊഴിലാളികളെ പോലെ പത്താം ക്ലാസുകാരനായ ഞാനും കോഴിക്കോട് ഗവ.പോളി ടെക്‌നിക്കില്‍ രണ്ടാം വര്‍ഷ മെക്കാനിക്കല്‍ എഞ്ചിനിയറിംഗ് വിദ്യാര്‍ഥിയായ സഹോദരന്‍ സലാമും നേരെ ഡോക്ടറുടെ വീട്ടിലേക്ക് വെച്ചു പിടിച്ചു. ഗംഗാധരന്‍ മാസ്റ്ററുടെ പറമ്പിലുള്ള ഒരു തേക്ക് മരത്തില്‍ പുളിയനുറുമ്പുകളുടെ ആക്രമണങ്ങളെ ഭയപ്പെടാതെ രണ്ടും കല്‍പ്പിച്ച് അള്ളിപ്പിടിച്ച് കയറി എങ്ങനെയോ ആന്റിന ഉറപ്പിച്ചു നിര്‍ത്തി.
കളി കാണാനുള്ള അനുമതി കപ്പടച്ചാലില്‍ ഗോപാലന്‍ വാങ്ങിത്തന്നു. പിന്നെ രാത്രി പന്ത്രണ്ട് മണി ആയിക്കിട്ടാന്‍ നിന്നൊരു നില്‍പ്പുണ്ട്. നാലഞ്ച് പേരുടെ ആദ്യരാത്രിയാണ്...ആദ്യ വേള്‍ഡ് കപ്പ് രാത്രി!
അന്ന് ഡോക്ടര്‍ സുധാകരന്റെ വീട്ടിലെ സോളിഡെയര്‍ ടീവിയില്‍ ഞങ്ങള്‍ കണ്ട ഫുട്‌ബോള്‍ മത്സസരമായിരുന്നു ഞാനാദ്യം പറഞ്ഞ നക്ഷത്ര ബംഗ്ലാവിലെ തല കറക്കത്തിന് കാരണമായത്!
സീക്കോ (Zico), സോക്കട്രീസ് (Socrates ), എഡിഞ്ഞോ (Edinho ), ജോസിമര്‍ ( Josimar), കരേക്ക ( Care ca) അലിമാവോ (Alemeo), ബ്രാങ്കോ (Branco ), മുള്ളര്‍ (Muller), ജൂലിയോ സീസര്‍ ( Julio cesar) തുടങ്ങിയ വമ്പന്‍ താര നിര ബ്രസീലിന് വേണ്ടിയും മീഷല്‍ പ്ലാറ്റിനി (Michel Platini) ജോയല്‍ ബാറ്റ്‌സ് (Joe Bats) ഴാങ്ടിഗ്വാന (Jean Tigana), ലൂയിസ് ഫെര്‍ണാണ്ടസ് (Luis Fernandez), പാട്രിക് ബാറ്റിസന്‍ (Patric Battiston ) , അലന്‍ ഗിരിസേ ( Alan Giresse)തുടങ്ങിയവര്‍ ഫ്രാന്‍സിന് വേണ്ടിയും ഞങ്ങള്‍ക്ക് മുന്നില്‍ നക്ഷത്രക്കാഴ്ചയൊരുക്കി.
ലോകത്ത് നടന്ന ഏറ്റവും വേഗതയേറിയ ഫുട്‌ബോള്‍ മത്സരം. ഫൗളുകള്‍ കാണാനേയില്ല, ഒരൊറ്റ കാര്‍ഡു പോലും പുറത്തെടുത്തിട്ടില്ല ത്രോകള്‍ നന്നേകുറവ്. ഇടയ്ക്ക് കോര്‍ണറുകള്‍, കൂട്ടത്തില്‍ എടുത്തു പറയാവുന്നത് ഒരു പെനാല്‍റ്റി കിക്ക് മാത്രം!
പന്തിന് ഇങ്ങനെ റസ്റ്റ് കൊടുക്കാതെ എന്ത് ഫുട്‌ബോള്‍ മത്സരം. ആദ്യമായൊരു വേള്‍ഡ് കപ്പ് മത്സരം നേരിട്ട് കാണുന്ന ഞങ്ങള്‍ നാലഞ്ച് പേര്‍. സ്വപ്നമാണോ കാണുന്നതെന്ന സംശയത്തിലായിരുന്നു.
ആക്രമണം! പ്രതിരോധം! പ്രത്യാക്രമണം ! ഗ്രൗണ്ടിന്റെ ഓരോ മുക്കിലും മൂലയിലും പന്തെത്തുന്ന കളി!
പരിക്ക് അഭിനയിച്ച് നിലത്ത് കിടന്നും പന്ത് പുറത്തേക്കടിച്ചുമൊന്നും ആരും രസം കൊല്ലികളാകുന്നില്ല. അല്ലെങ്കില്‍ കളിയുടെ ടെമ്പോ കളയുന്നത് അന്നൊരു തന്ത്രമായി ടെലി സന്താനയുടെ ബ്രസീലും ഹെന്റി മിഷലിന്റെ ഫ്രാന്‍സുമൊന്നും കണ്ടിരുന്നില്ല.
17 മിനിറ്റായപ്പോള്‍ കരേക്കയുടെ വെടിയുണ്ട പോലുള്ള ഷോട്ട് ജോയല്‍ ബാറ്റ്‌സ്‌നെ മറികടന്ന് നെറ്റില്‍! 45° സെന്റി ഗ്രേഡ് ആയിരുന്നു കളി നടക്കുമ്പോള്‍ താപനില ! കളിക്ക് ചൂട് 100° !
ആദ്യ പകുതി അവസാനിക്കാന്‍ 3 മിനിറ്റ് ബാക്കിയുള്ളപ്പോള്‍ പ്ലാറ്റിനി തന്നെ ഫ്രാന്‍സിന്റെ രക്ഷകനായി, 1-1.
പിന്നെയൊരു യുദ്ധമായിരുന്നു! ജോയല്‍ ബാറ്റ്‌സ് ബ്രാങ്കോയെ വീഴ്ത്തിയതിന് കിട്ടിയ പെനാല്‍റ്റി കിക്ക് സീക്കോ എടുത്തത് അവിശ്വസനീയമായി ബാറ്റ്‌സ് തട്ടിയകറ്റുന്നത് ലോകം നെടുവീര്‍പ്പോടെ കണ്ടു! ഒപ്പം ഞങ്ങളും.തൊട്ട് മുമ്പ് സൂപ്പര്‍ സബ് ആയി ഇറങ്ങിയതായിരുന്നു സീക്കോ! ഓരോ നീക്കത്തിനും മറു നീക്കവുമായി ഇരു ടീമുകളും എക്‌സ്ട്രാ ടൈമിലും പൊരുതിയെങ്കിലും ഗോള്‍ 'ദേവതമാത്രം' കനിഞ്ഞില്ല!
ടൈബ്രേക്കര്‍! വീണ്ടും ഇതിഹാസ താരങ്ങള്‍ തന്നെ വില്ലന്‍മാരായി! ആദ്യകിക്കെടുത്ത സോക്കട്രീസിന് തന്നെ പിഴച്ചു. യാനിക് സ്റ്റോ പൈറ യിലൂടെ ഫ്രാന്‍സ് മുന്നില്‍. അലിമാവോ (Alemoe) യും അമറോസും തങ്ങളുടെ അവസരം ഗോളാക്കി. കളിക്കിടെ പെനാല്‍റ്റി മിസ്സാക്കിയ സീക്കോ കിക്കെടുക്കാന്‍ വരുന്നു. ബ്രസീല്‍ ടീമിന്റെ നെഞ്ചിടിപ്പ് ഇങ്ങ് കേരളത്തില്‍ വരെ കേള്‍ക്കാം.
പക്ഷേ ആ ഇതിഹാസ താരത്തിലുള്ള ടെലി സന്താനയുടെ വിശ്വാസം അത്രക്കുണ്ടായിരുന്നു. സീക്കോയെ എന്ത് കൊണ്ട് വെളുത്ത പെലെ എന്ന് വിളിക്കുന്നത് എന്ന് അദ്ദേഹം ലോകത്തിന് കാണിച്ച് കൊടുത്തു! സമ്മര്‍ദ്ദത്തിന്റെ ലാഞ്ചന പോലുമില്ലാതെ സീക്കോ ബാറ്റ്‌സിനെ കീഴടക്കി. ഫ്രാന്‍സിന് വേണ്ടി ബ്രൂണോ ബലന്‍ (Bruno Bellon)എടുത്ത സ്‌പോട്ട് കിക്ക് പക്ഷേ ചരിത്രത്തില്‍ ഇടം നേടി. പോസ്റ്റിലിടിച്ച് മടങ്ങിയ പന്ത് ബ്രസീല്‍ കീപ്പര്‍ കാര്‍ലോസിന്റെ ശരീരത്തില്‍ ഇടിച്ച് വീണ്ടും. നെറ്റിലേക്ക്, ഗോളല്ലെന്ന് ധരിച്ച് ജലിസ്‌കോ (Jalisco ) സ്റ്റേഡിയത്തില്‍ തുള്ളിച്ചാടിയ ബ്രസീല്‍ ആരാധകരെ നിരാശരാക്കി റഫറി ഗോള്‍ വിധിച്ചു. ബ്രാങ്കോ (Branco ) ബ്രസീലിന് വേണ്ടി സ്‌കാര്‍ ചെയ്തു.
അടുത്തത് മിഷല്‍ പ്ലാറ്റിനി.....ബനാനാ കിക്ക് എന്നത് റോബര്‍ട്ടോ കാര്‍ലോസിന് മുമ്പേ ലോകത്തിന് പരിചയപ്പെടുത്തിയ സെറ്റ് പീസുകളുടെ തമ്പുരാന്‍! ഒരു സംശയവുമില്ലായിരുന്നു ഫ്രഞ്ച്കാര്‍ക്ക.് പക്ഷേ പ്ലാറ്റിനിയുടെ കിക്ക് പോസ്റ്റിന്റെ ഇടത് വശത്ത് കൂടി ആകാശത്തേക്ക് പറന്നു. വീണ്ടും സമനില. ആദ്യമായി വേള്‍ഡ് കപ്പ് കാണാനിറങ്ങിയ ഞങ്ങളുടെ അവസ്ഥ കൂടി ഒന്നാലോചിക്കണം!
പത്രത്തിലും സ്‌പോട്‌സ് മാസികളിലുമൊക്കെ വായിച്ച് പൂജാ മുറിയില്‍ പ്രതിഷ്ഠിച്ച വിഗ്രഹങ്ങളാണ് സ്‌പോട് കിക്കുകള്‍ ലക്ഷ്യത്തിലെത്തിക്കാനാവാതെ തല കുനിച്ച് മടങ്ങുന്നത്....നേരം വളരെ വൈകി പിറ്റേ ദിവസത്തെ പത്രം അടിക്കേണ്ട സമയം കഴിഞ്ഞു. ഇതൊക്കെ പറഞ്ഞാലാരെങ്കിലും വിശ്വസിക്കുമോ? വീണ്ടും 'നിര്‍ഭാഗ്യദേവത ' ബ്രസീലിനൊപ്പം. വില്ലന്‍ ജൂലിയോ സീസര്‍ !അവസാന കിക്ക്, ലൂയി ഫെര്‍ണാണ്ടസ് ...ഗോള്‍ ആയാല്‍ ഫ്രാന്‍സ്....ഗോള്‍കീപ്പര്‍ ഗാലോ റോബര്‍ട്ടോ കാര്‍ലോസിന് ഒരൊറ്റ മല്‍സരം കൊണ്ട് ബ്രസീലിന്റെ ഓമനയാവാനുള്ള അവസരം! പക്ഷേ ഒന്നും സംഭവിച്ചില്ല!
ഗോ.....ള്‍!
അത്ഭുതലോകത്ത് നിന്ന് പുറത്ത് കടന്നത് ഇപ്പോഴുമോര്‍ക്കുന്നു. ഒരക്ഷരം ആരും മിണ്ടുന്നില്ല. തലക്കടിയേറ്റ പോലൊരു അവസ്ഥ! ഇന്ന് 36 വര്‍ഷങ്ങള്‍ക്ക് ശേഷം ഇത് കുറിക്കുമ്പോള്‍ ഞങ്ങള്‍ക്കൊപ്പം അന്ന് ആ കളി കണ്ട കപ്പടച്ചാലില്‍ ഗോപാലന്‍ നമ്മളോടൊപ്പമില്ല. ഡോക്ടര്‍ സുധാരകരന്‍ സ്ഥലം മാറിപ്പോയ ശേഷം കണ്ടിട്ടില്ല. ജീവിച്ചിരിപ്പുണ്ടോ എന്നറിയില്ല!
പിന്നീട് നടന്ന എട്ടു ലോകകപ്പുകളില്‍ കാണാതെ പോയ മത്സരങ്ങള്‍ വിരളം. ലോകകപ്പിന്റെ ആവേശം ഇന്ന് ലോകത്തിന്റെ ഏത് മുക്കിലും മൂലയിലും അലയടിക്കുകയാണ്. പവര്‍ സപ്ലൈ തടസ്സപ്പെടാതിരിക്കാന്‍ ജനറേറ്ററുകള്‍ ഉള്‍പ്പെട്ട വന്‍ സന്നാഹങ്ങളൊരുക്കി ബിഗ് സ്‌ക്രീനുകളില്‍ ആള്‍ക്കാര്‍ സ്റ്റേഡിയത്തിലെ പോലെ കളികാണുന്ന സ്ഥിതിയിലേക്ക് ഞങ്ങളുടെ ഗ്രാമവും മാറിക്കഴിഞ്ഞു.
എന്നിരുന്നാലും പുളിയെറുമ്പിനോട് ഏറ്റുമുട്ടി തേക്ക് മരത്തില്‍ നെഞ്ചുരഞ്ഞ് അള്ളിപ്പിടിച്ച് കയറി ആന്റിന കെട്ടി പന്തിനോളം പോന്ന ഗ്രെയിന്‍സിനോട് പടവെട്ടി ഇലക്ട്രിസിറ്റി സപ്ലൈ തടസ്സം വരാതിരിക്കാന്‍ ദൈവത്തോട് പ്രാര്‍ഥിച്ച് നമ്മുടെ സ്വന്തം ദൂരദര്‍ശനില്‍ കണ്ട ആ കളി തന്നെയാണ് ഞാന്‍ ജീവിതത്തില്‍ കണ്ട ഏറ്റവും മികച്ച ഫുട്‌ബോള്‍ മത്സരം.
Content Highlights: qatar world cup 2022 readers contest write up about 1986 quarter final brazil vs france
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..