Photo: AFP
ബ്യൂണസ് ഐറിസ്: 36 വര്‍ഷത്തെ സ്വപ്നം. ഇക്കാലമത്രയും ഉള്ളില്‍ അടിഞ്ഞുകൂടിയ നിരാശയും കണ്ണീരും എല്ലാം അടങ്ങി ആഹ്ലാദം അണപൊട്ടിയൊഴുകിയ നിമിഷങ്ങള്‍. ഒരു രാജ്യം ഒന്നാകെ തലസ്ഥാനമായ ബ്യൂണസ് ഐറിസിലേക്ക് ഒഴുകുകയായിരുന്നു. രാജ്യം കിരീടമണിഞ്ഞ നിമിഷം മുതല്‍ തുടങ്ങിയ നിലയ്ക്കാത്ത ആഘോഷം. എങ്ങനെ സന്തോഷം പ്രകടിപ്പിക്കണമെന്ന കണ്‍ഫ്യൂഷനിലായിരുന്നു പലരും. ചിലര്‍ പോസ്റ്റില്‍ വലിഞ്ഞുകയറി. ചിലര്‍ തുള്ളിച്ചാടി. ചില നൃത്തംവച്ചു. സന്തോഷത്താല്‍ ചിലര്‍ പൊട്ടിക്കരഞ്ഞു. പാടാനറിയാത്തവരും പാടിത്തകർത്തു. ഇടവേളയില്ലാതെ അത് രണ്ട് ദിവസം തുടര്‍ന്നു.
ഒടുവില്‍ മെസ്സിയും സംഘവും കപ്പുമായി പുലര്‍ച്ചെ രണ്ടരയോടെ വിമാനമിറങ്ങുന്നു. ആഹ്ലാദം അതിന്റെ പരകോടിയിലെത്തി. ഇങ്ങനെയൊരു കാഴ്ച മൂന്നര പതിറ്റാണ്ടായി ആ രാജ്യം മോഹിക്കുന്നു. കരഘോഷത്തോടെ താരങ്ങളെ രാജ്യം വരവേറ്റു. പിന്നീട് നടന്നത് ഒരു പക്ഷേ ലോകത്തെ ഏറ്റവും വലിയ മഹാസമ്മേളനമായിരുന്നു.
അവിസ്മരണീയ കാഴ്ച. ഒരു രാജ്യത്തിന്റെ അഭിമാനവും ഐക്യവും, എന്തിന് ഒരു നാട് തന്നെ ഒരു പന്തിലേക്ക് ചുരുങ്ങുന്ന അപൂര്‍വ്വ പ്രതിഭാസം. എന്തുകൊണ്ട് അര്‍ജന്റീനയും അവരുടെ ഫുട്ബോളും ലോകം മുഴുവന്‍ ലഹരിയായി പടര്‍ന്നുവെന്നും ആരാധകരെ സൃഷ്ടിച്ചതിന്റെ കാരണവും ഒഴുകിയെത്തിയ ജനസഞ്ചയത്തിലുണ്ടായിരുന്നു.
.jpg?$p=6baf4c9&f=1x1&w=284&q=0.8)
.jpg?$p=6cf72ef&f=1x1&w=284&q=0.8)
.jpg?$p=343110d&q=0.8&f=16x10&w=284)
.jpg?$p=fea7dae&q=0.8&f=16x10&w=284)
.jpg?$p=76e3209&q=0.8&f=16x10&w=284)
+7
അര്‍ജന്റീനയുടെ ആകെ ജനസംഖ്യയുടെ പത്തിലൊന്നും അവിടെ സംഗമിച്ചു. കപ്പുമായി താരങ്ങളുടെ തുറന്ന ബസ്സിലുള്ള നഗരപ്രദക്ഷിണം ഒരു നിമിഷം കാണാന്‍. നിലയ്ക്കാത്ത ജനപ്രവാഹം. തുടക്കം മെല്ലയായിരുന്നു. വൈകാതെ ജനസമുദ്രമായി വാഹനത്തിന് ഒരിഞ്ച് നീങ്ങാനാവാത്ത സ്ഥിതി. ഇതിനിടെ സന്തോഷം അതിരുവിട്ടപ്പോള്‍ പാലത്തില്‍ നിന്ന് രണ്ട് പേര് താരങ്ങളുടെ ബസ്സിലേക്ക് ചാടി. ഒരാള്‍ താരങ്ങള്‍ക്കിടയില്‍ വന്നുവീണു. പൂഴി നിലത്തു വീഴാത്തത്ര ജനം. ഒരാള്‍ ബസ്സിന് മുകളിലേക്ക് ചാടി ലക്ഷ്യം തെറ്റി താഴേക്ക്. വീണത് ജനങ്ങള്‍ക്ക് മുകളിലേക്ക്. മുന്നോട്ട് നീങ്ങാനാവാതെ പ്രദക്ഷിണം നിലച്ചു. പിന്നെയും കിലോ മീറ്ററോളം ആളുകള്‍ കാത്തുനില്ക്കുന്നു. ഗത്യതന്തരമില്ലാതെ ബസ്സിലെ യാത്ര ഉപേക്ഷിച്ചു.
ജനസാഗരത്തിനിടയില്‍, ബസ്സില്‍ സുവര്‍ണതാരങ്ങള്‍. അവരുടെ സുരക്ഷ കൂടി കണക്കിലെടുത്ത് ഒടുവില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഹെലികോപ്ടറിന്റെ സഹായം തേടി. തുടര്‍ന്നുള്ള നഗരപ്രദക്ഷിണം ഹെലികോപ്ടറിലാക്കി. കപ്പുമായി താരങ്ങള്‍ ഹെലികോപ്ടറിലിരുന്ന് പിന്തുണക്ക് നന്ദി പറഞ്ഞു. അപ്പോഴും ഒരു നോക്ക് അഭിമാനതാരങ്ങളെ കാണാനായി പ്രധാന പാതകളിലൂടെ ജനം ഒഴുകുകയായിരുന്നു. ജീവിതത്തില്‍ ഏറ്റവും മികച്ച നിമിഷങ്ങള്‍ കണ്ട സന്തോഷത്തിലായിരുന്നു പലരും.
ജനങ്ങള്‍ പരസ്പരം ചുംബിച്ചും ആലിംഗനം ചെയ്തും സന്തോഷം പങ്കുവച്ചു. മെസ്സിയുടേയും മറഡോണയുടേയും ചിത്രങ്ങളുമായാണ് പലരും കിരീടജേതാക്കളെ കാണാനായി എത്തിയത്. ഒടുവില്‍ നിശ്ചയിച്ചതിലും ഏറെ വൈകി നഗരത്തിന്റെ ഹൃദയ ഭാഗത്തെ 71.5 മീറ്റര്‍ ഉയരത്തില്‍ നില്ക്കുന്ന ഒബലിസ്കോ സ്തൂപത്തിന് മുന്നില്‍ കിരീടയാത്ര അവസാനിക്കുമ്പോള്‍ അവിടം നീലസാഗരമായി. ഒരു സംഘം ഒരു രാജ്യം ഒരു സ്വപ്നം. ആ സ്വപ്നം മെസ്സിയുടെ കൈയില്‍. ആ നീലസാഗരത്തിന്റെ ഓളം ലോകം മുഴുവൻ അലയടിച്ച പോലെ.
Content Highlights: messi, argentina, world cup champions
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..