Photo: Getty Images
ദോഹ: കഴിഞ്ഞ വര്‍ഷം നടന്ന 2020 യൂറോ കപ്പ് ഫുട്ബോളിലെ സെമി ഫൈനലിസ്റ്റുകള്‍... ഈ വര്‍ഷം രണ്ട് തവണ ലോകകപ്പ് ചാമ്പ്യന്മാരായ ഫ്രാന്‍സിനെ തകര്‍ത്തെറിഞ്ഞവര്‍... താരസമ്പത്തില്‍ ഏറെ മുന്നില്‍ നില്ക്കുന്ന പട... വിശേഷണങ്ങള്‍ ഇനിയുമൊരുപാടുണ്ടെങ്കിലും ഡെന്മാര്ക്ക് ഇതാ ഖത്തര്‍ ലോകകപ്പില്‍ മൂക്കും കുത്തി വീണിരിക്കുകയാണ്. കിരീടപ്രതീക്ഷയുമായി ഖത്തറില്‍ പറന്നിറങ്ങിയ ഡെന്മാര്ക്ക് ഒരു മത്സരം പോലും വിജയിക്കാതെ തലതാഴ്ത്തി നടന്നു.
ഗ്രൂപ്പ് ചാമ്പ്യന്മാരാകും എന്ന് ആരാധകരുറപ്പിച്ച ഡെന്മാര്ക്കിന്റെ പതനം അവിശ്വസനീയമാണ്. ഗ്രൂപ്പ് ഡിയില്‍ ഫ്രാന്‍സും ടുണീഷ്യയും ഓസ്ട്രേലിയയുമാണ് ഡെന്മാര്ക്കിന് എതിരാളികളായുണ്ടായിരുന്നത്. ഫ്രാന്‍സിനെ മാറ്റിനിര്‍ത്തിയാല്‍ ഡെന്മാര്ക്കിനെ സംബന്ധിച്ചിടത്തോളം പ്രീ ക്വാര്‍ട്ടറിലേക്കുള്ള വഴി വളരെ എളുപ്പമായിരുന്നു. ടീമിന്റെ ശക്തി പരിശോധിക്കുമ്പോള്‍ ഫ്രാന്‍സിനെ വീഴ്ത്താനുള്ള കെല്‍പ്പുണ്ടായിരുന്നു. ഇതിന് മുന്‍പ് രണ്ട് മത്സരങ്ങളില്‍ ലോകചാമ്പ്യന്മാരെ വീഴ്ത്തിയ ഡെന്മാര്ക്ക് ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ ടുണീഷ്യയോട് ഗോള്‍രഹിത സമനിലയില്‍ കുരുങ്ങി.
രണ്ടാം മത്സരത്തില്‍ ഫ്രാന്‍സായിരുന്നു എതിരാളികള്‍. ഇതിനുമുന്‍പ് രണ്ട് തവണയും വിജയിച്ചതിന്റെ ആത്മവിശ്വാസത്തില്‍ കളിക്കാനിറങ്ങിയ ഡെന്മാര്ക്കിന് പക്ഷേ ഖത്തറില്‍ മുട്ടിടിച്ചു. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് നിലവിലെ ചാമ്പ്യന്മാര് ഡെന്മാര്ക്കിനെ തകര്‍ത്തു. ഇതോടെ ഡെന്മാര്ക്കിന്റെ പ്രീ ക്വാര്‍ട്ടര്‍ സാധ്യതകള്‍ക്ക് തിരിച്ചടി നേരിട്ടു.
വിജയം മാത്രം ലക്ഷ്യം വെച്ചാണ് ഡെന്മാര്ക്ക് ഇന്ന് ഓസ്ട്രേലിയയ്ക്കെതിരേ ഇറങ്ങിയത്. ജയിച്ചാല്‍ അകത്ത് തോറ്റാല്‍ പുറത്ത്. അതും ഓസ്ട്രേലിയയ്ക്കെതിരേ. ടീമിന്റെ ശക്തി പരിശോധിക്കുമ്പോള്‍ ഓസ്ട്രേലിയ ഡെന്മാര്ക്കിന് എതിരാളികളേയല്ല. എന്നാല്‍ കടലാസിലെ കരുത്തല്ലല്ലോ ഗ്രൗണ്ടില്‍ വേണ്ടത്. മത്സരത്തില്‍ ഡെന്മാര്ക്കിനെ എതിരില്ലാത്ത ഒരു ഗോളിന് തകര്‍ത്ത് ഓസ്ട്രേലിയ പ്രീ ക്വാര്‍ട്ടറിലേക്ക് കടന്നപ്പോള്‍ അത് വിശ്വസിക്കാനാവാതെയാണ് സൈമണ്‍ കെയറും സംഘവും നിന്നത്.
ഡെന്മാര്ക്ക് ടീമിന്റെ ബലം എത്രത്തോളമുണ്ടെന്ന് പറഞ്ഞറിയിക്കേണ്ട ആവശ്യമില്ല. ക്രിസ്റ്റ്യന്‍ എറിക്സണ്, ഹോയ്ബര്‍ഗ്, കാസ്പര്‍ ഷ്മൈക്കേല്‍, ഓള്സണ്, ക്രിസ്റ്റിയന്സണ്, ബ്രാത്ത്വെയ്റ്റ്...ഇനിയുമുണ്ട് പ്രതിഭാധനരായ നിരവധി താരങ്ങള്‍. എന്നിട്ടും ഡെന്മാര്ക്കിന് പിഴച്ചതെവിടെ? ഒത്തിണക്കമില്ലായ്മതന്നെയാണ് ഡെന്മാര്ക്കിന് വില്ലനായത്. മുന്നേറ്റനിര ഫോം കണ്ടെത്താന്‍ പാടുപെട്ടതും ഡെന്മാര്ക്കിന് തിരിച്ചടിയായി. ക്രിസ്റ്റ്യന്‍ എറിക്സണെപ്പോലെയുള്ള ലോകോത്തര പ്ലേമേക്കറുണ്ടായിരുന്നിട്ടും ഡെന്മാര്ക്കിന് മികച്ച പ്രകടനം പുറത്തെടുക്കാനായില്ല.
മൂന്ന് മത്സരങ്ങളില്‍ നിന്ന് ഒരു സമനിലയും രണ്ട് തോല്‍വിയുമാണ് ഡെന്മാര്ക്കിന്റെ സമ്പാദ്യം. മൂന്ന് മത്സരങ്ങളില്‍ നിന്ന് വെറും ഒരു ഗോള്‍ മാത്രമാണ് ഡെന്മാര്ക്കിന് നേടാനായത്. മൂന്ന് ഗോളുകള്‍ വഴങ്ങുകയും ചെയ്തു. ഈ കണക്കുകള്‍ തന്നെ ഡെന്മാര്ക്കിന്റെ മുന്നേറ്റനിരയുടെ ശക്തിയില്ലായ്മയെ വ്യക്തമായി സൂചിപ്പിക്കുന്നു. ലോക റാങ്കിങ്ങില്‍ പത്താം സ്ഥാനത്ത് നില്ക്കുന്ന ഡെന്മാര്ക്കിന്റെ പതനം ലോക ഫുട്ബോളിനെ ഞെട്ടിക്കുന്നതാണ്.
Content Highlights: poor performance of denmark in world cup 2022, fifa world cup 2022, denmark football
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..