ടുണീഷ്യൻ താരങ്ങളുടെ നിരാശ/ അർജന്റീനയുടെ വിജയാഘോഷം | Photo: AP
നിര്‍ണായക മത്സരത്തില്‍ പോളണ്ടിനെ തോല്‍പ്പിച്ച് അര്‍ജന്റീന പ്രീ ക്വാര്‍ട്ടറില്‍ എത്തിയതും ലോകചാമ്പ്യന്മാരായ ഫ്രാന്‍സിനെ ടുണീഷ്യ അട്ടിമറിച്ചതുമായിരുന്നു പതിനൊന്നാം ദിവസത്തെ കാഴ്ച്ചകള്‍. ഗ്രൂപ്പ് സിയില്‍ നിന്ന് അര്‍ജന്റീനയ്ക്കൊപ്പം പോളണ്ടാണ് പ്രീ ക്വാര്‍ട്ടറില്‍ എത്തിയത്. ഗ്രൂപ്പ് ഡിയില്‍ ഫ്രാന്‍സും ഓസ്ട്രേലിയയും പ്രീ ക്വാര്‍ട്ടര്‍ ടിക്കറ്റെടുത്തു.
ഭാഗ്യം കൊണ്ടുവന്ന് ലെക്കി; ജയത്തോടെ ഓസ്ട്രേലിയ പ്രീ ക്വാര്‍ട്ടറില്‍
ഡെന്മാര്ക്കിനെ എതിരില്ലാത്ത ഒരു ഗോളിന് മറികടന്നാണ് ഓസീസിന്റെ പ്രീ ക്വാര്‍ട്ടര്‍ പ്രവേശനം. മൂന്ന് മത്സരങ്ങളില്‍ നിന്ന് ആറ് പോയന്റുമായി ഗ്രൂപ്പില്‍ ഫ്രാന്‍സിനു പിന്നില്‍ അവര്‍ രണ്ടാം സ്ഥാനക്കാരായി. ഗോള്‍രഹിതമായിരുന്ന 59 മിനിറ്റുകള്‍ക്ക് ശേഷം 60-ാം മിനിറ്റിലാണ് ഓസ്ട്രേലിയയുടെ വിജയഗോളെത്തിയത്. മാത്യു ലെക്കിയുടെ ഒരു മികച്ച സോളോ ഗോളില്‍ ഓസീസ് മുന്നിലെത്തുകയായിരുന്നു. റൈലി മഗ്രിയുടെ പാസ് സ്വീകരിച്ച ലെക്കി ഡെന്മാര്ക്ക് ഡിഫന്‍ഡര്‍ യോക്കിം മഹ്ലെയെ കബളിപ്പിച്ച് പന്ത് വലയിലെത്തിക്കുകയായിരുന്നു. ഓസ്ട്രേലിയന്‍ ജേഴ്സിയില്‍ താരത്തിന്റെ 14-ാം ഗോളായിരുന്നു ഇത്.
ചാമ്പ്യന്മാരെ അട്ടിമറിച്ചിട്ടും കണ്ണീര്, പ്രീ ക്വാര്‍ട്ടര്‍ കാണാതെ ടുണീഷ്യ പുറത്ത്
നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സിനെ അട്ടിമറിച്ചിട്ടും ടുണീഷ്യയ്ക്ക് വിധി കാത്തുവെച്ചത് മറ്റൊന്നായിരുന്നു. എജ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയത്തില്‍ നിന്ന് കണ്ണീരോടെ അവര്‍ മടങ്ങി. മത്സരത്തിന്റെ രണ്ടാം പകുതിയില്‍ ഫ്രാന്‍സും ഫുട്ബോള്‍ ആരാധകരും ഞെട്ടി. ടുണീഷ്യ കാത്തിരുന്ന നിമിഷമെത്തി. ഫ്രാന്‍സ് മിഡ്ഫീല്‍ഡര്‍ യൂസ്സൗഫ് ഫൊഫാനയുടെ പിഴവ് മുതലെടുത്ത വാബി ഖസ്രി ഫ്രാന്‍സ് പ്രതിരോധതാരങ്ങളെ വെട്ടിച്ച് ഗോള്‍വലകുലുക്കി. പക്ഷേ ഗോള്‍ നേടിയതിന് പിന്നാലെ പരിക്കേറ്റതോടെ താരത്തെ കളത്തില്‍ നിന്ന് പിന്‍വലിച്ചു. എന്നാല്‍ അവരുടെ പ്രീ ക്വാര്‍ട്ടര്‍ പ്രവേശനത്തിന് ആ ഒരു ഗോള്‍ വിജയം മതിയാകുമായിരുന്നില്ല. മറുവശത്ത് നടക്കുന്ന മത്സരത്തില്‍ ഡെന്മാര്ക്കിനെ തോല്‍പ്പിച്ച് ഓസ്ട്രേലിയ പ്രീ ക്വാര്‍ട്ടര്‍ ടിക്കറ്റെടുത്തു. ടുണീഷ്യ പുറത്തേക്കും പോയി.
അര്‍ജന്റീന വരുന്നു! പോളണ്ടിനെ പൊളിച്ചടുക്കി മെസ്സിയും കൂട്ടരും പ്രീ ക്വാര്‍ട്ടറില്‍
പോളണ്ടിന്റെ പ്രതിരോധമതിലിനെ എണ്ണം പറഞ്ഞ രണ്ട് ഗോള്‍ കൊണ്ട് തുളച്ച അര്‍ജന്റീന ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. മെസ്സി പെനാല്‍റ്റി പാഴാക്കുന്നത് ഞെട്ടലോടെ കണ്ട മത്സരത്തിന്റെ നാല്പത്തിയാറാം മിനിറ്റില്‍ അലെക്സിസ് മാക് അലിസ്റ്ററും അറുപത്തിയേഴാം മിനിറ്റില്‍ ജൂലിയന്‍ ആല്‍വാരസുമാണ് ആല്‍ബിസെലസ്റ്റസിനായി വല കുലുക്കിയത്. ആദ്യ മത്സരത്തില്‍ സൗദിയോട് ഞെട്ടുന്ന തോല്‍വി ഏറ്റുവാങ്ങിയ നീലപ്പട ആറു പോയിന്റുമായി ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് പ്രീക്വാര്‍ട്ടറിലേയ്ക്ക് തലയെടുപ്പോടെ എഴുന്നള്ളുന്നത്. ഓസ്ട്രേലിയയാണ് പ്രീക്വാര്‍ട്ടറില്‍ അര്‍ജന്റീനയുടെ എതിരാളി. മറ്റൊരു പ്രീ ക്വാര്‍ട്ടറില്‍ ഫ്രാന്‍സും പോളണ്ടും ഏറ്റുമുട്ടും.
തകര്‍ത്ത് കളിച്ച് ജയിച്ചിട്ടും മെക്സിക്കോയ്ക്ക് നിരാശ; പ്രീ ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്
സൗദിയെ നിലംതൊടീക്കാതെ 90 മിനിറ്റും ഏഴു മിനിറ്റ് അധിക സമയവും പൊരുതി ജയിച്ചിട്ടും പ്രീ ക്വാര്‍ട്ടര്‍ കാണാതെ മെക്സിക്കോ പുറത്ത്. സൗദിയെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത മെക്സിക്കോയ്ക്ക് തിരിച്ചടിയായത് ഗോള്‍ വ്യത്യാസമായിരുന്നു. 1978-ന് ശേഷം ഇതാദ്യമായാണ് മെക്സിക്കോ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്താകുന്നത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ അര്‍ജന്റീനയ്ക്കെതിരേ രണ്ട് ഗോളിന് തോറ്റെങ്കിലും ഗോള്‍ വ്യത്യാസത്തിന്റെ ബലത്തില്‍ ഗ്രൂപ്പില്‍ നിന്ന് അര്‍ജന്റീനയ്ക്ക് പിന്നാലെ രണ്ടാം സ്ഥാനക്കാരായി പോളണ്ട് പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറി. മെക്സിക്കോ പുറത്തേക്കും. ഒരു ഗോള്‍ കൂടി നേടിയിരുന്നുവെങ്കില്‍ അടിച്ച ഗോളുകളുടെ എണ്ണത്തില്‍ പോളണ്ടിനെ മറികടന്ന് മെക്സിക്കോയ്ക്ക് പ്രീ ക്വാര്‍ട്ടറിലേക്ക് കടക്കാമായിരുന്നു. വലയിലെത്തിച്ച രണ്ട് ഗോളുകള്‍ ഓഫ് സൈഡായതും മെക്സിക്കോയ്ക്ക് തിരിച്ചടിയായി. ഹെന്റി മാര്‍ട്ടിനും ലൂയിസ് ഷാവേസുമാണ് മെക്സിക്കോയ്ക്കായി സ്കോര്‍ ചെയ്തത്. സൗദിയുടെ ആശ്വാസ ഗോള്‍ സലീം അല്‍ ദൗസാരി സ്വന്തമാക്കി.
Content Highlights: Qatar World Cup 2022 Day 11 Round Up
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..