Photo: Alex Pantling/Getty Images
ദോഹ: ദക്ഷിണകൊറിയയെ നിഷ്പ്രഭരാക്കി (4-1) ബ്രസീല്‍ ലോകകപ്പ് ഫുട്ബോളിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. മറ്റൊരു മത്സരത്തില്‍ ജപ്പാനെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ മറികടന്ന (3-1) ക്രൊയേഷ്യയാണ് ക്വാര്‍ട്ടറില്‍ ബ്രസീലിന്റെ എതിരാളി. വെള്ളിയാഴ്ച രാത്രി 8.30-നാണ് മത്സരം. ജപ്പാനും കൊറിയയും ഒരേദിവസം വീണതോടെ ലോകകപ്പിലെ ഏഷ്യന്‍ പ്രാതിനിധ്യം അവസാനിച്ചു.
കൊറിയയ്ക്കെതിരേ വിനീഷ്യസ്, നെയ്മര്‍ (പെനാല്‍ട്ടി), റിച്ചാലിസണ്, ലൂകാസ് പക്വേറ്റ എന്നിവര്‍ ബ്രസീലിനുവേണ്ടി ഗോള്‍ നേടി. കൊറിയയുടെ ഗോള്‍ പയ്ക് സ്യുങ്-ഹോയുടെ വകയായിരുന്നു. ജപ്പാന്- ക്രൊയേഷ്യ മത്സരത്തില്‍ നിശ്ചിത സമയത്തും അധികസമയത്തും ഇരു ടീമുകളും 1-1ന് തുല്യത പാലിച്ചു. തുടര്‍ന്ന് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 3-1ന് ക്രൊയേഷ്യ ജയിച്ചു.
കൊറിയയെ തകര്‍ത്തെറിഞ്ഞ് ബ്രസീല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍
കൊറിയന്‍ സ്വപ്നങ്ങളെ വലിച്ചുകീറി കാനറികള്‍ 2022 ഫുട്ബോള്‍ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് പറന്നുയര്‍ന്നു. അതും ഗോളടിച്ചുകൂട്ടിക്കൊണ്ട്. കാമറൂണിനെതിരേ അടിതെറ്റിയപ്പോള്‍ തലപൊക്കിയ വിമര്‍ശകരുടെ വായടപ്പിച്ചുകൊണ്ട് ടിറ്റെയുടെ കുട്ടികള്‍ ഫുട്ബോളിന്റെ മനോഹാരിത ലോകത്തിന് കാട്ടിക്കൊടുത്തു. പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ദക്ഷിണകൊറിയയെ ഒന്നിനെതിരേ നാല് ഗോളുകള്‍ക്ക് തകര്‍ത്താണ് ബ്രസീല്‍ അവസാന എട്ടിലെത്തിയത്. അട്ടിമറി സ്വപ്നവുമായി എത്തിയ കൊറിയയെ ബ്രസീല്‍ നിലം തൊടാന്‍ അനുവദിച്ചില്ല. ക്വാര്‍ട്ടറില്‍ ക്രൊയേഷ്യയാണ് മഞ്ഞപ്പടയുടെ എതിരാളികള്‍. സൂപ്പര്‍ താരം നെയ്മര്‍ പരിക്കില്‍ നിന്ന് മോചിതനായി തിരിച്ചെത്തിയതിന്റെ ആവേശം മത്സരത്തിന്റെ തുടക്കം തൊട്ട് ബ്രസീല്‍ ക്യാമ്പിലുയര്‍ന്നു. യാതൊരുവിധ സമ്മര്‍ദ്ദങ്ങള്‍ക്കും കീഴ്പ്പെടാതെയാണ് ബ്രസീല്‍ പന്തുതട്ടിയത്.
ജപ്പാനെ തകര്‍ത്ത് ക്രൊയേഷ്യ ക്വാര്‍ട്ടറില്‍
സമുറായികളുടെ പോരാട്ടവീര്യം ഡൊമിനിക് ലിവാകോവിച്ച് എന്ന വന്മതിലിന് മുന്നില്‍ നിഷ്പ്രഭമായി. ഈ ലോകകപ്പില്‍ ഷൂട്ടൗട്ട് ആദ്യമായി വിധി പറഞ്ഞപ്പോള്‍ കിക്കുകള്‍ തുലച്ച് ജപ്പാന് പുറത്തായി. ഉദയസൂര്യന്റെ സ്വപ്നങ്ങള്‍ ഒരിക്കല്‍ക്കൂടി പ്രീക്വാര്‍ട്ടറിന്റെ പടിവാതലില്‍ തകര്‍ന്നപ്പോള്‍ ക്രൊയേഷ്യ തുടര്‍ച്ചയായ രണ്ടാം ലോകകപ്പിലും ക്വാര്‍ട്ടര്‍ഫൈനലില്‍ വീറോടെ പ്രവേശിക്കുകയും ചെയ്തു. മൂന്ന് ജാപ്പനീസ് കിക്കുകള്‍ തട്ടികയറ്റിയ ഗോളി ലിവാകോവിച്ചിന്റെ മാജിക്കിലാണ് നിലവിലെ റണ്ണറപ്പ് ക്രൊയേഷ്യ തുടര്‍ച്ചയായ രണ്ടാം ലോകകപ്പിലും ക്വാര്‍ട്ടറില്‍ പ്രവേശിക്കുന്നത്. ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കായിരുന്നു ഷൂട്ടൗട്ടില്‍ ക്രൊയേഷ്യയുടെ ജയം.
മായ യോഷിദ, കോറു മിറ്റോമ, താകുമി മിനാമിനോ എന്നിവരുടെ കിക്കുകളാണ് ലിവാകോവിച്ച് ഡൈവ് ചെയ്ത് തടഞ്ഞത്. ക്രൊയേഷ്യയുടെ മാര്‍ക്കോ ലിവായയുടെ കിക്ക് പോസ്റ്റില്‍ ഇടിച്ചു മടങ്ങി. ജപ്പാന്റെ തകുമ അസാനോയുടെ കിക്ക് മാത്രമാണ് വലയില്‍ കയറിയത്. ക്രൊയേഷ്യയ്ക്കായി മരിയോ പസാലിച്ചും മാഴ്സലോ ബ്രോസോവിച്ചും നിക്കോളാ വ്ളാസിച്ചുമാണ് ലക്ഷ്യം കണ്ടത്. നിശ്ചിത സമയത്തും അധികസമയത്തും പൊരുതിക്കളിച്ചിട്ടും ഇരു ടീമുകള്‍ക്കും ഓരോ ഗോളിന്റെ സമനിലപ്പൂട്ട് ഭേദിക്കാന്‍ കഴിയാതായതോടെയാണ് ഈ ലോകകപ്പിലെ ആദ്യ പെനാല്‍റ്റി ഷൂട്ടൗട്ട് വേണ്ടിവന്നത്.
Content Highlights: Qatar World Cup 2022 Day 16 RoundUp, brazil vs south korea, japan vs croatia
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..