മെസ്യൂട്ട് ഓസിലിന്റെ ചിത്രവുമായി ഖത്തർ ആരാധകർ | Photo: AFP
ദോഹ: സ്പെയ്നിനെതിരായ മത്സരത്തില്‍ തോല്‍വിയില്‍ നിന്ന് രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് ജര്‍മനി. ലോകകപ്പ് പ്രീ ക്വാര്‍ട്ടര്‍ സാധ്യത സജീവമാക്കാന്‍ അവര്‍ക്ക് സമനിലയെങ്കിലും വേണമായിരുന്നു. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം തിരിച്ചടിച്ച് ജര്‍മനി ആ സമനില സ്വന്തമാക്കുകയും ചെയ്തു.
ഇതിന് പിന്നാലെ ഗാലറിയില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോയുമാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. നിരവധി ഖത്തര്‍ ആരാധകര്‍ ജര്‍മനിയുടെ മുന്‍താരം മെസ്യൂട്ട് ഓസിലിന്റെ ചിത്രവുമായി ഗാലറിയിലെത്തുകയായിരുന്നു. ഇവര്‍ വാ പൊത്തിപ്പിടിക്കുകയും ചെയ്തു
'വണ്‍ ലവ്' ആശയങ്ങള്‍ അടങ്ങിയ ക്യാപ്റ്റന്‍ ആം ബാന്‍ഡ് അടക്കം വിലക്കിയ ഫിഫ നടപടിയില്‍ പ്രതിഷേധിച്ച് ജപ്പാനെതിരായ മത്സരത്തില്‍ ജര്‍മന്‍ താരങ്ങള്‍ ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോള്‍ വാ പൊത്തിപ്പിടിച്ചിരുന്നു. ഇത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു. പലരും അനുകൂലിച്ച് രംഗത്തെത്തിയപ്പോള്‍ ഒരു വിഭാഗം ആളുകള്‍ ജര്‍മന്‍ ടീമിന്റെ ഇരട്ടത്താപ്പ് ആണ് ഇതെന്ന് ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരുന്നു. മെസ്യൂട്ട് ഓസിലിനോട് വിവേചനം കാണിച്ചവര്‍ എല്‍ജിബിറ്റിക്യൂ വിഭാഗങ്ങള്‍ക്ക് വണ്‍ ലവിലൂടെ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിനെ പിന്തുണയ്ക്കാനാവില്ലെന്നും ഇവര്‍ വാദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഓസിലിന്റെ ചിത്രവുമായി അവര്‍ ഗാലറിയിലെത്തിയത്.
ടീമില്‍ വംശീയമായ വേര്‍തിരിവുകളുണ്ടെന്ന് ആരോപിച്ച് നേരത്തെ വിരമിക്കല്‍ പ്രഖ്യാപിച്ച താരമാണ് ഓസില്‍. മനം മടുത്താണ് താന്‍ വിരമിക്കുന്നതെന്നും ഓസില്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഒരു കൂട്ടം ആരാധകര്‍ ഓസിലിന് പിന്തുണയുമായി സ്റ്റേഡിയത്തിലെത്തിയത്.
2018 ലോകകപ്പില്‍ ആദ്യ റൗണ്ടിലെ തോല്‍വിക്ക് ശേഷം ജര്‍മനിയില്‍ നിന്ന് വംശീയ അധിക്ഷേപങ്ങള്‍ നേരിടേണ്ടി വന്നുവെന്ന് ഓസില്‍ പറഞ്ഞിരുന്നു. തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗനൊപ്പമുള്ള ഓസിലിന്റെ ഒരു ചിത്രം വംശീയപ്രചാരണങ്ങള്‍ക്കായി ഉപയോഗിക്കുകയും ചെയ്തു. ലോകകപ്പില്‍ നിന്ന് ജര്‍മനിയുടെ നാണംകെട്ട പുറത്താകലിന് കാരണം ഓസിലാണെന്നും ചില ജര്‍മന്‍ മാധ്യമങ്ങള്‍ റിപ്പോട്ടുകള്‍ എഴുതിയിരുന്നു, 'ഞാന്‍ ഗോള്‍ നേടുമ്പോള്‍ ജര്‍മന്‍കാരനും ടീം പരാജയപ്പെടുന്വോള് കുടിയേറ്റക്കാരനുമാകുന്നു' എന്നും ഓസില്‍ അന്ന് പ്രതികരിച്ചിരുന്നു.
Content Highlights: qatar fans hold mesut ozil signs at world cup 2022 in response to germany protest
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..