Photo: AFP
ഫുട്ബോളിന്റെ ആവേശക്കാഴ്ചകളിലേക്ക് ഖത്തര്‍ കണ്‍തുറക്കുമ്പോള്‍ നാടും നഗരവും അലങ്കാരങ്ങളുടെ നിറച്ചാര്‍ത്താകും. ലോകകപ്പിനായി ഖത്തറിനെ അലങ്കരിക്കാന്‍ 'സീനാ' എന്ന പേരിലാണ് പദ്ധതി വരുന്നത്. റോഡുകളും പൊതുസ്ഥലങ്ങളും സൗന്ദര്യവത്കരിക്കുന്നതിനുള്ള പൊതുമരാമത്ത് അതോറിറ്റിയായ 'അഷ്ഗാലി'ന്റെ നേതൃത്വത്തിലാണ് 'സീനാ' പദ്ധതി വരുന്നത്. സര്‍വകലാശാലകള്‍, സ്കൂളുകള്‍, തൊഴിലിടങ്ങള്‍, ബസ് സ്റ്റാന്‍ഡുകള്‍, മാളുകള്‍, പാര്‍ക്കുകള്‍ എന്നിവയെല്ലാം പദ്ധതിയുടെ ഭാഗമാകും. ഓഗസ്റ്റ് 31 വരെയാണ് പ്രാരംഭപങ്കാളിത്തവും ആശയങ്ങളും സ്വീകരിക്കുന്നത്.
'നമുക്ക് ആഘോഷിക്കാം' എന്ന തലക്കെട്ടില്വരുന്ന 'സീനാ' പദ്ധതിയില്‍ പ്രധാനമായും രണ്ടു പരിപാടികളാണുള്ളത്. വീടുകളും ഫ്ളാറ്റുകളും അലങ്കരിക്കുന്നതില്‍ പൗരന്മാര്ക്കും പ്രവാസികള്‍ക്കുമുള്ള പങ്കാളിത്തമാണ് ആദ്യത്തേത്. കെട്ടിടങ്ങള്‍, മതിലുകള്‍, ഔട്ട്ഡോര്‍ ഏരിയ തുടങ്ങിയ ഈ പദ്ധതിയുടെ ഭാഗമായി അലങ്കരിക്കാം. രണ്ടാമത്തേത് ലോകകപ്പിനെ പ്രതിഫലിപ്പിച്ചുകൊണ്ട് മൂന്നു വിഭാഗങ്ങളിലായി കെട്ടിടങ്ങള്‍ അലങ്കരിക്കുന്ന മത്സരമാണ്. സ്കൂളുകളും സര്‍വകലാശാലകളും ആദ്യവിഭാഗത്തില്‍ ഉള്‍പ്പെടുമ്പോള്‍ രണ്ടാമത്തെ വിഭാഗത്തില്‍ പൊതുസ്വകാര്യ മേഖലകളാണുള്ളത്. നഗരസഭകള്ക്കായിട്ടാണ് മൂന്നാമത്തെ വിഭാഗത്തില്‍ അലങ്കാരമത്സരം നടത്തുന്നത്.
പ്രൊഫഷണല്‍ താരങ്ങളുടെപേരില് കോടികള്‍ ഒഴുകുന്ന ഫുട്ബോളില്‍ അലങ്കാരമത്സരത്തിനും കാശ് ഒട്ടും കുറയ്ക്കേണ്ടെന്ന നിലപാടിലാണ് ഖത്തറിലെ പ്രാദേശിക സംഘാടകര്‍. കോളേജ് വിഭാഗത്തില്‍ ഒന്നാംസ്ഥാനത്തെത്തുന്നവര്‍ക്ക് 60,000 ഖത്തര്‍ റിയാലാണ് (ഏകദേശം 13 ലക്ഷം രൂപ) സമ്മാനമായി പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ടാംസ്ഥാനക്കാര്‍ക്ക് 50,000 റിയാലും (10.85 ലക്ഷം രൂപ) മൂന്നാം സ്ഥാനക്കാര്‍ക്ക് 40,000 റിയാലും (8.68 ലക്ഷം രൂപ) സമ്മാനമായി ലഭിക്കുമ്പോള്‍ മത്സരത്തില്‍ നല്ല പങ്കാളിത്തമുണ്ടാകുമെന്നാണ് സംഘാടകരുടെ പതീക്ഷ. സ്കൂള്‍ വിഭാഗത്തില്‍ 40,000 റിയാല്‍ (6.51 ലക്ഷം രൂപ) 20,000 റിയാല്‍ (4.34 ലക്ഷം രൂപ) എന്നിങ്ങനെയാണ് സമ്മാനങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
അലങ്കാരങ്ങള്‍ ചെയ്യുമ്പോള്‍ കായികവും ഫുട്ബോളും മാത്രമായിരിക്കണം ഉള്ളടക്കമെന്ന നിഷ്കര്‍ഷയുണ്ട്. മതം, രാഷ്ട്രീയം എന്നിവയൊന്നും അലങ്കാരങ്ങളില്‍ വരേണ്ടതില്ലെന്നാണ് സംഘാടകര്‍ പറയുന്നത്. ലോകകപ്പിന്റെ ഔദ്യോഗിക ലോഗോ, ഡിസൈനുകള്‍ എന്നിവയും ഉപയോഗിക്കാന്‍ പാടില്ല. പ്രവേശനകവാടങ്ങള്‍, വെന്റിലേഷനുകള്‍ എന്നിവ മറയുന്നവിധം അലങ്കാരങ്ങള്‍ സ്ഥാപിക്കരുതെന്നു നിഷ്കര്‍ഷിക്കുന്നത് ഈയര്ഥത്തിലാണ്. ഖത്തറിലേക്ക് ലോകകപ്പ് സന്ദര്‍ശകരെ സ്വാഗതം ചെയ്യാനുള്ള ഏറ്റവും മികച്ച ആഘോഷചിത്രമായി കരുതുന്ന 'സീനാ'യുടെ ഏറ്റവും വലിയ സവിശേഷതയായി ചൂണ്ടിക്കാണിക്കപ്പെടുന്നത് ക്ലൈമാക്സിലെ നിര്‍ദേശമാണ്. ലോകകപ്പുമായി ബന്ധപ്പെട്ട എല്ലാ അലങ്കാരങ്ങളും 2023 ജനുവരി 31-നകം എടുത്തുമാറ്റണമെന്നതാണ് ആ നിര്‍ദേശം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..