പരിശീലനത്തിനിടെ അർജന്റീന താരങ്ങൾ | Photo: AFP
ആരാധിക്കുന്ന ടീം ഏതുമാകട്ടെ, മലപ്പുറത്തിന്റെ മനസ്സിന് ഒരേയൊരു പ്രാര്‍ഥനയേയുള്ളൂ. 'മെസ്സ്യേ, മുത്തുമണ്യേ, ഇന്ന് മിന്നിച്ചേക്കണേ'. പോളണ്ടിനെതിരേ അര്‍ജന്റീന നിര്‍ണായക മത്സരത്തിനിറങ്ങുകയാണ്. ജയിക്കാതെ തരമില്ല. മറിച്ചെന്തെങ്കിലും സംഭവിച്ചാല്‍ തകര്‍ന്നുവീഴുന്നത് വര്‍ഷങ്ങളായി കെട്ടിപ്പൊക്കിയ സ്വപ്നങ്ങളും ആഗ്രഹങ്ങളുമാണ്. പുറത്തൂരിലെ ലുബ്നയെപ്പോലുള്ള അനേകായിരം കുരുന്നുകളുടെ കൂടി മോഹമാണ്. അതുകൊണ്ടുതന്നെ, ജഴ്സിയുടെ നിറഭേദമില്ലാതെ മലപ്പുറത്തിന്റെ മനസ്സാഗ്രഹിക്കുന്നു, അര്‍ജന്റീന പ്രീക്വാര്‍ട്ടറില്‍ കടക്കണം. ഇന്ന് എന്താകും കളി? ഖത്തറിലെ ലോകകപ്പ് വേദിയില്‍നിന്ന് അര്‍ജന്റീനാ ആരാധകരായ നമ്മുടെ പ്രിയതാരങ്ങള്‍ പറയുന്നു
'അര്‍ജന്റീന ജയിക്കണമെന്നാണ് ആഗ്രഹം'- ആസിഫ് സഹീര്‍
അതിനിര്‍ണായകമായ മത്സരത്തില്‍ ബുധനാഴ്ച അര്‍ജന്റീന പോളണ്ടിനെ നേരിടുകയാണ്. മുന്‍വിധികളില്ലാതെ പറഞ്ഞാല്‍ നല്ലൊരു അറ്റാക്കിങ് ഗെയിം നമുക്ക് കാണാനാകും. അര്‍ജന്റീനയെ സംബന്ധിച്ചിടത്തോളം ഇത് ജീവന്മരണ പോരാട്ടമാണ്. ആദ്യകളിയില്‍ സൗദി അറേബ്യയോടു തോറ്റു. ആരാധകരെ നിരാശപ്പെടുത്തി. രണ്ടാമത്തെ മത്സരത്തില്‍ ആദ്യമത്സരേത്തക്കാള് മികച്ച കളി കാഴ്ചവെച്ചു. എതിരാളിക്കുമേല്‍ മേധാവിത്വമുണ്ടാക്കി കളിക്കാനായി. ആദ്യകളിയെ അപേക്ഷിച്ച് മെസ്സിയും മറ്റുള്ള എല്ലാ താരങ്ങളും തീര്‍ത്തും വേറിട്ട പ്രകടനമാണ് കാഴ്ചവെച്ചത്. അതിന്റെ ഫലവും കിട്ടി. ടീമിന്റെ ഘടനയാകെ മാറി. മുന്നേറ്റത്തിലും പ്രതിരോധത്തിലും മധ്യനിരയിലുമൊക്കെ കളിയോടുള്ള സമീപനം മാറ്റി. അതിന്റെ ഗുണം മെക്സിക്കോയ്ക്കെതിരേ കിട്ടി.
ആത്മവിശ്വാസത്തോടെയാണ് അര്‍ജന്റീന ഇറങ്ങുന്നത്. ജയത്തില്‍ കുറഞ്ഞതൊന്നും സഹായിക്കില്ലെന്ന ബോധ്യം ടീമിനുണ്ട്. മെസ്സി താളംകണ്ടെത്തിയതും ഫോമിലേക്കുവന്നതും ടീമിനു ഗുണകരമാകും. അദ്ദേഹം നേടിയ ഗോള്‍തന്നെ അതിനു തെളിവ്. അതുപോലെ മികച്ച കളിയിലൂടെയാണ് രണ്ടാമത്തെ ഗോള്‍ കണ്ടെത്തിയതും.
പോളണ്ടിന്റെ ഭാഗത്തുനിന്നും ആക്രമണഫുട്ബോള്‍ തന്നെയാണ് പ്രതീക്ഷിക്കുന്നത്. റോബര്‍ട്ട് ലെവന്‍ഡോവ്സ്കിയെപ്പോലൊരു സ്ട്രൈക്കറുടെ കീഴിലാണ് അവരിറങ്ങുന്നത്. പോളണ്ടും സൗദിയുമായുള്ള മത്സരം ഞാന്‍ നേരിട്ടുകണ്ടു. ആ മത്സരത്തിലെ പോളണ്ടിന്റെ പ്രകടനം തൃപ്തികരമായിരുന്നില്ല. ആ മത്സരത്തില്‍ സൗദിയുടെ ഭാഗത്തുനിന്നും മികച്ച പോരാട്ടമാണുണ്ടായത്. മത്സരത്തിലുടനീളം അവരാക്രമിച്ചുകളിച്ചു. എങ്ങനെയും ഗോളടിക്കുകയെന്നതായിരുന്നു അവരുടെ തന്ത്രം. പക്ഷേ, കിട്ടിയ പെനാല്‍ട്ടി അവര്‍ നഷ്ടപ്പെടുത്തി. ആ പെനാല്‍ട്ടി ഗോളായിരുന്നെങ്കില്‍ ചിലപ്പോള്‍ ഫലം തന്നെ മാറിപ്പോകുമായിരുന്നു.
ബുധനാഴ്ച പോളണ്ടിനെതിരേ മുന്‍തൂക്കം അര്ജന്റീനയ്ക്കുതന്നെയാണ്. അതിനവര്‍ കഠിനാധ്വാനം ചെയ്തേ തീരൂ. ലെവന്‍ഡോവ്സ്കിയെ പൂട്ടുകയെന്നതാവും അര്‍ജന്റീന നേരിടുന്ന വലിയ വെല്ലുവിളി. അര്‍ധാവസരങ്ങളില്‍പോലും ഗോള്‍ നേടാന്‍ കഴിവുള്ള താരമാണ് ലെവന്‍ഡോവ്സ്കി. നിര്‍ണായകമത്സരങ്ങളില്‍ അര്‍ജന്റീന മികവിലേക്ക് ഉയരാറുണ്ട്. അതിവിടെയുമുണ്ടാകുമെന്ന് കരുതുന്നു. രണ്ടാമത്തെ മത്സരമായതോടെ ടീം സെറ്റായി. പോളണ്ടിനെതിരേ ടീമിനൂറുശതമാനം മികവുണ്ടാകുമെന്ന് പ്രതീക്ഷിക്കാം.
അര്‍ജന്റീനയുടെ കട്ടഫാനാണ് ഞാന്‍. അതുകൊണ്ടുതന്നെ ഈ മത്സരം ജയിക്കട്ടെ എന്നാഗ്രഹിക്കുന്നു. ഇതുമാത്രമല്ല, ലോകകപ്പ് തന്നെ നേടണമെന്നാണ് ആഗ്രഹം. കളിക്കളത്തില്‍ പക്ഷേ ഇതിനൊന്നും വലിയ സ്ഥാനമില്ല. അവിടെ വലിയ ടീമും ചെറിയ ടീമും ഒന്നുമില്ല. ജയവും തോല്‍വിയും കളിയുടെ ഭാഗമാണ്. എങ്കിലും അര്‍ജന്റീന ജയിക്കട്ടെയെന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു.
'മെസ്സി മിന്നിക്കണം'- ഐഎം വിജയന്
അമ്മോ! ടഫ് മാച്ചല്ലേ ഇന്ന്. പൊരിയും. അര്‍ജന്റീന മിന്നിക്കുമോ? ഇടിമിന്നലായി പോകുമോ? മിന്നിക്കണമെന്നാണ് ആഗ്രഹം. പോളണ്ടും നല്ല ടീമാണ്. നല്ലൊരു മത്സരം കാണാനാകും. പൊളി മാച്ച്. നിര്‍ണായക മത്സരമല്ലേ, അര്‍ജന്റീന മിന്നിക്കുമെന്നുതന്നെ കരുതുന്നു.
'ഇത് ശരിയായ പോരാട്ടം'- വി.പി ഷാജി
അര്ജന്റീനയ്ക്കിതാണ് ശരിയായ പോരാട്ടം. പോളണ്ടിന് ഒരു സമനില മതി. അര്‍ജന്റീനയ്ക്ക് ജയം അനിവാര്യം. എതിരാളികള്‍ മികച്ചവരാണ്. ലെവന്‍ഡോവ്സ്കി എന്ന സ്ട്രൈക്കറുണ്ട്. നിര്‍ണായകമത്സരത്തില്‍ ശോഭിക്കാറുള്ള പതിവ് അര്‍ജന്റീന പുറത്തെടുത്താല്‍ ജയിക്കാനാകും.
'കളിയില്‍ മാറ്റം വന്നിട്ടുണ്ട്'- എം സുരേഷ്
ജീവന്മരണ പോരാട്ടം. അര്‍ജന്റീന ജയിക്കട്ടെ. മെസ്സി നന്നായി കളിക്കട്ടെ. മെക്സിക്കോയ്ക്കെതിരായ മത്സരത്തോടെ കളിയില്‍ മാറ്റം വന്നിട്ടുണ്ട്. അത് തുടര്‍ന്നാല്‍ ജയിക്കും.
Content Highlights: qatar world cup argentina vs poland match expectations and preview
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..