ഇറാൻ താരം റാമിൻ റസായിയാനെ ആശ്വസിപ്പിക്കുന്ന യുഎസ്എയുടെ അന്റോണി റോബിൻസൺ | Photo: Getty Images
ലോകകപ്പില്‍ ഇറാനും അമേരിക്കയും തമ്മിലുള്ള മത്സരം ലോകം ആകാംക്ഷയോടെയാണ് ഉറ്റുനോക്കിയത്. ഇരുരാജ്യങ്ങള്‍ക്കും ഈ മത്സരം കളിക്കുമപ്പുറമുള്ള കാര്യമായിരുന്നു. രണ്ട് രാജ്യങ്ങളും തമ്മിലുള്ള അസ്വാരസ്യങ്ങളാണ് കാരണം. ഇറാന്റെ പതാകയില്‍ മാറ്റംവരുത്തി അമേരിക്ക സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തുവെന്ന വിവാദമാണ് അവസാനമുണ്ടായത്. അമേരിക്കയെ ലോകകപ്പില്‍നിന്ന് ഫിഫ പുറത്താക്കണമെന്ന് ഇറാന്റെ സര്‍ക്കാര്‍നിയന്ത്രണത്തിലുള്ള മാധ്യമം കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു.
ഇതിനെല്ലാം പിന്നാലെ അമേരിക്കയും ഇറാനും കളത്തില്‍ മത്സരിച്ചു. ഒരു സമനില മാത്രം മതിയായിരുന്നു ഇറാന് പ്രീ ക്വാര്‍ട്ടറില്‍ ഇടം നേടാന്‍. അവര്‍ നന്നായി പൊരുതുകയും ചെയ്തു. എന്നാല്‍ 38-ാം മിനിറ്റില്‍ ക്രിസ്റ്റ്യന്‍ പുലിസിച്ച് നേടിയ ഗോളില്‍ യുഎസ്എ പ്രീ ക്വാര്‍ട്ടറിലെത്തി. അഞ്ചു പോയിന്റായിരുന്നു യുഎസ്എയുടെ സമ്പാദ്യം. മൂന്ന് പോയിന്റുള്ള ഇറാന് പുറത്താകുകയും ചെയ്തു. ഗ്രൂപ്പ് ബിയില്‍ നിന്ന് യുഎസ്എയ്ക്കൊപ്പം ഇംഗ്ലണ്ടും പ്രീ ക്വാര്‍ട്ടര്‍ ടിക്കറ്റെടുത്തു.
മത്സരശേഷം ഇറാന് താരങ്ങളെ ഗ്രൗണ്ടില്‍ കണ്ടത് വളരെയധികം നിരാശയോടെയാണ്. പലരും ഗ്രൗണ്ടില്‍ മുഖംപൊത്തിയിരുന്നു. ചിലര്‍ തലയില്‍വെച്ചു. എന്നാല്‍ ഇറാന് പ്രതിരോധ താരം റാമിന് റസായിയാന് സങ്കടം സഹിക്കാനായില്ല. അദ്ദേഹം ഗ്രൗണ്ടില്‍ പൊട്ടിക്കരഞ്ഞു. ഈ സമയത്ത് റാമിനിന് ആശ്വാസവുമായി യുഎസ്എ താരം അന്റോണി റോബിന്‍സണ്‍ അടുത്തെത്തി. റാമിനിനെ അന്റോണി ചേര്‍ത്തുപിടിച്ചു. ഒരു കുഞ്ഞിനെപ്പോലെ റാമിന് അന്റോണിയുടെ നെഞ്ചിലേക്ക് ചാഞ്ഞു.
ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു. കളത്തിന് പുറത്തുള്ള ഇരുരാജ്യങ്ങളുടേയും രാഷ്ട്രീയപ്പോര് ഗ്രൗണ്ടില്‍ മായ്ക്കപ്പെടുന്ന മനോഹരമായ വീഡിയോ എന്ന കുറിപ്പോടെ നിരവധി പേര് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. ഫുട്ബോളിലെ മനോഹരമായ നിമിഷങ്ങളില്‍ ഒന്നാണ് ഇതെന്നും ആരാധകര്‍ പറയുന്നു.
Content Highlights: us footballer hugs heartbroken iranian player viral video social media
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..