Neymar and Lionel Messi | Photo: gettyimages
ലോകകപ്പ് ഫുട്ബോളില്‍ ഇനി ശേഷിക്കുന്നത് എട്ട് മത്സരങ്ങള്‍ മാത്രം. നാലു ക്വാര്‍ട്ടര്‍ ഫൈനലുകളുണ്ടെങ്കിലും ഏവരും ആകാംക്ഷയോടെ ഉറ്റുനോക്കുന്നത് ഡിസംബര്‍ ഒമ്പതിനു നടക്കുന്ന ഒന്ന്, രണ്ട് ക്വാര്‍ട്ടര്‍ ഫൈനലുകളിലേക്കാണ്. കാരണം, ബ്രസീല്‍, അര്‍ജന്റീന ടീമുകള്‍ അന്നാണിറങ്ങുന്നത്. ഇരു ടീമുകളും അന്ന് ജയിച്ചാല്‍ ഡിസംബര്‍ 13-ന് രാത്രി 12.30-ന് ആ സ്വപ്നസെമി നടക്കും; ലയണല്‍ മെസ്സിയുടെ അര്‍ജന്റീന നെയ്മറുടെ ബ്രസീലുമായി കൊമ്പുകോര്‍ക്കും. അത് ഈ ലോകകപ്പിലെ ഏറ്റവും ശ്രദ്ധേയ മത്സരമാകും.
ആദ്യ കളിയില്‍ സൗദി അറേബ്യയോട് തോറ്റുതുടങ്ങിയ (1-2) അര്‍ജന്റീന മരണമുഖത്തുനിന്ന് പിടിച്ചുകയറിയാണ് ക്വാര്‍ട്ടറിലെത്തിയത്. ക്വാര്‍ട്ടറില്‍ മുന്നേറാന്‍ അര്‍ജന്റീനയ്ക്ക് നെതര്‍ലന്‍ഡ്സിനെ മറികടക്കണം. ബ്രസീലാകട്ടെ, ആദ്യ രണ്ടു മത്സരങ്ങള്‍ ജയിച്ച് പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചു. പരിക്കേറ്റ് നെയ്മര്‍ മടങ്ങിയതോടെ ടീം ചെറുതായി ഉലഞ്ഞെങ്കിലും അദ്ദേഹം തിരിച്ചെത്തിയ പ്രീക്വാര്‍ട്ടറില്‍ ദക്ഷിണകൊറിയയെ നിഷ്പ്രഭരാക്കി (4-1). നിലവിലെ റണ്ണറപ്പുകളായ ക്രൊയേഷ്യയാണ് ക്വാര്‍ട്ടറില്‍ ബ്രസീലിനെ കാത്തിരിക്കുന്നത്.
അര്‍ജന്റീന
ഓരോ കളിയും മുന്നോട്ടുപോകുമ്പോള്‍ ടീമെന്ന നിലയില്‍ ഒത്തിണക്കത്തോടെ കളിക്കുന്നു. പോളണ്ടിനെതിരായ കളിയില്‍ പെനാല്‍ട്ടി നഷ്ടപ്പെടുത്തിയെങ്കിലും മെക്സിക്കോയ്ക്കും ഓസ്ട്രേലിയയ്ക്കുമെതിരേ ലയണല്‍ മെസ്സി നേടിയ മാന്ത്രികസ്പര്‍ശമുള്ള ഗോളുകള്‍ അദ്ദേഹത്തിന്റെ ഫോമിന്റെ സൂചനയാണ്. ജൂലിയന്‍ അല്‍വാരെസും എന്‍സോ ഫെര്‍ണാണ്ടസും ടീമിനു മുതല്‍ക്കൂട്ടാണ്. പ്രതിരോധത്തില്‍ ഒട്ടാമെന്‍ഡിയും അകുനയും അധ്വാനിച്ചു കളിക്കുന്നു.
ബ്രസീല്‍
ടൂര്‍ണമെന്റില്‍ ഇതുവരെ മികച്ച പ്രകടനം. നെയ്മര്‍ കൂടി തിരിച്ചെത്തിയതോടെ ആസൂത്രണത്തിലും ഒത്തിണക്കിലും ടീം പൂര്‍വാധികം ശക്തം. വിനീഷ്യസും റിച്ചാലിസണും റഫീന്യയുമൊക്കെ മികച്ച പ്രകടനം പുറത്തെടുക്കുന്നു. പ്രതിരോധത്തില്‍ മാര്‍ക്കിന്യോസും തിയാഗോ സില്‍വയും ഗോള്‍വലയ്ക്കു മുന്നില്‍ അലിസ്സനും മികച്ച ഫോമിലാണ്. ഗബ്രിയേല്‍ ജെസ്യൂസ് പരിക്കേറ്റു പുറത്തായതാണ് ഏക തിരിച്ചടി.
Content Highlights: How Brazil can face Argentina in the FIFA World Cup 2022 semi-final
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..