കൈലിയൻ എംബാപ്പെ/ പ്ലെയർ ഓഫ് ദ മാച്ച് പുരസ്കാരവുമായി എംബാപ്പെ | Photo: Instagram/ Kylian Mbappe
വയസ്സ് 23. കളിക്കുന്നത് രണ്ടാം ലോകകപ്പ്. ഖത്തറില്‍ വിസ്മയമാകുകയാണ് കൈലിയന്‍ എംബാപ്പെ. പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോളിലും ഏറ്റവും കൂടുതല്‍ ഗോളടിച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബൂട്ടിലും എംബാപ്പെ തന്നെയാണ് മുന്നില്‍. ഇതുവരെ അഞ്ച് ഗോളുകളാണ് താരം നേടിയത്. മൂന്ന് പ്ലെയര്‍ ഓഫ് ദ മാച്ച് പുരസ്കാരങ്ങളും. ഏറ്റവും കൂടുതല്‍ ഡ്രിബ്ളുകളും ഫ്രഞ്ച് മുന്നേറ്റതാരത്തിന്റെ പേരിലാണ്. 17 എണ്ണം. ടോപ്പ് ഗോള്‍ ഓണ്‍ ഷോട്ട്സില്‍ മെസ്സിക്ക് പിന്നില്‍ രണ്ടാമത്. മെസ്സി 11, എംബാപ്പെ 10.
കളിക്കളത്തിലെ ഈ പ്രകടനം മാത്രമല്ല, കളത്തിന് പുറത്തെ നിലപാടുകളും എംബാപ്പെ എന്ന താരത്തെ വ്യത്യസ്തമാക്കുന്നു. മദ്യം, വാതുവെപ്പ്, ഫാസ്റ്റ്ഫുഡ് തുടങ്ങിയവയുമായി ബന്ധപ്പെട്ട പരസ്യങ്ങളിലൊന്നും അഭിനയിക്കില്ലെന്നതാണ് നിലപാട്. ഖത്തര്‍ ലോകകപ്പ് തുടങ്ങുന്നതിന് മുമ്പ് ഇതുമായി ബന്ധപ്പെട്ട് ഫ്രഞ്ച് ഫുട്ബോള്‍ ഫെഡഫേഷനുമായും എംബാപ്പെ തര്‍ക്കിച്ചു. പരസ്യചിത്രങ്ങളുടെ നയം പുതുക്കി എഴുതണമെന്ന എംബാപ്പെയുടെ ആവശ്യം ആദ്യം ഫെഡറേഷന് പരിഗണിച്ചില്ല. തുടര്‍ന്ന് സ്പോണ്‍സര്‍മാരുടെ പ്രൊമോഷന് ഇവന്റുകള്‍ താരം ബഹിഷ്കരിക്കാന്‍ തുടങ്ങി. ഇക്കാര്യത്തില്‍ സഹതാരങ്ങളുടെ പിന്തുണ ഉണ്ടായിരുന്ന എംബാപ്പെയുടെ വഴിക്ക് ഒടുവില്‍ ഫെഡറേഷന് വരേണ്ടിവന്നു. അവര്‍ക്ക് നയം തിരുത്തി എഴുതേണ്ടിവന്നു. പരസ്യവരുമാനം മുഴുവനും ചാരിറ്റിക്കായി നീക്കിവയ്ക്കുന്നതിനാല്‍ അതു ലഭിക്കുന്ന മാര്‍ഗവും നീതിയുക്തമായിരിക്കണമെന്ന നിര്‍ബന്ധമാണ് എംബാപ്പെയുടെ ഈ പോരാട്ടത്തിന് പിന്നിലുള്ളത്.
ഖത്തര്‍ ലോകകപ്പിലും തന്റെ നിലപാടില്‍ നിന്ന് താരം ഒരിഞ്ച് പോലും വ്യതിചലിച്ചില്ല. ഗ്രൂപ്പ് ഘട്ടത്തില്‍ ഡെന്മാര്ക്കിനെയും ഓസ്ട്രേലിയെയും ചുരുട്ടിമടക്കിയ രണ്ടു മത്സരങ്ങളിലേയും പ്ലെയര്‍ ഓഫ് ദ മാച്ച് എംബാപ്പെ ആയിരുന്നു. എന്നാല്‍ ആ സമ്മാനം സ്പോണ്സര് ചെയ്തിരിക്കുന്ന ബിയര്‍ നിര്‍മാതാക്കളായ ബഡൈ്വസറിന്റെ പേരോ ചിഹ്നമോ കാണിക്കാതെ എംബാപ്പെ ട്രോഫിയുമായി പോസ് ചെയ്തു. മറ്റുള്ള താരങ്ങളെല്ലാം ബഡൈ്വസര്‍ നിറഞ്ഞു തുളുമ്പിയ ചുവന്ന ചുമര് പരസ്യത്തിന് മുന്നില്‍ ആ പേരു കൊത്തിയ ട്രോഫി കൈയിലേന്തി നില്ക്കുമ്പോള് എംബാപ്പെ രണ്ടുതവണയും മറ്റൊരു വാളിനു മുന്നിലാണ് ഫോട്ടോക്കായി നിന്നത്. ബഡൈ്വസറിന്റെ പേരു മുന്നില്‍ വരാത്തരീതിയില്‍ ട്രോഫി തിരിച്ചുപിടിക്കുകയും ചെയ്തു. ഒപ്പം മാധ്യമപ്രവര്‍ത്തകര്‍ക്ക് പിടികൊടുക്കാതെ താരം മുങ്ങുകയും ചെയ്തു.
ഇതൊന്നും ഫിഫയ്ക്ക് അത്ര രസിച്ചില്ല. ഫ്രഞ്ച് ഫുട്ബോള്‍ ഫെഡറേഷന് ഫിഫ പിഴ ചുമത്തി. എന്നാല്‍ താരം അതിലും വീണില്ല. ഫെഡറേഷന് ചുമത്തിയ ആ പിഴ അത് താന്‍ അടച്ചോളാമെന്നാണ് എംബാപ്പെ പറയുന്നത്. ഏതായാലും കളിയില്‍ മാത്രമല്ല, കളിക്ക് പുറത്തും ഈ വണ്ടര്‍ ബോയ് ലോകത്തെ അമ്പരപ്പിക്കുകയാണ്.
Content Highlights: mbappe refuses to pose in front of alcoholic beverage brand logo
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..