Niclas Füllkrug | Photo: ANI
ദോഹ: നിക്ലാസ് ഫുള്‍ക്രുഗിന്റെ മുന്‍നിരയിലെ ഒരു പല്ല് നഷ്ടപ്പെട്ടതാണ്. ചിരിക്കുമ്പോള്‍ ഒരു വിടവ് കാണാം. ആ വിടവ് കണ്ടാണ് കൂട്ടുകാര്‍ താരത്തിന് 'ഗാപ്' എന്ന ഓമനപ്പേര് നല്‍കിയത്. ആരാണ് നിക്ലാസ് ഫുള്‍ക്രുഗ്? എവിടെനിന്നാണയാള്‍ പൊടുന്നനെ അവതരിച്ചത്? എന്ത് മായാജാലത്താലാണ് ജര്‍മനിക്ക് ഈ ലോകകപ്പില്‍ ശ്വാസം തിരിച്ചുകിട്ടിയ ഗോളുതിര്‍ത്തത്?
സ്പെയിന് ഒരു ഗോളിന് മുന്നിലെത്തിയതോടെ ജര്‍മനി പുറത്തേക്കുള്ള വഴികളിലായിരുന്നു. നിശ്ചിതസമയം തീരാന്‍ ഏഴ് മിനിറ്റ് മുമ്പുവരെ അവര്‍ എരിതീയിലായിരുന്നു. 83-ാം മിനിറ്റില്‍ ഫുള്‍ക്രുഗ് സ്പാനിഷ് നെറ്റിലേക്ക് നിറയൊഴിച്ചപ്പോള്‍ ജര്‍മനിക്ക് സ്പന്ദനം തിരിച്ചുകിട്ടി. ആ സമനില അവരെ ഈ ലോകകപ്പില്‍ നിലനിര്‍ത്തി. ആദ്യമത്സരം ജപ്പാനോട് തോല്‍ക്കുകയും രണ്ടാം മത്സരത്തില്‍ സ്പെയിനിനെപ്പോലൊരു കടുത്ത എതിരാളിയെ മുന്നില്ക്കിട്ടുകയും ചെയ്തപ്പോള്‍ ജര്‍മനി നേരിട്ടത് കഠിനമായ വെല്ലുവിളി.
29-കാരനായ ഫുള്‍ക്രുഗ് ഒരു ഗതികെട്ട ഫുട്ബോളറാണ്. പരിക്കുകള്‍ നിരന്തരം അലട്ടി. കാല്‍മുട്ടില്‍ നാല് ശസ്ത്രക്രിയകള്‍ കഴിഞ്ഞു. ഒരു വര്‍ഷം മുമ്പുവരെ അന്താരാഷ്ട്ര ഫുട്ബോളില്‍ ഒരു മിനിറ്റുപോലും കളിച്ചിട്ടില്ല. ക്ലബ്ബ് ഫുട്ബോളില്‍ മിക്കവാറും പകരക്കാരുടെ ബെഞ്ചില്‍. മൂന്നുവര്‍ഷമായി കളിക്കുന്നത് വെര്‍ഡര്‍ ബ്രെമനില്‍. കിട്ടിയ അവസരങ്ങളിലെല്ലാം ഗോളടിച്ച് മിടുക്കുകാട്ടി.
വെര്ഡറിനായ് 74 മത്സരങ്ങളില്‍ 39 ഗോളടിച്ചു. ജര്‍മന്‍ ദേശീയ ടീമിനുവേണ്ടി മുമ്പ് കളിച്ചത് രണ്ട് മത്സരങ്ങള്‍ മാത്രം. വെര്ഡറിനായ് കഴിഞ്ഞ സീസണില്‍ ഫുള്‍ക്രുഗ് 19 ഗോളുകളടിച്ചു, എട്ട് അസിസ്റ്റുമുണ്ട്.
ഈ സീസണില്‍ 14 കളിയില്‍ 10 ഗോളുമായി ബുണ്ടസ് ലിഗയിലെ ടോപ് സ്കോററാണ്. സെപ്റ്റംബറിലും ഒക്ടോബറിലും ലിഗയിലെ മികച്ചതാരത്തിനുള്ള പുരസ്കാരം കിട്ടി. ലോകകപ്പ് ടീമിലെത്താന്‍ സഹായിച്ചത് ഈ പ്രകടനങ്ങളാണ്. ഈ മാസം ആദ്യമാണ് ജര്‍മനിക്കുവേണ്ടി അരങ്ങേറിയത്.
Content Highlights: Who is Niclas Fullkrug? Goal scorer for Germany against Spain in the FIFA World Cup
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..