വെള്ളപ്പേപ്പറില്‍ കുത്തിവരച്ചത് പോലെ, ടിക് ടിക് - ടാക്കയുമായി അമ്പരപ്പിച്ച് സ്‌പെയിന്‍


അനീഷ് പി. നായര്‍

പ്രതീകാത്മക ചിത്രം | Photo: മാതൃഭൂമി

ദോഹ: നിറയെ കുത്തിവരയിട്ട വെള്ളപ്പേപ്പര്‍ പോലെ തോന്നും കോസ്റ്ററീക്കയ്‌ക്കെതിരായ മത്സരത്തിലെ സ്‌പെയിനിന്റെ പാസ് മാപ്പ് കണ്ടാല്‍. എതിരാളിക്ക് പന്ത് നല്‍കാതെ പാസ്സുകള്‍കൊണ്ട് സ്‌പെയിന്‍ കളിക്കുന്നതില്‍ ആര്‍ക്കും അദ്ഭുതം തോന്നാറില്ല. എന്നാല്‍, അതിനൊപ്പം ഗോളുകളടിച്ചുകൂട്ടി ലോകകപ്പിലെ ആദ്യകളിയില്‍തന്നെ ഫുട്ബോള്‍ ലോകത്തെ അമ്പരപ്പിക്കുകയാണ് ലൂയി എന്റീക്കെയുടെ സ്പാനിഷ് സംഘം.

2010-ലാണ് ടിക്കി-ടാക്കയുമായി വന്ന് സ്‌പെയിന്‍ ഫുട്ബോള്‍ ലോകത്തെ ആദ്യം അമ്പരപ്പിച്ചത്. പന്തുമായി സ്വയം കളിച്ചര്‍മാദിക്കുന്ന അവരുടെ ശൈലിക്കുമുന്നില്‍ എതിരാളികള്‍ വീണുപോയി. ടീം കപ്പുയര്‍ത്തുകയും ചെയ്തു. അന്ന് ഭൂരിഭാഗം സമയത്തും പന്ത് കൈവശം വെച്ച് കളിക്കുകയും ആരാധകരെ ആനന്ദിപ്പിക്കുകയും ചെയ്‌തെങ്കിലും എട്ട് ഗോളുകള്‍ മാത്രമാണ് ടീം നേടിയിരുന്നത്.ഇത്തവണ ടിക്കി-ടാക്കയുടെ പരിഷ്‌കൃതരൂപവുമായി വന്ന സ്‌പെയിന്‍ പാസ്സിങ്ങിലും ബോള്‍ പൊസിഷനിലും അന്നത്തെപോലെ കളിക്കുകയും ആദ്യകളിയില്‍തന്നെ ഏഴ് ഗോളുകളും നേടുന്നു. അവിടെയാണ് സ്‌പെയിനിന്റെ പുതിയ ടിക്കി-ടാക്ക മാരകരൂപം പ്രാപിക്കുന്നത്.

ഇഞ്ചുറി ടൈമടക്കം 102 മിനിറ്റാണ് കോസ്റ്ററീക്കയ്‌ക്കെതിരേ സ്‌പെയിന്‍ കളിച്ചത്. 1043 പാസ്സുകളാണ് ഇതിനുള്ളില്‍ ടീമില്‍നിന്നുണ്ടായത്. അതായത് ഒരോ മിനിറ്റിലും ശരാശരി പത്ത് പാസ്സുകള്‍ വീതം. ഇതില്‍ 976 പാസ്സുകള്‍ പൂര്‍ത്തിയാക്കിയവയാണ്. ആദ്യപകുതിയില്‍ 574 പാസ്സുകളാണ് ടീം കളിച്ചത്.

ഇതില്‍ പൂര്‍ത്തിയാക്കിയ പാസ്സുകള്‍ 537 ആണ്. 1001 കുറിയ പാസ്സുകളാണ് ടീം കളിച്ചത്. 36 തവണ എതിരാളിയുടെ പെനാല്‍ട്ടി ബോക്‌സിലേക്ക് കയറാനുമായി. ആദ്യകളിയില്‍തന്നെ 1210 ടച്ചുകളും ടീമില്‍ നിന്നുണ്ടായി. മത്സരത്തില്‍ 7-0ത്തിന് ടീം ജയിച്ചുകയറുകയും ചെയ്തു.

ഗോളടിക്കാതെ വെറുതെ പന്ത് തട്ടുന്ന സംഘമെന്ന വിമര്‍ശനത്തിന്റെ മുനയാണ് ആദ്യകളിയില്‍ത്തന്നെ എന്റീക്കെ ഒടിച്ചുകളഞ്ഞത്. ഏഴ് ഗോളുകള്‍ക്കൊപ്പം സ്‌കോറിങ് രീതിയും ആറ് വ്യത്യസ്ത സ്‌കോറേഴ്സും എന്റീക്കെയുടെ പദ്ധതി ശരിയായ ദിശയിലാണെന്ന സൂചന നല്‍കുന്നു.

പെനാല്‍ട്ടികിക്ക് ഒഴിവാക്കിയാല്‍ ബാക്കി ആറ് ഗോളുകളും ക്ലിനിക്കല്‍ ഫിനിഷിങ്ങാണ്. മുന്നേറ്റത്തില്‍ ഡാനി ഒല്‍മോ- മാര്‍ക്കോ അസെന്‍സിയോ-ഫെറാന്‍ ടോറസ് ത്രയത്തിന്റെ ആക്രമണത്തിന് വൈവിധ്യമുണ്ട്. അത് കോസ്റ്ററീക്കയ്‌ക്കെതിരേ വെളിപ്പെടുകയും ചെയ്തു.

മധ്യനിരയിലാണ് സ്‌പെയിനിന്റെ കളി. 18-കാരന്‍ ഗാവിയുടെയും 19-കാരന്‍ പെഡ്രിയുടെയും വയസ്സ് തമ്മില്‍ കൂട്ടി മൂന്ന് കുറച്ചാല്‍ ഒപ്പം കളിക്കുന്ന സെര്‍ജി ബുസ്‌കെറ്റ്സിന്റെ പ്രായമാകും. എന്നാല്‍, ഈ മൂപ്പിളമയില്ലാതെയാണ് മൂവര്‍സംഘത്തിന്റെ കളി. കോസ്റ്ററീക്കയ്‌ക്കെതിരേ ബുസി 96 പാസ്സുകളും പെഡ്രി 89 പാസ്സുകളും ഗാവി 74 പാസ്സുകളുമുണ്ടാക്കി.

ഡിഫന്‍സീവ് ഡ്യൂട്ടി കൂടിയുള്ള ബുസ്‌കെറ്റ്സ് 102 തവണയാണ് പന്ത് ടച്ച് ചെയ്തത്. പെഡ്രിക്ക് 92 ടച്ചുകളും ഗാവിക്ക് 95 ടച്ചുകളുമുണ്ട്. സ്‌പെയിന്‍ കളിക്കുമ്പോള്‍ ഫുട്ബോള്‍ മൈതാനം ഒരു ചിലന്തിവല പോലെയാകുന്നു. ഓരോ സെക്കന്‍ഡിലും എതിരാളിയെ കുരുക്കാനുള്ള വലനെയ്താണ് അവരുടെ കളി. പന്ത് കിട്ടാതെ, ഓടിത്തളര്‍ന്നാണ് ആ വലയില്‍ കോസ്റ്ററീക്ക വീണത്.

Content Highlights: spain, passing game


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022

Most Commented