Photo: Pedro Vilela/Getty Images
ദോഹ: ലോകകപ്പ് ഫുട്ബോളിലെ പ്രീക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളില്‍ തിങ്കളാഴ്ച രണ്ട് ഏഷ്യന്‍ ടീമുകള്‍ ഇറങ്ങുന്നു. ജപ്പാനും ദക്ഷിണ കൊറിയയുമാണ് കളത്തിലിറങ്ങുന്നത്. രാത്രി 8.30-ന് ജപ്പാന് ക്രൊയേഷ്യയെയും രാത്രി 12.30-ന് ബ്രസീല്‍ ദക്ഷിണ കൊറിയയെയും നേരിടും.
ബ്രസീല്‍ - ദക്ഷിണ കൊറിയ
മുമ്പ് ഏഴുതവണ ഏറ്റുമുട്ടിയതില്‍ ആറിലും ബ്രസീലിനായിരുന്നു ജയം. ഒരുതവണ ദക്ഷിണകൊറിയ വിജയിച്ചു. അവസാന മത്സരത്തില്‍ കാമറൂണിനോടേറ്റ തോല്‍വി മറക്കാനുള്ള ജയമായിരിക്കും പരിശീലകന് ടിറ്റെയുടെ ലക്ഷ്യം. അവസാന മത്സരത്തില്‍ പോര്‍ച്ചുഗലിനെ അട്ടിമറിച്ച ആവേശവുമായിട്ടായിരിക്കും കൊറിയ എത്തുക. ബ്രസീലിന് പരിക്കാണ് പ്രധാന പ്രശ്നം. അലക്സ് സാന്‍ഡ്രോ, ഡാനിലോ എന്നിവരുടെ കാര്യം സംശയത്തിലാണ്. പരിക്കുള്ള ഗബ്രിയേല്‍ ജെസ്യൂസും അലക്സ് ടെല്ലസും പുറത്തായിക്കഴിഞ്ഞു. ബ്രസീല്‍ ശൈലി- 4-1-4-1. ദക്ഷിണകൊറിയ- 4-2-3-1.
ഇതിനിടെ ആദ്യകളിയില്‍ കണങ്കാലിനു പരിക്കേറ്റ് പുറത്തുപോയ നെയ്മര്‍ തിങ്കളാഴ്ച പ്രീക്വാര്‍ട്ടറില്‍ ബ്രസീല്‍നിരയില്‍ ഇറങ്ങാന്‍ സാധ്യതയുണ്ട്. നെയ്മര്‍ കളിക്കാനിറങ്ങുമെന്ന് പരിശീലകന് ടിറ്റെ ഞായറാഴ്ച പറഞ്ഞിരുന്നു. നെയ്മര്‍ അവസാനവട്ട പരിശീലനത്തിനിറങ്ങുമെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നും ടിറ്റെ പറഞ്ഞു.
രണ്ടാംമത്സരത്തിനു സ്റ്റേഡിയത്തിലെത്തിയ ടീമിനൊപ്പം നെയ്മര്‍ എത്തിയിരുന്നില്ല. ചികിത്സയ്ക്കായി ഹോട്ടലില്‍ത്തന്നെ തങ്ങുകയായിരുന്നു. എന്നാല്‍, മൂന്നാംമത്സരത്തിനെത്തിയ ടീമിനൊപ്പം നെയ്മറും മൈതാനത്തെത്തി. സന്തോഷവാനായാണ് നെയ്മറെ അന്നുകണ്ടത്. പരിക്ക് മാറി അടുത്ത കളിയില്‍ സൂപ്പര്‍താരം ഇറങ്ങുമെന്നാണ് ഇതിനുശേഷം പൊതുവേ വിലയിരുത്തപ്പെട്ടത്. ആരോഗ്യം മെച്ചപ്പെട്ടുവെന്ന് ശനിയാഴ്ച നെയ്മര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു.
ജപ്പാന് - ക്രൊയേഷ്യ
മുമ്പ് മൂന്നുതവണ ഏറ്റുമുട്ടിയപ്പോള്‍ രണ്ടുടീമും ഓരോ വിജയം നേടി. ഒരു മത്സരം സമനിലയിലായി. ജര്‍മനി, സ്പെയിന് ടീമുകളെ 2-1 ന് അട്ടിമറിച്ച ജപ്പാന് ഗ്രൂപ്പ് ഇ ചാമ്പ്യന്മാരായാണ് പ്രീക്വാര്‍ട്ടറിലെത്തിയത്. ഇതിനുമുമ്പ് മൂന്നുതവണ പ്രീക്വാര്‍ട്ടറിലെത്തിയ ജപ്പാന് മൂന്നുതവണയും തോറ്റുമടങ്ങുകയാണുണ്ടായത്. ജപ്പാന് 3-4-3 ശൈലിയില്‍ ഇറങ്ങാനാണ് സാധ്യത. ടീമിനെ പരിക്ക് അലട്ടുന്നില്ല. തുടര്‍ച്ചയായ മത്സരങ്ങളില്‍ മഞ്ഞക്കാര്‍ഡ് കണ്ടതിനാല്‍ കൊ ഇടാക്കുരയ്ക്ക് പ്രീക്വാര്‍ട്ടറില്‍ ഇറങ്ങാനാവില്ല. തോല്‍വിയറിയാതെ ഗ്രൂപ്പ് എഫ് രണ്ടാംസ്ഥാനക്കാരായാണ് ക്രൊയേഷ്യ എത്തിയത്. ഇറങ്ങാന്‍ സാധ്യതയുള്ള ശൈലി- 4-3-3. പരിക്ക് അലട്ടുന്നില്ല. കഴിഞ്ഞ 10 മത്സരങ്ങളില്‍ ക്രൊയേഷ്യ ഒമ്പതും തോറ്റിട്ടില്ല. മുമ്പ് രണ്ടുതവണ നോക്കൗട്ട് ഘട്ടത്തില്‍ കടന്നപ്പോഴും ക്രൊയേഷ്യ തോറ്റിട്ടില്ല.
Content Highlights: japan vs costa rica, brazil vs south korea, FIFA World Cup 2022
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..