Photo: AP
ദോഹ: സൂപ്പര്‍താരം നെയ്മര്‍ പരിക്കുമൂലം അടുത്ത രണ്ടുകളികള്‍ക്കില്ലെന്ന് വ്യക്തമായതോടെ ബ്രസീല്‍ ടീമിന്റെ ഗെയിംപ്ലാനിലും തന്ത്രങ്ങളിലും പരിശീലകന് വരുത്തുന്ന മാറ്റത്തെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഫുട്ബോള്‍ലോകം.
2014 ലോകകപ്പില്‍ നെയ്മറിനേറ്റ പരിക്കാണ് ബ്രസീലിന്റെ വിധിയെഴുതിയത്. എന്നാല്‍, അതിനുശേഷം ബ്രസീല്‍ ഏറെ കളികള്‍ കണ്ടുകഴിഞ്ഞു. ടിറ്റെയാകട്ടെ നെയ്മര്‍ ഇല്ലാത്ത ബ്രസീലുമായി 25 മത്സരങ്ങളും പിന്നിട്ടിട്ടുണ്ട്. നെയ്മറിനുപുറമേ എട്ട് അറ്റാക്കര്‍മാരെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയതില്‍ത്തന്നെ വ്യക്തമായ പ്ലാന്‍ ടിറ്റെക്കുണ്ട്.
നെയ്മറില്ലാതെ കളിച്ചുജയിക്കാമെന്ന് 2019 കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ത്തന്നെ ടിറ്റെ തെളിയിച്ചിട്ടുണ്ട്. അന്ന് സെമിയില്‍ അര്‍ജന്റീനയെയും ഫൈനലില്‍ പെറുവിനെയും തോല്‍പ്പിച്ചാണ് ബ്രസീല്‍ കപ്പുയര്‍ത്തിയത്. ടൂര്‍ണമെന്റില്‍ പരിക്കുമൂലം നെയ്മര്‍ക്ക് കളിക്കാന്‍ കഴിഞ്ഞിരുന്നില്ല.
നെയ്മറില്ലാതെ അവസാനം ബ്രസീല്‍ കളിച്ചത് 2022 മാര്‍ച്ച് 30-ന് ബൊളീവിയക്കെതിരേയാണ്. മത്സരത്തില്‍ 4-0-ത്തിന് ടീം ജയിച്ചു. 4-2-3-1 ശൈലിയിലാണ് ടിറ്റെ ടീമിനെ ഇറക്കിയത്. ലോകകപ്പില്‍ തിങ്കളാഴ്ച സ്വിറ്റ്സര്‍ലന്‍ഡിനെതിരേയാണ് ബ്രസീലിന്റെ അടുത്തമത്സരം.
അലകും പിടിയും മാറും
സെര്‍ബിയക്കെതിരേ സ്ട്രൈക്കറുടെ തൊട്ടുതാഴെയാണ് നെയ്മര്‍ കളിച്ചത്. 4-2-3-1 ശൈലിയിലാണ് ടിറ്റെ ടീമിനെ ഇറക്കിയതെങ്കിലും 4-2-4 ശൈലിയിലായിരുന്നു ടീമിന്റെ ആക്രമണരീതി. നെയ്മര്‍-റിച്ചാലിസന് എന്നിവര്‍ മധ്യഭാഗത്തും വിനീഷ്യസ്, റഫീന്യോ എന്നിവര്‍ വിങ്ങുകളിലൂടെയും ആക്രമണം നടത്തി.
നെയ്മറുടെ അഭാവത്തില്‍ ലുക്കാസ് പക്വിറ്റോ അറ്റാക്കിങ് മിഡ്ഫീല്‍ഡിലേക്ക് വരാനാണ് സാധ്യത. അങ്ങനെയെങ്കില്‍ കാസെമിറൊയ്ക്കൊപ്പം ഫ്രെഡോ ബ്രൂണോ ഗുയ്മെറാസോ ഡിഫന്‍സീവ് മിഡ്ഫീല്ഡിലെത്തും. കഴിഞ്ഞമത്സരത്തില്‍ നെയ്മര്‍ കയറിയപ്പോള്‍ റോഡ്രിഗോയായിരുന്നു ആ പൊസിഷനില്‍ വന്നത്.
ക്രിയേറ്റീവ് മിഡ്ഫീല്ഡറുടെ അഭാവനൃമുള്ളതിനാല് റോഡ്രിഡോ, ഗബ്രിയേല്‍ ജെസ്യൂസ്, പെഡ്രോ എന്നിവരിലൊരാളെ പരീക്ഷിക്കാന്‍ ടിറ്റെ മുതിരുമോയെന്ന് കണ്ടറിയണം. കഴിഞ്ഞമത്സരത്തില്‍ നെയ്മറിന് കാര്യമായ സ്വാധീനമുണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല. 83 ടച്ചുകളും 42 പാസുകളുമാണ് താരത്തില്നിന്നുണ്ടായത്. ഒമ്പതുതവണ ഫൗള്‍ ചെയ്യപ്പെട്ടത് കളിയെ കാര്യമായി ബാധിച്ചു.
Content Highlights: neymar, brazil, tite
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..