'ഓരോ തവണ വെടിയുതിര്‍ക്കുമ്പോഴും അവര്‍ 'ഗോള്‍' എന്നലറിവിളിച്ചുകൊണ്ടേയിരുന്നു'


ആദര്‍ശ് പി ഐ

പക്ഷേ എസ്‌കോബാറിന്റെ വാക്കുകള്‍ തെറ്റിപ്പോയി. കളിക്കളത്തിലെ ചെയ്തികള്‍ക്ക് ചോരകൊണ്ട് കണക്കുതീര്‍ക്കപ്പെട്ടു. 28 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതേ ദിവസം എസ്‌കോബാര്‍ കൊലചെയ്യപ്പെട്ടു. 

Photo: Getty Images

'എന്തുകൊണ്ടാണ് നിങ്ങള്‍ ഫുട്‌ബോളിനെ ഇത്രയധികം ഇഷ്ടപ്പെടുന്നത് ?' ഒരിക്കല്‍ ആന്ദ്രെ എസ്‌കോബാര്‍ എന്ന കൊളംബിയന്‍ ഫുട്‌ബോളറോട് ഒരു മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചു. എസ്‌കോബാര്‍ ഇങ്ങനെയാണ് മറുപടി പറഞ്ഞത്-'കളിയും ജീവിതവും തമ്മിലുളള അടുത്ത ബന്ധത്തെ അടയാളപ്പെടുത്തുന്ന വിനോദമാണിത്. ഫുട്‌ബോള്‍ കാളപ്പോരുപോലെയല്ല, ഇവിടെയാരും മരണപ്പെടുന്നില്ല, ആരും കൊല്ലപ്പെടുന്നുമില്ല. ഇത് ആനന്ദിക്കാനുളള കളിയാണ്'

എസ്‌കോബാര്‍ എന്നും കാല്‍പ്പന്തുകളിയെ അങ്ങനെയാണ് കണ്ടിരുന്നത്. ജീവിതത്തിലെ മൂല്യങ്ങളും സഹിഷ്ണുതയും പഠിപ്പിക്കുന്ന പാഠശാല മൈതാനത്തിനകത്തായാലും പുറത്തായാലും പരസ്പര ബഹുമാനം അയാളെന്നും പുലര്‍ത്തിയിരുന്നു. പക്ഷേ എസ്‌കോബാറിന്റെ വാക്കുകള്‍ തെറ്റിപ്പോയി. കളിക്കളത്തിലെ ചെയ്തികള്‍ക്ക് ചോരകൊണ്ട് കണക്കുതീര്‍ക്കപ്പെട്ടു. 28 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതേ ദിവസം എസ്‌കോബാര്‍ കൊലചെയ്യപ്പെട്ടു.

മയക്കുമരുന്ന് കച്ചവടങ്ങളും കൊലപാതകങ്ങളും കൊണ്ട് കുപ്രസിദ്ധമായിരുന്നു ഇരുപതാം നൂറ്റാണ്ടിലെ കൊളംബിയ. തീര്‍ത്തും അരക്ഷിതമായ ജീവിതസാഹചര്യം. പാബ്ലോ എസ്‌കോബാര്‍ എന്ന അധോലോകരാജാവും അയാളുടെ സാമ്രാജ്യവും അസംഖ്യം മയക്കുമരുന്ന് സംഘങ്ങളും വാഴുന്നതായിരുന്നു ആ രാജ്യം. പക്ഷേ മറ്റു ലാറ്റിനമേരിക്കന്‍ രാജ്യങ്ങളെപ്പോലെ അവരുടെ സിരകളിലും കാല്‍പ്പന്തിന്റെ ലഹരി കുത്തിയൊഴുകികൊണ്ടിരുന്നു. 1930-കള്‍ക്കൊടുക്കം രാജ്യാന്തര തലത്തിലും വിവിധ ക്ലബ്ബ് ടൂര്‍ണമെന്റുകളിലും കൊളംബിയന്‍ ഫുട്‌ബോള്‍ സാന്നിധ്യമറിയിച്ചു. മയക്കുമരുന്ന് മാഫിയകള്‍ ഒട്ടനവധി ഫുട്‌ബോള്‍ ക്ലബ്ബുകളേയും ടൂര്‍ണമെന്റുകളേയും വരുതിയിലാക്കി. അങ്ങനെയാണ് കൊളംബിയയില്‍ ഫുട്‌ബോള്‍ വളര്‍ന്നുതുടങ്ങുന്നത്.

ക്ലബ്ബ് ഫുട്‌ബോളില്‍ മുന്നേറിക്കൊണ്ടിരിക്കുന്നതിനിടയിലാണ് കൊളംബിയ 1990-ലെ ലോകകപ്പിന് യോഗ്യത നേടുന്നത്. ലോകകപ്പില്‍ കളിക്കാനിറങ്ങിയ സംഘം ഭേദപ്പെട്ട പ്രകടനം തന്നെ കാഴ്ചവെച്ചു. ആദ്യ ഗ്രൂപ്പ് മത്സരത്തില്‍ യു.എ.ഇ ക്കെതിരേ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് വിജയിച്ചത്. രണ്ടാം മത്സരത്തില്‍ പക്ഷേ യുഗോസ്ലാവിയയോട് കാലിടറി. എന്നാല്‍ അവസാന ഗ്രൂപ്പ് മത്സരത്തില്‍ കരുത്തരായ പശ്ചിമ ജര്‍മനിയെ സമനിലയില്‍ തളച്ചു. ഗ്രൂപ്പില്‍ മൂന്നാം സ്ഥാനക്കാരായെങ്കിലും പ്രീ-ക്വാര്‍ട്ടറിലേക്ക് കൊംളംബിയ യോഗ്യത നേടി. അവിടെ കാമറൂണിനോട് പരാജയപ്പെട്ട് ലോകകപ്പില്‍ നിന്ന് പുറത്തായി. എങ്കിലും രാഷ്ട്രീയമായും സാമൂഹ്യമായും അരക്ഷിതമായ സാഹചര്യത്തിലൂടെ കടന്നുപോയ്‌ക്കൊണ്ടിരിക്കുന്ന രാജ്യത്തെ സംബന്ധിച്ചിടത്തോളം വലിയ ഉണര്‍വായിരുന്നു ലോകകപ്പിലെ പ്രകടനങ്ങള്‍.

അപ്പോഴേക്കും കളിപ്രേമികളുടെ നെഞ്ചില്‍ ഒരു കൂട്ടം കളിക്കാരും ഇടംനേടിയിരുന്നു. വാള്‍ഡറാമ, ഹിഗ്വിറ്റ, അസ്പ്രില്ല, എസ്‌കോബാര്‍ എന്നിങ്ങനെ പേരുകള്‍ നിരനിരയായി കളിയാരാധകരുടെ മനം കവര്‍ന്നു. മധ്യനിരയില്‍ മായാജാലം തീര്‍ക്കുന്ന സ്വര്‍ണമുടിക്കാരന്‍ വാള്‍ഡറാമ, പുതിയ അക്ഷാംശങ്ങള്‍ കണ്ടെത്തുന്ന കപ്പിത്താനെപ്പോലെ പെനാല്‍റ്റിബോക്‌സ് വിട്ട് മൈതാനമധ്യത്ത് കളിക്കാനിറങ്ങുന്ന കാവല്‍ക്കാരന്‍ ഹിഗ്വിറ്റ, അസ്പ്രില്ലയെന്ന ഗോള്‍മെഷീന്‍, ശാന്തനായ പ്രതിരോധനിരക്കാരന്‍ എസ്‌കോബാര്‍. കൊളംബിയന്‍ ഫുട്‌ബോള്‍ അപാരമായ സൗന്ദര്യത്തോടെ ഒഴുകിക്കൊണ്ടിരുന്നു.

1991- 1993 കാലയളവില്‍ കളിച്ച 26 മത്സരങ്ങളില്‍ ഒരു മത്സരം മാത്രമാണ് അവര്‍ തോറ്റത്. നിര്‍ണായകമായ 1994-ലോകകപ്പ് യോഗ്യത മത്സരത്തില്‍ അര്‍ജന്റീനയെ മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് കൊളംബിയ തകര്‍ത്തെറിഞ്ഞത്. ലോകം മുഴുവന്‍ കൊളംബിയന്‍ സംഘത്തിന്റെ പ്രകടനങ്ങളില്‍ അതിശയിച്ചുനിന്നു. ലോകകപ്പ് കിരീടം നേടാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുളള ടീമായും കൊളംബിയ വിലയിരുത്തപ്പെട്ടു. സാക്ഷാല്‍ പെലെയും കൊളംബിയയാണ് ലോകകപ്പിലെ ഫേവറെറ്റുകളെന്ന് പ്രഖ്യാപിച്ചു.

Photo: Getty Images

എന്നാല്‍ 1993-ഡിസംബറില്‍ അധോലോകരാജാവ് പാബ്ലോ എസ്‌കോബാറിനെ വധിക്കുന്നതോടെ രാജ്യത്തെ സാഹചര്യം വീണ്ടും കലുഷിതമായി. കൊലപാതകങ്ങളും കവര്‍ച്ചകളും അനിയന്ത്രിതമായി വര്‍ധിച്ചു. ആഭ്യന്തരയുദ്ധത്തിന് സമാനമായ രീതിയിലേക്ക് കൊളംബിയ വലിച്ചെറിയപ്പെട്ടു. കൊളംബിയന്‍ മധ്യനിരക്കാരന്‍ ലൂയിസ് ഹെരേരയുടെ മകനെയടക്കം തട്ടിക്കൊണ്ടുപോയ സംഭവമുണ്ടായി. ഇതിനിടയിലാണ് 22 പേരടങ്ങുന്ന കൊളംബിയന്‍ ടീം ലോകകപ്പില്‍ പന്തുതട്ടാനിറങ്ങുന്നത്.

ലോകകപ്പിലെ ആദ്യ മത്സരത്തില്‍ തന്നെ കൊളംബിയ ഞെട്ടി. റൊമാനിയ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്ക് കൊളംബിയയയെ തകര്‍ത്തു. അടുത്ത മത്സരങ്ങളില്‍ വിജയിച്ച് ഗ്രൂപ്പ് കടക്കാമെന്ന കണക്കുകൂട്ടലിലായിരുന്നു ടീം. രണ്ടാം മത്സരത്തില്‍ ആതിഥേയരായ അമേരിക്കയായിരുന്നു എതിരാളികള്‍. താരതമ്യേന ദുര്‍ബലരായ അമേരിക്കയെ എളുപ്പത്തില്‍ പരാജയപ്പെടുത്താനാകുമെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ മൈതാനത്ത് മത്സരം കടുത്തു.

34-ാം മിനിറ്റിലാണ് അത് സംഭവിക്കുന്നത്. അമേരിക്കയുടെ ജോണ്‍ ഹാര്‍ക്‌സ് ഇടത് മൂലയില്‍ നിന്ന് നല്‍കിയ ക്രോസ് പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഡിഫന്‍ഡര്‍ എസ്‌കോബാറിന് പിഴച്ചു. എസ്‌കോബാറിന്റെ കാലില്‍ തട്ടിയ പന്ത് നേരെ വലയിലേക്ക്. സ്ഥാനം തെറ്റിയ ഗോള്‍കീപ്പര്‍ക്ക് ഒന്നും ചെയ്യാനായില്ല. സെല്‍ഫ് ഗോളടിച്ച എസ്‌കോബാര്‍ നിരാശയോടെ തിരിഞ്ഞുനടന്നു. 17-മിനിറ്റുകള്‍ക്ക് ശേഷം അമേരിക്ക വീണ്ടും ഗോള്‍വല കുലുക്കി. 90-ാം മിനിറ്റില്‍ അഡോള്‍ഫോ വലന്‍സിയ കൊളംബിയക്കായിഗോള്‍ നേടിയെങ്കിലും അവര്‍ക്ക് പരാജയത്തില്‍ നിന്ന് കരകയറാനായില്ല. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ സ്വിറ്റ്‌സര്‍ലന്റിനെ മറുപടിയില്ലാത്ത രണ്ടുഗോളുകള്‍ക്ക് പരാജയപ്പെടുത്തി. പക്ഷേ ഗ്രൂപ്പ് കടക്കാന്‍ അത് മതിയാകുമായിരുന്നില്ല. ഗ്രൂപ്പിലെ അവസാനസ്ഥാനക്കാരായി ടീം ലോകകപ്പില്‍ നിന്ന് പുറത്തായി.

സ്വര്‍ണമുടിവെച്ച മധ്യനിരയിലെ മാന്ത്രികന്‍ മൈതാനങ്ങളില്‍ നിരായുധനായി പോയതെന്തുകൊണ്ടാണ് ? അസ്പ്രില്ലയ്ക്ക് നിര്‍ണായകനിമിഷങ്ങളില്‍ ഗോളടിക്കാന്‍ കഴിയേണ്ടതായിരുന്നില്ലേ? ജോണ്‍ ഹാര്‍ക്‌സിന്റെ ക്രോസ് ഗോള്‍ വലയിലേക്കല്ലല്ലോ പതിക്കേണ്ടിയിരുന്നത് ? ചോദ്യങ്ങള്‍ക്കും തുടരെത്തുടരെ വന്ന ഭീഷണികള്‍ക്കും മുന്നില്‍ ഇങ്ങനെ പറഞ്ഞുവെച്ച് എസ്‌കോബാര്‍ നാട്ടിലേക്ക് മടങ്ങി- 'ജീവിതം ഇവിടെ അവസാനിക്കുന്നില്ല. നമുക്ക് മുന്നോട്ടുപോയേ പറ്റൂ.'

ഒരാഴ്ചയ്ക്കുശേഷം ജൂലൈ ഒന്നിന് രാത്രി സുഹൃത്തുകള്‍ക്കൊപ്പം എസ്‌കോബാര്‍ നൈറ്റ്ക്ലബ്ബിലെത്തി. ഏറെ നേരം അവിടെ ചിലവഴിച്ചു. പുലര്‍ച്ചെ മൂന്ന് മണിയോടടുത്ത് പോകാനൊരുങ്ങുമ്പോഴാണ് ഒരു സംഘം എസ്‌കോബാറുമായി തര്‍ക്കത്തിലേര്‍പ്പെടുന്നത്. ആക്രോശങ്ങള്‍ക്കും കടുത്ത വാക്‌പോരിനുമൊടുവില്‍ കൂട്ടത്തിലൊരാള്‍ തോക്കെടുത്ത് നിറയൊഴിച്ചു. എസ്‌കോബാറിന്റെ നെഞ്ചില്‍ നിരവധി വെടിയുണ്ടകളേറ്റു. ഓരോ തവണ വെടിയുതിര്‍ക്കുമ്പോഴും അവര്‍ 'ഗോള്‍' എന്നലറിവിളിച്ചുകൊണ്ടേയിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും എസ്‌കോബാറിന്റെ ജീവന്‍ രക്ഷിക്കാനായില്ല. ലോകം ഞെട്ടിത്തരിച്ച രാത്രി.

28 വര്‍ഷങ്ങള്‍ക്കിപ്പുറവും എസ്‌കോബാര്‍ നീറുന്ന ഓര്‍മയാണ്. കാല്‍പ്പന്ത് ചരിത്രത്തിലെ ഉണങ്ങാത്ത മുറിവ്. ഇപ്പോഴും ആ രണ്ടാം നമ്പറുകാരന്‍ കാല്‍പ്പന്ത് ലോകത്തെ ഓര്‍മിപ്പിച്ചുകൊണ്ടേയിരിക്കുന്നുണ്ട്. കളിക്കളങ്ങള്‍ വെറുപ്പിന്റേതും വിദ്വേഷത്തിന്റേതുമല്ല. അതിരുകളില്ലാത്ത ആനന്ദത്തിന്റെതാണ്. ആ ആനന്ദകല അണയാതിരിക്കട്ടെ.

Content Highlights: On this day: Andres Escobar murdered in wake of World Cup own goal

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022


08:52

ഒറ്റ രാത്രിയില്‍ രജീഷിന് നഷ്ടം 40 ലക്ഷം; ഒലിച്ചുപോയത് നാലേക്കര്‍ പൈനാപ്പിള്‍ തോട്ടം

Aug 5, 2022


04:08

എന്താണ് ലോൺ ബോൾസ്? കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ സ്വര്‍ണമണിഞ്ഞ ലോണ്‍ ബോള്‍സിനെ കുറിച്ച് അറിയാം..

Aug 6, 2022

Most Commented