ഫ്രാൻസിനായി ഗോൾ നേടിയ എംബാപ്പെയുടെ ആഘോഷം/ അർജന്റീനക്കായി ഗോൾ അടിച്ച ലയണൽ മെസ്സിയുടേയും എൻസോ ഫെർണാണ്ടസിന്റേയും ആഘോഷം | Photo: AFP
ഗ്രൂപ്പ് സിയില്‍ ജീവന്മരണ പോരാട്ടത്തില്‍ മെക്സിക്കോയെ അര്‍ജന്റീന കീഴടക്കിയതും ഗ്രൂപ്പ് ഡിയില്‍ ഡെന്മാര്ക്കിനെ വീഴ്ത്തി ഫ്രാന്‍സ് പ്രീ ക്വാര്‍ട്ടറില്‍ എത്തിയതുമാണ് ഏഴാം ദിനത്തിലെ ലോകകപ്പ് ഹൈലൈറ്റ്സ്. മെക്സിക്കോയെ എതിരില്ലാത്ത രണ്ട് ഗോളിനാണ് അര്‍ജന്റീന തകര്‍ത്തത്. ഡെന്മാര്ക്കിനോട് ഒന്നിനെതിരേ രണ്ട് ഗോളിനാണ് തോല്‍പ്പിച്ചാണ് ഫ്രാന്‍സ് ഖത്തര്‍ ലോകകപ്പില്‍ പ്രീ ക്വാര്‍ട്ടറിലെത്തുന്ന ആദ്യ ടീമായി മാറിയത്. ഗ്രൂപ്പ് സിയിലെ മറ്റൊരു മത്സരത്തില്‍ സൗദി അറേബ്യയെ എതിരില്ലാത്ത രണ്ട് ഗോളിന് കീഴടക്കി പോളണ്ടും പ്രീ ക്വാര്‍ട്ടര്‍ പ്രതീക്ഷ സജീവമാക്കി. ഗ്രൂപ്പ് ഡിയിലെ മത്സരത്തില്‍ ടുണീഷ്യയെ ഒരൊറ്റ ഗോളിന് ഓസ്ട്രേലിയയും തോല്‍പ്പിച്ചു.
ഓസ്ട്രേലിയക്ക് ആദ്യ വിജയം
23ാം മിനിറ്റില്‍ മിച്ച് ഡ്യൂക്ക് ഹെഡറിലൂടെ ഓസ്ട്രേലിയ ഈ ലോകകപ്പിലെ ആദ്യ വിജയം നേടി. മത്സരത്തിലുടനീളം ടുണീഷ്യയുടെ നല്ല നീക്കങ്ങളെ ഓസ്ട്രേലിയന്‍ പ്രതിരോധം മുനയൊടിച്ചു. ഗോളടിച്ച ശേഷം ശക്തമായ പ്രതിരോധമാണ് ഓസ്ട്രേലിയ മുന്നോട്ടുവെച്ചത്. ഇതിനിടെ കൗണ്ടര്‍ അറ്റാക്കിലൂടെ ലീഡുയര്‍ത്താനും ഓസ്ട്രേലിയ ശ്രമിച്ചു.
രണ്ട് ടീമുകളും ഗ്രൂപ്പില്‍ രണ്ട് മത്സരങ്ങള്‍ വീതം പൂര്‍ത്തിയാക്കിയപ്പോള്‍ ഓസ്ട്രേലിയക്ക് ഒരു ജയവും ഒരു തോല്‍വിയുമാണ് അക്കൗണ്ടിലുള്ളത്. ആദ്യ മത്സരത്തില്‍ കരുത്തരായ ഫ്രാന്‍സിനോടാണ് അവര്‍ തോറ്റത്. ആദ്യ മത്സരത്തില്‍ ഡെന്മാര്ക്കിനെ സമനിലയില്‍ പിടിച്ച ടുണീഷ്യയുടെ അക്കൗണ്ടില്‍ ഒരു സമനിലയും ഒരു തോല്‍വിയുമാണുള്ളത്. ഒരൊറ്റ പോയിന്റ് മാത്രമാണ് സമ്പാദ്യം.
സൗദിയെ വീഴ്ത്തി പോളണ്ട്
അര്‍ജന്റീനയ്ക്കെതിരായ അട്ടിമറി വിജയത്തോടെ എത്തിയ സൗദി അറേബ്യ പോളണ്ടിന് മുന്നില്‍ കീഴടങ്ങി. വീണുകിട്ടിയ ഒരു പെനാല്‍റ്റിയും ഒരു ഡസനോളം അവസരങ്ങളും തുലച്ചാണ് ഒന്നാന്തരം പോരാട്ടത്തിനൊടുവില്‍ സൗദി തോല്‍വി വഴങ്ങിയത്. അസൂയാവഹമായ ഒത്തൊരുമയും ചിട്ടയായ കൈമാറ്റവും ചടുലനീക്കങ്ങളുമായി പോളിഷ് നിരയെ ഞെട്ടിച്ചുകൊണ്ട് തുടങ്ങിയശേഷമാണ് സൗദി പിന്നാക്കം പോയത്. ഒന്നുവിറച്ചുപോയ പോളണ്ട് തിരിച്ചുവന്ന് അതേ നാണയത്തില്‍ തിരച്ചടി കൊടുക്കുകയായിരുന്നു. പോളിഷ് ആക്രമണക്കടല്‍ ഇരമ്പിത്തുടങ്ങിയതോടെ അര്‍ജന്റീനയെ വരിഞ്ഞുകെട്ടിയ സൗദി പ്രതിരോധം ആടിയുലഞ്ഞു. കോട്ടയില്‍ വിള്ളലുകള്‍ നിരവധി വീണു.
അതിലൂടെ മുപ്പത്തിയൊന്‍പതാം മിനിറ്റില്‍ സെലിന്‍സ്കിയാണ് ആദ്യം നിറയൊഴിച്ചത്. എണ്‍പത്തിരണ്ടാം മിനിറ്റില്‍ പ്രതിരരോധത്തിലെ പിഴവ് പിടിച്ചെടുത്ത് ലെവന്‍ഡോവ്സ്കി പട്ടിക തികയ്ക്കുകയും ചെയ്തു. ഒരു ഗോളടിക്കുകയും ഒരു ഗോളിന് വഴിവെയ്ക്കുകയും ചെയ്ത ലെവന്‍ഡോവ്സ്കിയാണ് മത്സരത്തിലെ ഹീറോ. ഇതോടെ ഗ്രൂപ്പ് സിയില്‍ നാലു പോയിന്റോടെ പോളണ്ട് മുന്നിലെത്തി. ആദ്യ മത്സരത്തില്‍ പോളണ്ട് മെക്സിക്കോയുമായി സമനിലയില്‍ പിരിഞ്ഞിരുന്നു. സൗദിക്ക് അര്‍ജന്റീനയെ തോല്‍പ്പിച്ച് കിട്ടിയ മൂന്ന് പോയിന്റാണുള്ളത്.
ഫ്രാന്‍സ് പ്രീ ക്വാര്‍ട്ടറില്‍
സൂപ്പര്‍ താരം എംബാപ്പേയുടെ ഇരട്ട ഗോളുകളാണ് ഫ്രാന്‍സിന് വിജയം സമ്മാനിച്ചത്. മത്സരത്തിലൂട നീളം ഇരുടീമുകളും മികച്ച മുന്നേറ്റങ്ങളുമായി കളം നിറഞ്ഞു. ഡെന്മാര്ക്ക് ഗോള്‍കീപ്പര്‍ കാസ്പര്‍ ഷ്മൈക്കേല്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം 61-ാം മിനിറ്റില്‍ ഫ്രാന്‍സ് ലീഡെടുത്തു. മുന്നേറ്റത്തിനൊടുവില്‍ ഇടത് വിങ്ങില്‍ നിന്ന് ഒളിവര്‍ ജിറൂഡ് നല്കിയ പാസ് സ്വീകരിച്ച എംബാപ്പേയ്ക്ക് പിഴച്ചില്ല. കാസ്പര്‍ ഷ്മൈക്കേലിനേയും മറികടന്ന് പന്ത് വലയിലേക്ക് പതിച്ചു.
ഫ്രാന്‍സിന്റെ ആഘോഷങ്ങള്‍ക്ക് അധികം ആയുസ്സുണ്ടായില്ല. എട്ടുമിനിറ്റിനകം ഡെന്മാര്ക്ക് തിരിച്ചടിച്ചു. ഉഗ്രന്‍ ഹെഡ്ഡറിലൂടെ ഡെന്മാര്ക്ക് പ്രതിരോധതാരം ക്രിസ്റ്റിയന്സണ് വലകുലുക്കി. 85-ാം മിനിറ്റില്‍ ഫ്രാന്‍സ് ഡെന്മാര്ക്ക് പ്രതിരോധം ഒരിക്കല്‍ കൂടി ഭേദിച്ചു. എംബാപ്പേയാണ് ഫ്രാന്‍സിനായി വലകുലുക്കിയത്. ഗ്രീസ്മാന്റെ ക്രോസ്സില്‍ നിന്ന് എംബാപ്പേ അനായാസം വലകുലുക്കി. വിജയത്തോടെ ഫ്രാന്‍സ് പ്രീക്വാര്‍ട്ടറിലെത്തി,
രണ്ട് മത്സരങ്ങളില്‍ നിന്ന് ആറ് പോയന്റാണ് ഫ്രാന്‍സിനുള്ളത്. ആദ്യ മത്സരത്തില്‍ അവര്‍ ഓസ്ട്രേലിയയെ 4-1ന് തോല്‍പ്പിച്ചിരുന്നു. ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയയുമായി സമനിലയില്‍ പിരിഞ്ഞ ഡെന്മാര്ക്ക് ഒരൊറ്റ പോയിന്റുമായി ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്താണ്. മൂന്നു പോയിന്റുള്ള ഓസ്ട്രേലിയ രണ്ടാമതും ഒരൊറ്റ പോയിന്റുള്ള ടുണീഷ്യ നാലാം സ്ഥാനത്തുമാണ്.
മെക്സിക്കന്‍ കോട്ട പൊളിച്ച് മെസ്സിയും സംഘവും
ഉറച്ചുനിന്ന മെക്സിക്കന്‍ പ്രതിരോധക്കോട്ടയെ രണ്ടു തവണ ഭേദിച്ച് മെസ്സിയും സംഘവും നോക്കൗട്ട് സാധ്യതകള്‍ സജീവമാക്കി. തപ്പിതടഞ്ഞും ആശങ്ക ഉണര്‍ത്തിയും തുടങ്ങിയ മത്സരത്തിന്റെ 64-ാം മിനിറ്റില്‍ മെസ്സി നേടിയ ട്രേഡ് മാര്‍ക്ക് ഗോളില്‍ ആയിരുന്നു തുടക്കം. ഈ ലോകകപ്പിലെ മെസ്സിയുടെ രണ്ടാം ഗോള്‍. 87-ാം മിനിറ്റില്‍ എന്‍സോ ഫെര്‍ണാണ്ടസ് തീതുപ്പുന്നൊരു അംഗുലര് ഷോട്ടിലൂടെ വിജയം അരക്കിട്ടുറപ്പിച്ച് വല കുലുക്കി.
വിജയത്തോടെ മൂന്നു പോയിന്റുമായി ഗ്രൂപ്പ് സിയില്‍ അര്‍ജന്റീന രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. ഒരു വിജയവും സമനിലയുമുള്ള പോളണ്ടാണ് ഒന്നാമത്. മൂന്ന് പോയിന്റോടെ സൗദി അറേബ്യ മൂന്നാമതും ഒരൊറ്റ പോയിന്റുമായി മെക്സിക്കോ നാലാം സ്ഥാനത്തുമാണ്.
Content Highlights: qatar world cup day 07
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..