മത്സരത്തിനിടെ മെസ്സിയും സെസ്നിയും | Photo: AP
ദോഹ:ലോകകപ്പില്‍ അര്‍ജന്റീനയ്ക്കെതിരായ പോളണ്ടിന്റെ തോല്‍വിയുടെ ആഘാതം കുറച്ചത് പോളിഷ് ഗോള്‍കീപ്പര്‍ സെസ്നിയാണ്. യഥാര്‍ത്ഥത്തില്‍ അര്‍ജന്റീനയും സെസ്നിയും തമ്മിലായിരുന്നു പോരാട്ടം. ലയണല്‍ മെസ്സിയുടെ പെനാല്‍റ്റി കിക്ക് തടുത്തു എന്നു മാത്രമല്ല, ഗോളെന്നുറച്ച അര്‍ജന്റീനയുടെ അഞ്ചോളം അവസരങ്ങളാണ് സെസ്നി തട്ടിമാറ്റിയത്. പത്ത് പേരെയും വച്ച് പ്രതിരോധിച്ചു കളിച്ച പോളണ്ടിനെതിരേ മുപ്പത്തിയൊന്‍പതാം മിനിറ്റിലാണ് അര്‍ജന്റീനയ്ക്ക് പെനാല്‍റ്റി ലഭിച്ചത്. മെസ്സിയുടെ കിക്ക് സെസ്നി അത്ഭുതകരമായി രക്ഷപ്പെടുത്തുന്നത് കണ്ട് ആരാധകര്‍ ഞെട്ടലോടെ തരിച്ചിരുന്നു.
ഗോള്‍മുഖത്തെ കൂട്ടപ്പൊരിച്ചിലിനൊടുവില്‍ പന്ത് തട്ടിമാറ്റാനുള്ള ഗോള്‍കീപ്പറുടെ ശ്രമം മെസ്സിയുടെ വീഴ്ച്ചയിലാണ് അവസാനിച്ചത്. ഗോളിയുടെ ഫൗളിന് അര്‍ജന്റീനന്‍ താരങ്ങള്‍ പെനാല്‍റ്റിക്കായി വാദിച്ചു. 'വാറി'ല്‍ ഫൗള്‍ നടന്നെന്ന് വ്യക്തമായതോടെ റഫറി പെനാല്‍റ്റി വിധിച്ചു.
എന്നാല്‍ റഫറി വാര് പരിശോധിക്കുന്നതിനിടയില്‍ താന്‍ മെസ്സിയുമായി പന്തയംവെച്ചിരുന്നുവെന്ന് സെസ്നി മത്സരശേഷം വ്യക്തമാക്കി. 'ആ ഫൗളിന് ഒരിക്കലും പെനാല്‍റ്റി അനുവദിക്കില്ല. നമുക്ക് 100 യൂറോക്ക് (8472 രൂപ) ബെറ്റ് വെക്കാം'-മെസ്സിയോട് സെസ്നി പറഞ്ഞു. മത്സരശേഷം ഒരു അന്താരാഷ്ട്ര മാധ്യമത്തോട് സംസാരിക്കുന്നതിനിടയിലാണ് സെസ്നി ഇക്കാര്യം വെളിപ്പെടുത്തിയത്.
' എന്തായാലും ഞാന്‍ പന്തയത്തില്‍ തോറ്റു. മെസ്സി ആ പണമൊന്നും ചോദിച്ചുവരില്ല. കാരണം അദ്ദേഹത്തിന്റെ കൈയില്‍തന്നെ ആവശ്യത്തിന് പണമുണ്ട്. പന്തയത്തിന്റെ കാര്യം ലോകകപ്പില്‍ അനുവദിക്കുമോ എന്ന് അറിയില്ല. ഫിഫ അറിഞ്ഞാല്‍ വിലക്ക് വന്നേക്കാം. ഇപ്പോള്‍ ഞാന്‍ അതൊന്നും കാര്യമാക്കുന്നില്ല'-ചിരിച്ചുകൊണ്ട് സെസ്നി പറഞ്ഞു.
പന്തയത്തില്‍ തോറ്റെങ്കിലും ഒരു ലോകോത്തര താരത്തിന്റെ പെനാല്‍റ്റി കിക്ക് തടയാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് സെസ്നി. ഈ ലോകകപ്പില്‍ ഇത് രണ്ടാം തവണയാണ് സെസ്നി പെനാല്‍റ്റി കിക്ക് തടയുന്നത്.
Content Highlights: i lost €100 bet with lionel messi over penalty says poland goalkeeper szczesny
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..