ഇംഗ്ലണ്ട് ടീം പരിശീലനത്തിൽ | Photo : Alex Pantling/Getty Images
ദോഹ: ലോകകപ്പ് ഫുട്ബോളില്‍ കിരീടസാധ്യതയിലുള്ള ടീമുകളായ ഇംഗ്ലണ്ടും നെതര്‍ലന്‍ഡ്സും നോക്കൗട്ട് ഉറപ്പിക്കാന്‍ ചൊവ്വാഴ്ച ഇറങ്ങുന്നു. ഗ്രൂപ്പ് എ-യില്‍ രാത്രി 8.30-ന് നെതര്‍ലന്‍ഡ്സ് ആതിഥേയരായ ഖത്തറിനെ നേരിടും. ബി ഗ്രൂപ്പിലെ കരുത്തരായ ഇംഗ്ലണ്ടിന് എതിരാളി വെയ്ല്‍സാണ്.
ആദ്യമത്സരം ജയിക്കുകയും രണ്ടാം മത്സരം സമനിലയാവുകയും ചെയ്ത നെതര്‍ലന്‍ഡ്സിന് ചൊവ്വാഴ്ച തോല്‍ക്കാതിരുന്നാല്‍ പ്രീക്വാര്‍ട്ടറിലെത്താം. ആദ്യമത്സരത്തില്‍ സെനഗലിനെ 2-0ത്തിന് തോല്‍പ്പിച്ച നെതര്‍ലന്‍ഡ്സ് രണ്ടാം മത്സരത്തില്‍ എക്വഡോറിനോട് 1-1 സമനില വഴങ്ങിയതോടെയാണ് അവസാനമത്സരം നിര്‍ണായകമായത്. പൂര്‍ണമായും ഫിറ്റ് അല്ലാത്തതിനാല്‍ ആദ്യ രണ്ടു കളികളിലും പകരക്കാരനായിരുന്ന മുന്നേറ്റനിര താരം മെംഫിസ് ഡീപേ ചൊവ്വാഴ്ച ആദ്യ ഇലവനില്‍ ഇറങ്ങിയേക്കും.
ആദ്യ രണ്ടു കളികളും തോറ്റ ഖത്തര്‍ നോക്കൗട്ടിലെത്തില്ലെന്ന് നേരത്തേ ഉറപ്പായിക്കഴിഞ്ഞു. അത് നെതര്‍ലന്‍ഡ്സിന് അനുകൂലമാകും. അതേസമയം അവസാനമത്സരമെങ്കിലും ജയിച്ച് അഭിമാനത്തോടെ മടങ്ങാമെന്ന കണക്കുകൂട്ടല്‍ ഖത്തറിനുണ്ടാകും. പ്രവചനങ്ങളിലെല്ലാം നെതര്‍ലന്‍ഡ്സ് ഏറെ മുന്നിലാണ്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ഇതേസമയത്ത് എക്വഡോര്‍ സെനഗലിനെ നേരിടും.
അയല്‍ക്കാര്‍ക്കെതിരേ ഇംഗ്ലണ്ട്
ഗ്രൂപ്പ് ബി-യിലെ അവസാനമത്സരത്തില്‍ ഇംഗ്ലണ്ടിന് എതിരാളി അയല്‍ക്കാരായ വെയ്ല്‍സാണ്. മത്സരം രാത്രി 12.30 മുതല്‍. ആദ്യമത്സരത്തില്‍ ഇറാനെ 6-2ന് തകര്‍ത്ത ഇംഗ്ലണ്ടിനെ രണ്ടാം മത്സരത്തില്‍ അമേരിക്ക ഗോള്‍രഹിത സമനിലയില്‍ തളച്ചതോടെയാണ് അവസാനമത്സരം പ്രധാനമായത്. ഒരുസംഘം യുവതാരങ്ങളുടെ കരുത്തിലെത്തുന്ന ഇംഗ്ലണ്ട് സമീപകാലത്ത് മികച്ച ഫോമിലാണ്. 2018 ലോകകപ്പില്‍ സെമി ഫൈനലിലും 2020 യൂറോകപ്പില്‍ ഫൈനലിലും എത്തിയ ഇംഗ്ലണ്ട് ടീം ഈ ലോകകപ്പിലെ ഫേവറിറ്റുകളാണ്.
ഗ്രൂപ്പില്‍ ഇറാനും അമേരിക്കയും തമ്മിലാണ് മറ്റൊരു സൂപ്പര്‍ പോരാട്ടം. മുന്നേറ്റം ഉറപ്പിക്കാന്‍ ഇരുടീമുകള്‍ക്കും വിജയിക്കണം. ഇതിനൊപ്പം ഇംഗ്ലണ്ട്-വെയ്ല്‍സ് മത്സരഫലവും ഇറാന്റേയും അമേരിക്കയുടേയും മുന്നേറ്റത്തില്‍ നിര്‍ണായകമാകും.
മത്സരസമയം മാറും
ഖത്തര്‍ ലോകകപ്പില്‍ മൂന്നാംറൗണ്ട് മത്സരങ്ങള്‍ക്ക് ചൊവ്വാഴ്ച തുടക്കം. മൂന്നാംറൗണ്ടില്‍ മത്സരസമയം മാറും. ചൊവ്വാഴ്ച എ ഗ്രൂപ്പിലെ രണ്ടുമത്സരങ്ങള്‍ രാത്രി 8.30-നും ബി ഗ്രൂപ്പിലെ രണ്ടു കളികള്‍ രാത്രി 12.30-നും തുടങ്ങും. മൂന്നാം റൗണ്ടിലെ എല്ലാ മത്സരങ്ങളും ഇതേസമയത്താണ്. അവസാന റൗണ്ട് ആയതിനാല്‍ ഒത്തുകളിക്കാനും മറ്റൊരു മത്സരഫലം സ്വാധീനിക്കാതിരിക്കാനുമാണ് ഒരു ഗ്രൂപ്പിലെ രണ്ടുമത്സരങ്ങളും ഒരേസമയം നടത്തുന്നത്. ഇനിമുതല്‍ 3.30, 6.30, 9.30 സമയങ്ങളില്‍ മത്സരങ്ങളില്ല. 8.30-നും 12.30-നും മാത്രം.
Content Highlights: netherlands vs qatar, england vs wales, iran vs usa, senegal vs ecuador, FIFA World Cup 2022
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..