photo: Getty Images
ദോഹ: ലോകകപ്പ് ഗ്രൂപ്പ് സി യിലെ അവസാനമത്സരം ആവേശം നിറഞ്ഞതായിരുന്നു. മത്സരം നടക്കുമ്പോള്‍ ഗ്രൂപ്പ് പട്ടിക മാറിമറഞ്ഞുകൊണ്ടിരുന്നു. അവസാനമത്സരത്തില്‍ അര്‍ജന്റീന ഏകപക്ഷീയമായ രണ്ടുഗോളുകള്‍ക്ക് പോളണ്ടിനേയും മെക്സിക്കോ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് സൗദി അറേബ്യയേയും പരാജയപ്പെടുത്തി. ഒടുവില്‍ അര്‍ജന്റീനയും പോളണ്ടും ഗ്രൂപ്പ് സി യില്‍ നിന്ന് പ്രീ ക്വാര്‍ട്ടര്‍ പ്രവേശനവും നേടി. പക്ഷേ ഒരു ഗോള്‍ കൂടി നേടിയാല്‍ മെകിസ്ക്കോയ്ക്ക് പ്രീ ക്വാര്‍ട്ടറിലേക്ക് കടക്കാമായിരുന്നു. അതിന് സാധിച്ചില്ലെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാനാവാതെ മെക്സിക്കന്‍ ആരാധകര്‍ കണ്ണീരണിഞ്ഞു.
ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് മെസ്സിയും സംഘവും പ്രീ ക്വാര്‍ട്ടറിലേക്കെത്തിയത്. മൂന്ന് മത്സരങ്ങളില്‍ നിന്ന് രണ്ട് ജയവും ഒരു തോല്‍വിയുമടക്കം ആറ് പോയന്റാണ് അര്‍ജന്റീനക്കുള്ളത്.
എന്നാല്‍ പോളണ്ടിനും മെക്സിക്കോയ്ക്കും മൂന്ന് മത്സരങ്ങളില്‍ നിന്ന് നാല് പോയന്റുകളാണുള്ളത്. പോയന്റ് തുല്യമായതിനാല്‍ ഗോള്‍ വ്യത്യാസമാണ് പട്ടികയില്‍ മുന്നിലെത്തുന്നവരെ നിര്‍ണയിക്കുക. അവിടെ മെക്സിക്കോയ്ക്ക് പിഴച്ചു.
പോളണ്ടിന് ഗോള്‍ വ്യത്യാസം പൂജ്യമായിരുന്നു. മെക്സിക്കോയ്ക്ക് -1 ആണ് ഗോള്‍ വ്യത്യാസം. ഉയര്‍ന്ന ഗോള്‍ വ്യത്യാസത്തിന്റെ അടിസ്ഥാനത്തില്‍ പോളണ്ട് പ്രീ ക്വാര്‍ട്ടറിലേക്ക് കടന്നു.
എന്നാല്‍ ഒരു ഗോള്‍ കൂടി നേടിയിരുന്നെങ്കില്‍ അവര്‍ പ്രീ ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടുമായിരുന്നു. കാരണം ഗോളടിച്ചാല്‍ മെക്സിക്കോയ്ക്കും പോളണ്ടിനെപ്പോലെ പൂജ്യം ഗോള്‍ വ്യത്യാസമാകും. പിന്നെ പരിഗണിക്കുക ഗോള്‍ അടിച്ചതിന്റെ കണക്കാണ്. നിലവില്‍ ഇരുടീമുകളും രണ്ട് ഗോളുകളാണ് അടിച്ചത്. ഒരു ഗോള്‍ കൂടി നേടിയിരുന്നെങ്കില്‍ അവര്‍ ഗോള്‍ അടിച്ചതിന്റെ കണക്കില്‍ മുന്നിലെത്തുമായിരുന്നു. പോളണ്ടിനെ മറികടന്ന് പ്രീ ക്വാര്‍ട്ടറിലും എത്തുമായിരുന്നു.
മെക്സിക്കോയുടെ രണ്ട് ഗോളുകളാണ് ഓഫ്സൈഡായത്. അതില്‍ ഏതെങ്കിലുമൊന്ന് അനുവദിക്കപ്പെട്ടിരുന്നെങ്കില്‍ ചിത്രം മറ്റൊന്നാകുമായിരുന്നു. പക്ഷേ അതിന് അവര്‍ക്ക് സാധിച്ചില്ല. നിരാശയോടെ കണ്ണീരണിഞ്ഞ് മടങ്ങി.
Content Highlights: what if mexico scored one more goal
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..