അബൂബക്കറിനെ അഭിനന്ദിക്കുകയും ചുവപ്പുകാർഡ് കാണിക്കുകയും ചെയ്യുന്ന റഫറി. photo: AP, Edbowh/twitter
ദോഹ: മത്സരത്തിനിടെ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായ ഒരു താരം ഇത്രയധികം സന്തോഷത്തോടെ രാജ്യത്തിന്റെ ഹീറോയായി ഗ്രൗണ്ട് വിടുന്ന കാഴ്ച ഫുട്ബോള്‍ ചരിത്രത്തില്‍ ഇതാദ്യമായിരിക്കും. ബ്രസീലിനെതിരായ നിര്‍ണായക മത്സരത്തില്‍ ചുവപ്പുകാര്‍ഡ് കിട്ടി മടങ്ങിയ കാമറൂണ്‍ നായകന് വിന്‍സന്റ് അബൂബക്കറാണ് ഇത്തരത്തില്‍ ഫുട്ബോള്‍ പ്രേമികളുടെ മനം കവര്‍ന്നത്. ഇഞ്ചുറി ടൈമിലെ അവിശ്വസനീയമായ ഹൈഡ്ഡര്‍ ഗോളിലൂടെ അബൂബക്കര്‍ കാമറൂണിനെ മുന്നിലെത്തിച്ചതിന് പിന്നാലെയായിരുന്നു നാടകീയ രംഗങ്ങള്‍.
ജേഴ്സി ഊരി അബൂബക്കര്‍ ഗോള്‍നേട്ടം ആഘോഷിച്ചതോടെ റഫറി മഞ്ഞ കാര്‍ഡ് ഉയര്‍ത്തി. മത്സരത്തില്‍ നേരത്തെ ഒരു മഞ്ഞ കാര്‍ഡ് കണ്ട അബൂബക്കര്‍ ഇതോടെ രണ്ട് മഞ്ഞ കാര്‍ഡ് വാങ്ങി കളം വിടാന്‍ നിര്‍ബന്ധിതനായി. റഫറി ഫൗള്‍ വിളിച്ചപ്പോഴും അതൊന്നും ഇനി വലിയ കാര്യമല്ലെന്ന മട്ടില്‍ അഞ്ച് തവണ ലോകചാമ്പ്യന്മാരായ ബ്രസീലിനെ തറപറ്റിച്ച സന്തോഷത്തിലായിരുന്നു താരം. അബൂബക്കറിനടുത്തേക്കെത്തി ചുവപ്പ് കാര്‍ഡ് ഉയര്‍ത്തുംമുമ്പ് മുമ്പ് റഫറി ഇസ്മയില്‍ ഇല്‍ഫാത്ത് താരത്തെ അഭിനന്ദിച്ച രംഗവും കാല്‍പ്പന്ത് കളിയുടെ മനോഹരക്കാഴ്ചയായി.
റഫറി കൈകൊടുത്തും തലയില്‍ തട്ടിയും അബൂബക്കറിനെ അഭിനന്ദിക്കുന്ന വീഡിയോകളും സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. റെഡ് കാര്‍ഡിനെ വരെ അപ്രസക്തമാക്കിയ നിമിഷമായിരുന്നു അത്. ടീമിന്റെ വിജയം ഉറപ്പാക്കിയതോടെ കൈ ഉയര്‍ത്തി കാണികളെയും സഹതാരങ്ങളെയും അഭിവാദ്യം ചെയ്തായിരുന്നു താരത്തിന്റെ മടക്കവും
പ്രീക്വാര്‍ട്ടര്‍ കാണാതെ ടീം പുറത്തായിട്ടും കിരീടം നേടിയതിനോളം ആഹ്ലാദത്തിലേക്ക് രാജ്യത്തെ നയിക്കാനും അബൂബക്കറിനായി. 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് 2002ലെ ലോകകപ്പിലായിരുന്നു ഇതിന് മുമ്പ് കാമറൂണ്‍ അവസാനമായി ഒരു ലോകകപ്പ് മത്സരം ജയിച്ചത്. ഈ ലോകകപ്പില്‍ ബ്രസീലിനെതിരേ ഗോള്‍ നേടുന്ന ആദ്യ താരമായും ലോകകപ്പ് ചരിത്രത്തില്‍ തന്നെ ബ്രസീലിനെതിരേ ഗോള്‍ നേടുന്ന ആദ്യ ആഫ്രിക്കന്‍ താരമായും അബൂബക്കര്‍ മാറി.
ലോകകപ്പില്‍ ഒരു ആഫ്രിക്കന്‍ രാജ്യത്തോടുള്ള ബ്രസീലിന്റെ ആദ്യ തോല്‍വി കൂടിയാണിത്. ഈ നൂറ്റാണ്ടില്‍ നടന്ന ലോകകപ്പുകളില്‍ ഗ്രൂപ്പ് മത്സരത്തില്‍ ബ്രസീല്‍ തോല്ക്കുന്നതും ഇതാദ്യമാണ്.
Content Highlights: referee shakes aboubakar's hand before whowing him a red card
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..