photo: Getty Images
ആതിഥേയരായ ഖത്തറിന് പുറത്തേക്ക് വഴിതുറന്ന് ആറാംദിനത്തിലെ ലോകകപ്പ് മത്സരം. വെള്ളിയാഴ്ച നടന്ന പോരാട്ടത്തില്‍ ആഫ്രിക്കന്‍ ടീമായ സെനഗല്‍, ഖത്തറിനെ തോല്‍പ്പിക്കുകയും (3-1) മറ്റൊരു മത്സരത്തില്‍ എക്വഡോര്‍, നെതര്‍ലന്‍ഡ്സിനെ സമനിലയില്‍ (1-1)തളയ്ക്കുകയും ചെയ്തു. ഖത്തറിന് രണ്ടുകളിയില്‍ നിന്ന് പോയിന്റൊന്നുമില്ല. എക്വഡോറിനും നെതര്‍ലന്‍ഡ്സിനും നാല് പോയിന്റ് വീതമായി. വെള്ളിയാഴ്ച ഏഷ്യന്‍ വിജയങ്ങള്‍ക്ക് തുടര്‍ച്ച നല്കി ഗ്രൂപ്പ് ബിയില്‍ ഇറാന് വെയില്‍സിനെ എതിരില്ലാത്ത രണ്ടുഗോളിന് തോല്പിച്ചു. ഇതോടെ മൂന്നുപോയിന്റ് സ്വന്തമാക്കി ഇറാന് മുന്നേറ്റസാധ്യതകള് സജീവമാക്കി. രണ്ടുകളിയില്‍ നിന്ന് ഒരു പോയിന്റ് മാത്രമുള്ള വെയില്‍സിന്റെ നില പരുങ്ങലിലായി. ഗ്രൂപ്പ് ബി-യില്‍ ശനിയാഴ്ച പുലര്‍ച്ചെ നടന്ന മത്സരത്തില്‍ ഇംഗ്ലണ്ടിനെ സമനിലയില്‍ കുരുക്കിയ (0-0) അമേരിക്ക പ്രീക്വാര്‍ട്ടര്‍ സാധ്യത നിലനിര്‍ത്തി.
ഖത്തറിന് കീഴടക്കി സെനഗലിന് ആദ്യജയം
ഖത്തറിനെതിരേ ബൗലായെ ഡിയ, ഫമാറ ദിയെദ്യു, ബാംബ ഡിയേങ് എന്നിവര്‍ സെനഗലിന്റെ ഗോള്‍ നേടിയത്. മുഹമ്മദ് മുന്താരിയിലൂടെ ഖത്തര്‍, ലോകകപ്പ് ചരിത്രത്തിലെ തങ്ങളുടെ ആദ്യ ഗോള്‍ സ്വന്തമാക്കി. സാദിയോ മാനെയില്ലാത്ത സെനഗലിനെതിരേ സമനിലയെങ്കിലും പിടിക്കാമെന്ന പ്രതീക്ഷ ആതിഥേയരായ ഖത്തറിനുണ്ടായിരുന്നു. എന്നാല്‍ സ്വന്തം മണ്ണില്‍ ഖത്തറിന്റെ മോഹങ്ങളെ തല്ലിക്കൊഴിച്ചുകൊണ്ട് ആഫ്രിക്കന്‍ ചാമ്പ്യന്മാര് ലോകകപ്പ് ഫുട്ബോളില്‍ ആദ്യജയം കുറിച്ചു. സെനഗല്‍ 3-1നാണ് ഖത്തറിനെ തോല്‍പ്പിച്ചത്. മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തിയത് സെനഗലായിരുന്നെങ്കിലും ചില മികച്ച നീക്കങ്ങളിലൂടെ ഖത്തര്‍ ആരാധകരുടെ മനം കവര്‍ന്നു. ഫിനിഷിങ്ങിലെ പിഴവുകളാണ് ഖത്തറിന് തിരിച്ചടിയായത്. മറുവശത്ത് ടൂര്‍ണമെന്റിലെ ആദ്യ വിജയവുമായി സെനഗല്‍ നോക്കൗട്ട് റൗണ്ട് സാധ്യതകള്‍ സജീവമാക്കി.
ഇന്‍ക്രെഡിബിള്‍ ഇറാന്- വെയില്‍സിനെതിരേ രണ്ട് ഗോളുകള്‍ക്ക് ജയം
'ഇഞ്ചുറി' സമയത്ത് നേടിയ രണ്ടുഗോളിന് വെയില്‍സിനെ തകര്‍ത്ത് ഇറാന് ഖത്തര്ലോകകപ്പില് ഏഷ്യന്‍ വിജയത്തിന്റെ ഒരധ്യായം കൂടി എഴുതിച്ചേര്‍ത്തു. ഇഞ്ചുറിസമയത്തിന്റെ എട്ടാം മിനിറ്റില്‍ റൂസ്ബേ ചെഷ്മിയും 11-ാം മിനിറ്റില്‍ റാമിന് റെസായ്നും ഇറാന്റെ ഗോള്‍ നേടി. വെയ്ല്‍സ് ഗോളി ചുവപ്പുകാര്‍ഡുകണ്ട് പുറത്തായശേഷമാണ് ഗോള്‍ വന്നത്. ആദ്യമത്സരത്തില്‍ അമേരിക്കയോട് സമനിലവഴങ്ങിയ വെയ്ല്‍സിന് ഈ തോല്‍വിയോടെ മുന്നോട്ടുപോക്ക് ബുദ്ധിമുട്ടായി. അടുത്തമത്സരത്തില്‍ കരുത്തരായ ഇംഗ്ലണ്ടാണ് അവരുടെ എതിരാളി. ഇറാന് താരം മെഹ്ദി തരേമിയെ ബോക്സില്‍നിന്ന് ഏറെ പുറത്തിറങ്ങിവന്ന് വീഴ്ത്തിയതിനാണ് വെയ്ല്‍സ് ഗോളി ഹെന്നെസേക്ക് ചുവപ്പുകാര്‍ഡ് കിട്ടിയത്.
ഡച്ചിനെ പൂട്ടി എക്വഡോർ- സമനിലകുരുക്ക്
എതിരാളിയുടെ പെരുമയെ ഭയക്കാതെ കളിച്ച് സമനില നേടിയ എക്വഡോര്‍ നോക്കൗട്ട് റൗണ്ടിലേക്കുളള വാതില്‍ തുറന്നിട്ടു. ലോകകപ്പ് ഫുട്ബോളിലെ ഗ്രൂപ്പ് എ യില്‍ 1-1 നാണ് എക്വഡോറും നെതര്‍ലന്‍ഡ്സും സമനിലയില്‍ പിരിഞ്ഞത്. ഇതോടെ ആതിഥേയരായ ഖത്തര്‍ നോക്കൗട്ട് റൗണ്ടില്‍ കടക്കാതെ പുറത്താകുന്ന ആദ്യ ടീമായി.
ഡച്ച് ടീമിനായി കോഡി ഗാക്പോയും (ആറ്), എക്വഡോറിനായി എന്നെര്‍ വലന്‍സിയയും (49) ലക്ഷ്യം കണ്ടു. കളിയുടെ തുടക്കത്തില്‍ തന്നെ ഡച്ച് ടീം ലീഡെടുത്തു. ഡാവി ക്ലാസന് നല്കിയ പന്തുമായി അല്‍പ്പം മുന്നോട്ടുകയറി ബോക്സിന് തൊട്ടുമുന്നില്‍ നിന്ന് ഗാക്പോയുടെ വെടിയുണ്ട കണക്കെയുള്ള ഷോട്ട് എക്വഡോര്‍ ഗോള്‍കീപ്പര്‍ക്ക് അവസരമൊന്നും നല്‍കാതെ വലയിലെത്തി. ഈ ലോകകപ്പിലെ വേഗമേറിയ ഗോളും ഇതോടെ പിറന്നു. എല്ലാ മത്സരങ്ങളിലുമായി 701 മിനിറ്റിന് ശേഷമാണ് എക്വഡോര്‍ ഒരു ഗോള്‍ വഴങ്ങുന്നത്.
അമേരിക്കന്‍ കോട്ട ഭേദിക്കാനാകാതെ ഇംഗ്ലീഷ് പട
ആദ്യകളിയില്‍ ഇറാനെതിരേ നേടിയ തകര്‍പ്പന്‍ ജയത്തിന്റെ ആത്മവിശ്വാസത്തില്‍ ഇറങ്ങിയ ഇംഗ്ലണ്ടിനെ സമനിലയില്‍ കുരുക്കി യുഎസ്. ഗ്രൂപ്പ് ബി-യില്‍ ശനിയാഴ്ച പുലര്‍ച്ചെ നടന്ന മത്സരത്തില്‍ ഇംഗ്ലണ്ടിനെ സമനിലയില്‍ കുരുക്കിയ (0-0) അമേരിക്ക പ്രീക്വാര്‍ട്ടര്‍ സാധ്യത നിലനിര്‍ത്തി. യുഎസിന്റെ പ്രതിരോധമാണ് മത്സരത്തിലെ കൈയടിക്ക് അര്‍ഹര്‍. എന്നാല്‍ മറുവശത്ത് ആക്രമണങ്ങളിലും യുഎസ് ഒട്ടും മോശമാക്കിയില്ല.
Content Highlights: Qatar world cup day 6
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..