ലൈനിന് പുറത്തേക്ക് പോകുന്ന പന്ത് പാസ് ചെയ്യുന്ന മിറ്റോമ. photo: AP
ദോഹ: അവസാന ഗ്രൂപ്പ് മത്സരത്തില്‍ സ്പെയിനെതിരേയുള്ള ജപ്പാന്റെ അട്ടിമറി ജയത്തില്‍ നിര്‍ണായകമായത് 51-ാം മിനിറ്റിലെ അവിശ്വസനീയ ഗോളായിരുന്നു. ലൈനിന് പുറത്തേക്ക് പോകുമെന്ന് ഉറപ്പിച്ച പന്ത് അസാധ്യ മെയ്വഴക്കത്തോടെ റാഞ്ചിയെടുത്ത് മിറ്റോമ നല്കിയ പാസ് പിഴവുകൂടാതെ ആവോ തനാക്ക വലയിലെത്തിക്കുകയായിരുന്നു. എന്നാല്‍ പന്ത് വര കടന്നതിനാല്‍ അത് ഗോളല്ലെന്ന് കളി ലൈവായി കണ്ടിരുന്നവര്‍ പോലും ആദ്യമൊന്ന് വിശ്വസിച്ചു. പിന്നാലെ അത്യന്തം നാടകീയമായി വാര് പരിശോധനയില്‍ പന്ത് വര കടന്നില്ലെന്ന് കണ്ടെത്തി ഗോള്‍ അനുവദിച്ചതോടെ വിവാദവും ഉയര്‍ന്നു.
ഗോളാകൃതിയുള്ള പന്തിന്റെ ആംഗിള്‍ കണക്കാക്കുമ്പോള്‍ പന്ത് വരയ്ക്ക് മുകളില്‍ തന്നെയാണെന്ന് വിധിച്ചാണ് വാര് ഗോള്‍ അനുവദിച്ചത്. എന്നാല്‍ വാറിന്റെ വിധി തെറ്റാണെന്നും പന്ത് ലൈനിന് പുറത്തുപോയത് ഒറ്റനോട്ടത്തില്‍ തന്നെ വ്യക്തമാണെന്നും ചില ചിത്രങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സാമൂഹിക മാധ്യമങ്ങളില്‍ സ്പെയിന് ആരാധകരുടെ പ്രധാന വിമര്‍ശനം. ഫുട്ബോള്‍ നിയമം പരിശോധിച്ചാല്‍ വാറിന്റെ തീരുമാനം ശരിയാണെന്നും ഗോള്‍ അനുവദിച്ചതില്‍ തെറ്റില്ലെന്ന് വാദിക്കുന്നവരും മറുപക്ഷത്തുണ്ട്. പന്ത് വര കടന്നിട്ടില്ലെന്നതിന് തെളിവായി കൃത്യമായ ആംഗിളില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോയും സഹിതം പങ്കുവെച്ചാണ് അവരുടെ വിശദീകരണം.
പന്ത് പൂര്‍ണമായും ഗോള്‍ ലൈനിന് പുറത്താണെങ്കില്‍ മാത്രമേ പന്ത് ഔട്ട് ആവുകയുള്ളുവെന്നാണ് ഫുട്ബോള്‍ നിയമത്തില്‍ പറയുന്നത്. മിറ്റോമ കാല്കൊണ്ട് തട്ടിയിടുമ്പോള്‍ പന്തിന്റെ ഒരുവശത്തെ ചെറിയൊരു ഭാഗം ലൈനിന് മുകളിലാണെന്ന് ടോപ്വ്യൂ ചിത്രങ്ങളില്‍ വ്യക്തമായിരുന്നു. അതുകൊണ്ടുതന്നെ വാറിനെതിരേ ഉയരുന്ന വിമര്‍ശനങ്ങളില്‍ വലിയ കഴമ്പില്ലെന്നാണ് ഫുട്ബോള്‍ വിദഗ്ധരുടെ അഭിപ്രായം.
വിവാദമായ ആ ഗോളിലൂടെ 2-1 ലീഡ് പിടിച്ചാണ് മത്സരത്തില്‍ ജപ്പാന് അട്ടിമറി ജയം നേടിയെടുത്തത്. ഇതോടെ ജര്‍മനി പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്താവുകയും ചെയ്തു. ഒരുപക്ഷേ 51-ാം മിനിറ്റിലെ ആ ഗോള്‍ വാര് അനുവദിച്ചില്ലായിരുന്നെങ്കില്‍ മത്സരം സമനിലയില്‍ അവസാനിച്ചേനെ. അങ്ങനെയെങ്കില്‍ ജര്‍മനിക്ക് പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറാമായിരുന്നു. ഇതോടെ സ്പെയിനൊപ്പം ജര്‍മന്‍ ആരാധകരും ജപ്പാന് ഗോള്‍ അനുവദിച്ച വാറിന്റെ തീരുമാനത്തിനെതിരേ വിമര്‍ശനം ഉയര്‍ത്തുന്നുണ്ട്.
Content Highlights: japans controversial goal against spain
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..