ബ്യൂണസ് ഐറിസിൽ ഒത്തുകൂടിയ അർജന്റീന ആരാധകർ | Photo: gettyimages
ബ്യൂണസ് ഐറിസ്: ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ മാറിമറിഞ്ഞ ഉജ്ജ്വലമായ പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സിനെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ മറികടന്ന് മൂന്നാം ലോകകിരീടം സ്വന്തമാക്കിയതിന് പിന്നാലെ ആഘോഷ തിമിര്‍പ്പില്‍ അര്‍ജന്റീന. തങ്ങളുടെ മൂന്നാം വിശ്വകിരീട നേട്ടം ആഘോഷിക്കാന്‍ അര്‍ജന്റീനയുടെ തലസ്ഥാന നഗരിയില്‍ എത്തിയത് ലക്ഷക്കണക്കിനാളുകളാണ്. മെസ്സിയുടേയും ടീം അംഗങ്ങളുടേയും പോസ്റ്ററുകളും ബാനറുകളും ഉയര്‍ത്തിക്കൊണ്ടായിരുന്നു ആരാധകരുടെ ആഘോഷ പ്രകടനങ്ങള്‍.
ബ്യൂണസ് ഐറിസിലെ പ്രസിദ്ധമായ ഒബലിക്‌സ് സ്തൂപത്തിന് സമീപം എതാണ്ട് 20 ലക്ഷത്തോളം ആളുകളാണ് തടിച്ചുകൂടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. പാട്ടുപാടിയും നൃത്തം വെച്ചും ഉച്ചത്തില്‍ വാഹനങ്ങളുടെ ഹോണ്‍ മുഴക്കിയും കരിമരുന്ന് പ്രയോഗിച്ചുമാണ് ആരാധകര്‍ ലോകകപ്പ് വിജയം ആഘോഷിച്ചത്. അര്‍ജന്റീനയുടെ ജേഴ്‌സി ധരിച്ചും രാജ്യത്തിന്റെ പതാക പുതച്ചുമാണ് ആരാധകര്‍ എത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സിനെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ (4-2) മറികടന്നാണ് അര്‍ജന്റീന മൂന്നാം ലോകകിരീടം സ്വന്തമാക്കിയത്. ലോകകപ്പില്‍ ഇതാദ്യമായി ലയണല്‍ മെസ്സി മുത്തമിടുകയും ചെയ്തു. നിശ്ചിതസമയത്തും (2-2) അധികസമയത്തും (3-3) തുല്യത പാലിച്ചതോടെയാണ് മത്സരം പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്കു നീണ്ടത്. 1978, 1986 ലോകകപ്പുകള്‍ നേടിയ അര്‍ജന്റീന 36 വര്‍ഷത്തിനു ശേഷമാണ് വീണ്ടും ജേതാക്കളാവുന്നത്. 2002-ല്‍ ബ്രസീലിനുശേഷം ഒരു ലാറ്റിനമേരിക്കന്‍ രാജ്യം ലോകകപ്പുയര്‍ത്തുന്നത് ആദ്യം.





ഇരട്ടഗോളുമായി മെസ്സി ഫൈനലില്‍ നിറഞ്ഞാടി. ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനുള്ള ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരം മെസ്സി നേടി. ലോകകപ്പ് ചരിത്രത്തില്‍ ഗ്രൂപ്പ് ഘട്ടത്തിലും പ്രീക്വാര്‍ട്ടര്‍, ക്വാര്‍ട്ടര്‍, സെമി, ഫൈനല്‍ മത്സരങ്ങളിലും ഗോള്‍ നേടുന്ന ആദ്യ താരമായി മെസ്സി. ഖത്തര്‍ ലോകകപ്പില്‍ ഏഴുഗോള്‍ നേടി. കൂടുതല്‍ ലോകകപ്പ് മത്സരങ്ങള്‍ കളിച്ച താരമെന്ന റെക്കോഡും (26) സ്വന്തമാക്കി. അര്‍ജന്റീനയുടെ ആറാം ലോകകപ്പ് ഫൈനലായിരുന്നു ഇത്.
Content Highlights: Millions Celebrate World Cup Victory At Iconic Argentina Monument
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..