Photo: Ryan Pierse/Getty Images
ദോഹ: ചരിത്രത്തിന്റെ ആവര്‍ത്തനം. യുറഗ്വായ്ക്ക് എതിരായ മത്സരത്തില്‍ വീണ്ടും പെനാല്‍റ്റി നഷ്ടപ്പെടുത്തി ഘാന. 2010 ലോകകപ്പിലെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പന്ത് കൈകൊണ്ട് തട്ടിയിട്ട് ഗോള്‍ നിഷേധിച്ച ലൂയി സുവാരസിന്റെ യുറഗ്വായോട് പകരം ചോദിക്കാനെത്തിയ ഘാനയ്ക്ക് വീണ്ടും നിരാശ. മത്സരത്തിന്റെ 17-ാം മിനിറ്റില്‍ ഘാനയ്ക്ക് അനുകൂലമായി ലഭിച്ച പെനാല്‍റ്റി ആൻഡ്രെ ആയു നഷ്ടപ്പെടുത്തി. പിന്നാലെ രണ്ട് ഗോളുകള്‍ അടിച്ച് യുറഗ്വായ് മത്സരത്തില്‍ മുന്നിലെത്തുകയും ചെയ്തു.
2010-ല്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിനിടെ ഗോള്‍ ലൈനില്‍ വെച്ച് പന്ത് കൈകൊണ്ട് തട്ടിയിട്ടുകൊണ്ട് സുവാരസ് ഘാനയുടെ ഗോള്‍ നിഷേധിച്ചിരുന്നു. പിന്നാലെ റഫറി സുവാരസിന് ചുവപ്പുകാര്‍ഡ് വിധിക്കുകയും ഘാനയ്ക്ക് അനുകൂലമായി പെനാല്‍റ്റി നല്‍കുകയും ചെയ്തു. എന്നാല്‍ കിക്കെടുത്ത സൂപ്പര്‍ താരം അസമാവോ ഗ്യാനിന് പിഴച്ചു. മത്സരത്തില്‍ ഘാനയെ കീഴടക്കി യുറുഗ്വായ് സെമിയിലേക്ക് മുന്നേറുകയും ചെയ്തു.
കൈ കൊണ്ട് പന്ത് തട്ടിയിട്ടതില്‍ കുറ്റബോധമില്ലെന്നും മാപ്പുപറയില്ലെന്നും കഴിഞ്ഞ ദിവസം സുവാരസ് വ്യക്തമാക്കിയിരുന്നു. 'ആ സംഭവുമായി ബന്ധപ്പെട്ട് ഞാന്‍ മാപ്പുപറയില്ല. ഞാന്‍ ഏതെങ്കിലുമൊരു താരത്തെ മുറിവേല്‍പ്പിച്ച് ചുവപ്പുകാര്‍ഡ് വാങ്ങിയിരുന്നെങ്കില്‍ തീര്‍ച്ചയായും ഞാന്‍ മാപ്പുപറഞ്ഞേനേ. ഹാന്‍ഡ് ബോള്‍ ആയതിനെത്തുടര്‍ന്നാണ് എനിക്ക് ചുവപ്പുകാര്‍ഡ് ലഭിച്ചത്. ഘാന താരം പെനാല്‍റ്റി പാഴാക്കിയത് എന്റെ കുറ്റമല്ല. അതുകൊണ്ടുതന്നെ ഞാന്‍ മാപ്പുപറയില്ല' -സുവാരസ് വ്യക്തമാക്കി.
Content Highlights: History repeats, Andre Ayew misses Ghana’s penalty against Uruguay
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..