photo: Getty Images
ദോഹ: ദിവസങ്ങള്‍ക്ക് മുമ്പ് കണ്ണീര് വീണ് തിരിഞ്ഞുനടന്ന അതേ ലുസെയ്ല്‍ സ്റ്റേഡിയത്തില്‍ മെസ്സിയും സംഘവും വീണ്ടും പോരാട്ടത്തിനിറങ്ങുകയാണ്. ഓര്‍ക്കാനിഷ്ടപ്പെടാത്ത ആ രാത്രി ഇപ്പോഴും അവരുടെ മനസ്സില്‍ തളം കെട്ടി നില്‍ക്കുന്നുണ്ട്. എങ്കിലും ആ ഓര്‍മകളെ തട്ടിയകറ്റികൊണ്ട് ആ പതിനൊന്ന് പേര് ജീവന്മരണപോരാട്ടത്തിനായി ബൂട്ടുകെട്ടുന്നു. തോറ്റാല്‍ പിന്നൊരു തിരിച്ചുവരവില്ല, ലോകകപ്പില്‍ നിന്ന് പുറത്താകും.
ഇന്ന് ലുസെയ്ല്‍ സ്റ്റേഡിയത്തില്‍ മെക്സിക്കന്‍ തിരമാലകള്‍ ആര്ത്തലച്ചെത്തുമെന്നുറപ്പാണ്. മൈതാനത്ത് കൗണ്ടര്‍ അറ്റാക്കുകളുമായി മെക്സിക്കന്‍ മുന്നേറ്റനിരക്കാര്‍ അര്‍ജന്റീനിയന്‍ ഗോള്‍മുഖം വിറപ്പിക്കാനും സാധ്യതയുണ്ട്. മെസ്സിയും ഡി മരിയയും തൊടുത്തുവിടുന്ന ഷോട്ടുകളെ ജീവന് കൊടുത്തും പ്രതിരോധിക്കാന്‍ കെല്‍പ്പുള്ള പതിമൂന്നാം നമ്പറുകാരന് ഒച്ചാവോയും ആല്‍ബിസെലസ്റ്റന്‍ പ്രതീക്ഷകള്‍ക്കുമേല്‍ കനല്കോരിയിടും. പക്ഷേ മരണം മുഖാമുഖം നില്ക്കുന്ന പോരാട്ടത്തില്‍ ജയമില്ലാതെ ആ പത്താം നമ്പറുകാരനും സംഘത്തിനും മടങ്ങാനാവില്ല. എന്തുവിലകൊടുത്തും ജയിച്ചേ മതിയാകൂ.
ആദ്യ മത്സരത്തില്‍ അര്‍ജന്റീനയെ ഞെട്ടിച്ച സൗദി അറേബ്യക്ക് രണ്ടാമങ്കത്തില്‍ കാലിടറി. പോളണ്ടിനെതിരേ രണ്ട് ഗോളിന് തോല്‍വിയേറ്റുവാങ്ങേണ്ടിവന്നു. നിലവില്‍ രണ്ടുമത്സരങ്ങളില്‍ നിന്ന് നാല് പോയന്റുമായി പോളണ്ടാണ് ഗ്രൂപ്പ് സി യില്‍ ഒന്നാമതുള്ളത്. ഇത്രയും മത്സരങ്ങളില്‍ നിന്ന് മൂന്ന് പോയന്റുമായി സൗദി രണ്ടാമതാണ്. മൂന്നാമതുള്ള മെക്സിക്കോയ്ക്ക് ഒരു പോയന്റുണ്ട്.അവസാനസ്ഥാനക്കാരായ അര്‍ജന്റീനയ്ക്ക് ഇതുവരെ പോയന്റൊന്നും നേടാനായിട്ടില്ല. ഗോള്‍ വ്യത്യാസം '-1'ആണ്.
ഇന്ന് മെക്സിക്കോക്കെതിരേ തോറ്റാല്‍ അര്‍ജന്റീന പുറത്താകും. വിജയിച്ചാല്‍ നോക്കൗട്ട് സാധ്യതകള്‍ സജീവമാക്കാം. ഇനിയുള്ള രണ്ട് മത്സരങ്ങളും വിജയിച്ചാല്‍ പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറാനാകും. ഒരു മത്സരം വിജയിക്കുകയും ഒരു മത്സരം സമനിലയിലാകുകയും ചെയ്താല്‍ മറ്റു ടീമുകളുടെ മത്സരഫലം ആശ്രയിച്ചാകും മെസ്സിയും സംഘത്തിന്റേയും നോക്കൗട്ട് പ്രവേശം. തുല്യ പോയന്റുകള്‍ വന്നാല്‍ ഗോള്‍ വ്യത്യാസവും
നിര്‍ണായകമാകും. അതിനാല്‍ ഗ്രൂപ്പ് സി യിലെ പ്രീക്വാര്‍ട്ടര്‍ ചിത്രം അവസാന ഗ്രൂപ്പ് മത്സരത്തിനുശേഷം മാത്രമേ വ്യക്തമാകുകയുള്ളൂ.
Content Highlights: mexico Argentina do or die match
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..