ലൂയിസ് സുവാരസ് | Photo:Stu Forster/Getty Images
ദോഹ: ഘാനയ്ക്ക് എതിരായ അവസാനഗ്രൂപ്പ് മത്സരം വിജയിച്ചിട്ടും യുറഗ്വായ് പുറത്തായതോടെ വികാരാധീനനായി ലൂയിസ് സുവാരസ്. മത്സരം അവസാനമിനിറ്റുകളിലേയ്ക്ക് കടക്കുമ്പോള്‍ നിറകണ്ണുകളോടെയാണ് സുവാരസ് സൈഡ് ബെഞ്ചില്‍ ഇരുന്നത്. ഇടയ്ക്ക് തലയില്‍ കൈവെച്ചുകൊണ്ട് മത്സരം വീക്ഷിച്ച താരം പലപ്പോഴും മുഖം ടീഷര്‍ട്ട് കൊണ്ട് മറയ്ക്കുന്നതും കാണാമായിരുന്നു.
മത്സരത്തില്‍ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് വിജയിച്ചിട്ടും അടിച്ച ഗോളുകളുടെ എണ്ണത്തില്‍ ദക്ഷിണകൊറിയക്ക് പിന്നിലായതാണ് യുറഗ്വായ്ക്ക് പുറത്തേക്കുള്ള വഴി തുറന്നത്. ദക്ഷിണ കൊറിയ 2-1ന് പോര്‍ചുഗലിനെ തോല്‍പ്പിച്ചതോടെ മൂന്ന് ഗോള്‍ വ്യത്യാസത്തിലുള്ള വിജയം യുറഗ്വായ്ക്ക് അനിവാര്യമായിരുന്നു. മൂന്നാമത് ഒരു ഗോളിനായി യുറഗ്വായ് കിണഞ്ഞുപരിശ്രമിച്ചിട്ടും ഗോള്‍ മാത്രം അകന്നുനിന്നു. ഇതോടെയാണ് സുവാരസ് കണ്ണീരണിഞ്ഞത്.
മത്സരത്തിന്റെ 26-ാം മിനിറ്റിലായിരുന്നു യുറഗ്വായുടെ ആദ്യ ഗോള്‍ പിറന്നത്. പെല്ലിസ്ട്രി ബോക്സിലേക്ക് നല്കിയ ക്രോസില്‍ നിന്നുള്ള സുവാരസിന്റെ ഷോട്ട് ഘാന ഗോള്‍കീപ്പര്‍ അതി സിഗി തട്ടിയകറ്റി. എന്നാല്‍ കീപ്പറുടെ കൈയില്‍ തട്ടി തെറിച്ച പന്ത് തൊട്ടുപിന്നാലെയെത്തിയ ജ്യോര്‍ജിയന്‍ ഡി അരാസ്കേറ്റ ഹെഡ് ചെയ്ത് വലയിലെത്തിക്കുകയായിരുന്നു.
32-ാം മിനിറ്റില്‍ അരാസ്കേറ്റ തന്നെ യുറഗ്വായുടെ രണ്ടാം ഗോളും നേടി. ഇത്തവണയും പെല്ലിസ്ട്രി നീട്ടിയ പന്തില്‍ നിന്നായിരുന്നു ഗോളിന്റെ പിറവി. പെല്ലിസ്ട്രി നല്കിയ പന്ത് ഡാര്വിന് ന്യൂനെസ് തട്ടി സുവാരസിന് നല്കി. സുവാരസ് നല്കിയ പന്തില്‍ നിന്നുള്ള അരാസ്കേറ്റയുടെ ബുള്ളറ്റ് ഷോട്ട് വലയില്‍.
Content Highlights: Luis Suarez on the verge of tears, FIFA World Cup 2022
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..