Photo: special arrangement
ദോഹ: മെസി ലോകകപ്പ് കരീടത്തില്‍ മുത്തമിട്ടപ്പോള്‍ ലുസൈല്‍ സ്റ്റേഡിയത്തില്‍ അര്‍ജന്റീനയ്ക്ക് ആശംസ നേര്‍ന്ന് എം.എ യൂസഫലിയും. ആവേശപ്പോരാട്ടമായ അര്‍ജന്റീന-ഫ്രാന്‍സ് ഫൈനല്‍ മത്സരം കാണാനാണ് ഖത്തര്‍ ഭരണകൂടത്തിന്റെ പ്രത്യേക ക്ഷണിതാവായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എത്തിയത്. ഫൈനലില്‍ അര്‍ജന്റീനയുടെ പൈനാല്‍റ്റി ഷൂട്ടൗട്ട് വിജയവും കണ്ട് വിജയിച്ച ടീമിന് ആശംസ നേര്‍ന്നാണ് അദ്ദേഹം മടങ്ങിയത്.
ലുസെയ്ല്‍ സ്റ്റേഡിയത്തില്‍ വിവിഐപി നിരയിലാണ് ലുലു ഗ്രൂപ്പ് ചെയര്‍മാനും ലോകകപ്പ് വീക്ഷിച്ചത്. ലോകകപ്പ് സംഘാടനത്തില്‍ തന്റെ നിര്‍ണായക റോള്‍ പൂര്‍ത്തിയാക്കിയാണ് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ അര്‍ജന്റീന - ഫ്രാന്‍സ് ഫൈനല്‍ മത്സരം കണ്ടത്. ലോകകപ്പിലെ ഫുഡ്‌സേഫ്റ്റി പാര്‍ട്ണറാണ് ലുലു ഗ്രൂപ്പ്. ലോകത്തിന്റെ എല്ലാ കോണില്‍ നിന്നും എത്തുന്നവര്‍ക്ക് ഭക്ഷണം കൃത്യമായി ഒരുക്കുന്നതിനും ലഭ്യതയും ലുലു ഉറപ്പ് വരുത്തിയിരുന്നത് ഖത്തറിലെ ലുലുലിവിന്റെ 22 ഔട്ട്‌ലെറ്റുകളിലൂടെയായിരുന്നു.
ഭാവിയില്‍ ഇന്ത്യ കൂടി കളിക്കണം എന്നതാണ് ആഗ്രഹം. ഇതുവരെ നടന്ന ലോകകപ്പുകളില്‍ ഏറ്റവും മികച്ച സംഘാടനം ഖത്തറിലായിരുന്നെന്ന് ഫിഫ പ്രസിഡന്റ് തന്നെ സമ്മതിച്ചിട്ടുണ്ടെന്നും യൂസഫലി പ്രതികരിച്ചു. ഖത്തര്‍ എന്ന രാജ്യം വളരെ ദീര്‍ഘവീക്ഷണത്തോടെയാണ് കാര്യങ്ങള്‍ വീക്ഷിച്ചത്. അതിനാല്‍ തന്നെയാണ് എല്ലാം വിജയകരമായി പര്യവസാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. തന്റെ നാട്ടില്‍ വോളിബോളായിരുന്നു മെയിന്‍, വോളിബോളില്‍ ഒഫന്‍സും ഫുട്‌ബോളില്‍ ഫോര്‍വേഡുമായിരുന്നു തനിക്ക് ഇഷ്ടമെന്നും യൂസഫലി പറഞ്ഞു. ഫുട്‌ബോളിനെക്കാള്‍ താന്‍ കളിച്ചിട്ടുള്ളത് വോളിബോളാണെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. ചെറുപ്പകാലത്ത് പപ്പന്‍, പാവരട്ടി ആന്റണി, കുര്യാക്കോസ്, എന്നിവരൊക്കെയായിരുന്നു തങ്ങളുടെ ജനറേഷനിലെ വോളിബോള്‍ താരങ്ങളെന്നും ഫുട്‌ബോളില്‍ വിക്ടര്‍ മഞ്ഞിലയായിരുന്നു താരമെന്നും അദ്ദേഹം ഓര്‍മിച്ചു.
കളിക്കളത്തിലെ മുപ്പത്തിരണ്ട് ടീമും നമ്മുടെ ടീം തന്നെയാണ് അവരുടെ ഭക്ഷണത്തിന്റെ കാര്യങ്ങളെല്ലാം നോക്കിയത് തങ്ങളാണ്. കഴിഞ്ഞ ദിവസം രാജകുടുംബാംഗങ്ങളായ നിരവധി അല്‍ത്താനി ഷൈഖുമാരുമായി സംസാരിച്ചപ്പോള്‍ മലയാളികളുടെ ആവേശം അവിശ്വസനീയമാണെന്നാണ് അദ്ദേഹം പറഞ്ഞത്. ചെറുപ്പത്തില്‍ നാട്ടിക ഫിഷറീസ് സ്‌കൂളിലും കാരാഞ്ചിറ സെന്റ് സേവ്യര്‍ സ്‌കൂളിലും അഹമ്മദാബാദിലുമെല്ലാം ഫുട്‌ബോള്‍ കളിച്ചിരുന്ന ആളാണെന്നും യൂസഫലി വ്യക്തമാക്കി. ലാറ്റിനമേരിക്കയിലെ വലിയൊരു ടീമും യൂറോപ്പിലെ വലിയൊരു ടീമും ഏറ്റുമുട്ടുമ്പോള്‍ മനോഹരമായ ഫൈനലാകും സമ്മാനിക്കുക എന്നായിരുന്നു ഫൈനല്‍ മത്സരത്തിന് മുന്‍പ് അദ്ദേഹം പ്രതികരിച്ചത്.
ഫൈനലില്‍ കളിച്ച പന്തിന്റെ മാതൃക, ട്രോഫിയുടെ മാതൃക, ഖത്തറിലെ ലുസൈല്‍ സ്റ്റേഡിയത്തിന്റെ മാതൃക എന്നിവയും എം.എ യൂസഫലിക്ക് സമ്മാനമായി നല്‍കിയിരുന്നു.
Content Highlights: ma yusuff ali in lusail stadium to watch fifa world cup 2022 final
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..