മുള്‍മുനയില്‍ ഫ്രാന്‍സ്; കഴിഞ്ഞ മൂന്ന് ലോകകപ്പിലും നിലവിലെ ചാമ്പ്യന്മാര്‍ ആദ്യറൗണ്ടില്‍ പുറത്ത്


പി.ടി ബേബി

2018 ലോകകപ്പിൽ ദക്ഷിണ കൊറിയയോട് തോറ്റ ജർമൻ താരങ്ങളുടെ നിരാശ | Photo: Reuters

മോസ്‌കോ ലുഷ്നിക്കി സ്റ്റേഡിയത്തിലെത്തുമ്പോള്‍ ആദ്യത്തെ ആകര്‍ഷണം സോംബ്രേറോ തൊപ്പികളണിഞ്ഞ് ആടിത്തിമര്‍ക്കുന്ന മെക്‌സിക്കന്‍ ആരാധകരാണ്. അവരോടൊപ്പം കൂടി. പിന്നീട് തിരിച്ചുവാങ്ങിയെങ്കിലും അവര്‍ ഒരു തൊപ്പിയും സമ്മാനിച്ചു. 2018 ജൂണ്‍ 17, അന്നാണ് ജര്‍മനി - മെക്‌സിക്കോ മത്സരം. നിലവിലെ ചാമ്പ്യന്മാര്‍ എന്ന പ്രൗഢിയോടെയെത്തുന്ന ജര്‍മനിക്ക് മെക്‌സിക്കോ വലിയ എതിരാളിയല്ല. പക്ഷേ, ആ രാത്രിയില്‍ ലുഷ്നിക്കി സ്തബ്ധമായി. ജര്‍മനി അട്ടിമറിക്കപ്പെട്ടു.

അടുത്ത മത്സരത്തില്‍ സ്വീഡനെ തോല്‍പ്പിച്ചെങ്കിലും അവസാന ഗ്രൂപ്പ് മത്സരത്തില്‍ ദക്ഷിണ കൊറിയയോട് 2-0ന് തോറ്റ് ജര്‍മനി ലോകകപ്പിന് പുറത്ത്. ഇഞ്ചുറി ടൈമിന്റെ നാല്, ആറ് മിനിറ്റുകളിലായിരുന്നു ജര്‍മനിയുടെ വിവശതയിലേക്ക് കൊറിയ ഗോളുകള്‍ വര്‍ഷിച്ചത്.

ആ ലോകകപ്പോടെ ഒരു കാര്യം ഉറപ്പിച്ചു, ആദ്യറൗണ്ടില്‍ പുറത്താവുക നിലവിലെ ചാമ്പ്യന്മാരുടെ ശാപമാണ്. മാളികമുകളേറിയ മന്നന്റെ തോളില്‍ മാറാപ്പ്. തുടര്‍ച്ചയായ മൂന്നാംലോകകപ്പിലാണ് അത് സംഭവിച്ചത്. 2010-ല്‍ ഇറ്റലിയും 2014-ല്‍ സ്‌പെയിനും ആ ശാപത്തിന് ഇരയായി. ദക്ഷിണാഫ്രിക്കയില്‍ നടന്ന ലോകകപ്പില്‍ ഇറ്റലി ഒറ്റക്കളിയും ജയിച്ചില്ല. അവസാന മത്സരത്തില്‍ സ്ലോവാക്യയോട് 3-2ന് തോറ്റു. ബ്രസീല്‍ ലോകകപ്പില്‍ ആദ്യമത്സരത്തില്‍ത്തന്നെ സ്‌പെയിന്‍ ഞെട്ടിവിറച്ചു. നെതര്‍ലന്‍ഡ്സിനോട് 5-1ന് തോറ്റു. അടുത്ത കളിയില്‍ ചിലിയോടും തോറ്റു. അവസാന മത്സരത്തില്‍ ഓസ്ട്രേലിയയെ തോല്‍പ്പിച്ചെങ്കിലും ഫലമുണ്ടായില്ല. കഴിഞ്ഞ മൂന്ന് ലോകകപ്പിലും നിലവിലെ ചാമ്പ്യന്മാരുടെ ഏറ്റവും മികച്ച 'പ്രകടനം' സ്‌പെയിനിന്റേതാണ്, ഗ്രൂപ്പില്‍ മൂന്നാംസ്ഥാനം!

ഇത്തവണ ഖത്തറില്‍ ആദ്യമത്സരത്തിനൊരുങ്ങുമ്പോള്‍ നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സിന് ഈ ദുര്‍വിധി ഒരു ഉള്‍ക്കിടിലമുണ്ടാക്കാം. കൂനിന്‍മേല്‍ കുരുവായി പരിക്കുകളും. പരിക്കേറ്റ് പുറത്തായവരുടെ ഒരു ഇലവന്‍ തന്നെ അവര്‍ക്കുണ്ടാക്കാം. കരിം ബെന്‍സമ പുറത്തായതാണ് ഒടുവിലത്തെ വെള്ളിടി. പോള്‍ പോഗ്ബ, എന്‍ഗോളോ കാന്റെ എന്നീ പ്ലേമേക്കര്‍മാര്‍ നേരത്തേ പുറത്തായിരുന്നു. ഓസ്ട്രേലിയ, ഡെന്മാര്‍ക്ക്, ടുണീഷ്യ എന്നിവരുള്‍പ്പെട്ട ഗ്രൂപ്പില്‍നിന്ന് ഫ്രാന്‍സ് അനായാസം പ്രീക്വാര്‍ട്ടറിലെത്തുമെന്ന് വേണമെങ്കില്‍ കണക്കുകൂട്ടാം.

ആദ്യറൗണ്ടില്‍ പുറത്താകുന്നത് ഫ്രാന്‍സിന് പുത്തരിയല്ല. 1998-ല്‍ ആദ്യമായി ലോക ചാമ്പ്യന്മാരായ ഫ്രാന്‍സ് അടുത്ത ലോകകപ്പിന്റെ ആദ്യറൗണ്ടില്‍ ദയനീയമായി കീഴടങ്ങി. കിട്ടിയത് ഒരു പോയന്റ്, ഒറ്റഗോള്‍പോലും അടിക്കാനായില്ല. 2010-ല്‍ ഒരു ഗോളടിച്ചു. ഗ്രൂപ്പില്‍ നാലാം സ്ഥാനക്കാരായി പുറത്ത്. അന്ന് നിലവിലെ ചാമ്പ്യനെന്ന പകിട്ടുണ്ടായിരുന്നില്ല.

1966-ല്‍ ബ്രസീലാണ് ഇവ്വിധം പുറത്തായി ഫുട്ബോള്‍ ലോകത്തെ ഞെട്ടിച്ചത്. പെലെയും ഗാരിഞ്ചയും ഉള്‍പ്പെട്ട ടീം ലോകകിരീടം നിലനിര്‍ത്താനാണ് ഇംഗ്ലണ്ടിലെത്തിയത്. ആദ്യമത്സരത്തില്‍ ബള്‍ഗേറിയയെ 2-0ന് തോല്‍പ്പിച്ചു. പെലെയും ഗാരിഞ്ചയും തുടര്‍ച്ചയായി മൂന്ന് ലോകകപ്പുകളില്‍ ഗോളടിക്കുന്ന ആദ്യതാരങ്ങളായി. എന്നാല്‍, ബള്‍ഗേറിയന്‍ താരങ്ങളുടെ ഫൗളില്‍ വശംകെട്ട പെലെയ്ക്ക് അടുത്ത മത്സരത്തില്‍ കളിക്കാനായില്ല. ഹംഗറിയോട് 3-1ന് തോല്‍വി. അടുത്ത മത്സരത്തില്‍ പെലെ തിരിച്ചെത്തിയെങ്കിലും പോര്‍ച്ചുഗലിനോട് കീഴടങ്ങി ബ്രസീല്‍ പുറത്ത്.

ഇത് ലോകവേദിയാണ്. എന്തും സംഭവിക്കാം. അപ്രവചനീയമായ ലോകകപ്പില്‍ അറേബ്യന്‍ അദ്ഭുതലോകത്തും വിസ്മയം പ്രതീക്ഷിക്കാം.

ഖത്തര്‍ ലോകകപ്പ് വാര്‍ത്തകള്‍, ഫീച്ചറുകള്‍, ചിത്രങ്ങള്‍, വിശകലനങ്ങള്‍ എന്നിവയ്ക്കായി
Join whatsapp Group
https://mbi.page.link/1pKR

Content Highlights: the world cup champions curse will france continue long line of title holders


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022

Most Commented