photo: Getty Images
ദോഹ: ലുസെയ്ല്‍ സ്റ്റേഡിയത്തില്‍ പുതിയ നക്ഷത്രമുദിച്ചു. പോര്‍ച്ചുഗീസ് നക്ഷത്രം... ഗോണ്‍സാലോ റാമോസ്. ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍ സ്വിസ് പടയെ പോര്‍ച്ചുഗീസ് സംഘം തകര്‍ത്തെറിയുന്നത് ഈ 21-കാരന്റെ തിളങ്ങുന്ന പ്രകടനത്തോടെയാണ്. റാമോസ് മൂന്ന് തവണയാണ് സ്വിസ് വലകുലുക്കിയത്.
ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് പകരമായാണ് റാമോസ് പോര്‍ച്ചുഗലിന്റെ ആദ്യ ഇലവനില്‍ ഇറങ്ങുന്നത്. റൊണാള്‍ഡോയെ ബെഞ്ചിലിരുത്തി ഈ 21-കാരന് എന്തത്ഭുതമാണ് ലോകകപ്പില്‍ കാഴ്ചവെക്കുകയെന്ന ആശങ്കകള്‍ക്കൊക്കെ മിനിറ്റുകളുടെ ദൈര്‍ഘ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ.
17-ാം മിനിറ്റിലാണ് റാമോസ് ഗോളടിക്ക് തുടക്കമിടുന്നത്. പെനാല്‍റ്റി ബോക്സിനുള്ളില്‍ നിന്ന് ഉഗ്രന്‍ ഇടങ്കാലന്‍ ഷോട്ടിലൂടെയാണ് റാമോസ് വലകുലുക്കിയത്. ഖത്തര്‍ ലോകകപ്പിലെ തന്നെ ഏറ്റവും മികച്ച ഗോളുകളിലൊന്നായിരുന്നു അത്.
51-ാം മിനിറ്റില്‍ റാമോസ് മത്സരത്തിലെ തന്റെ രണ്ടാം ഗോള്‍ നേടി. വലത് വിങ്ങില്‍ നിന്നുള്ള ഡാലോയുടെ ക്രോസില്‍ നിന്ന് അനായാസം റാമോസ് ഗോളടിച്ചു. 67-ാം മിനിറ്റില്‍ ആ ബൂട്ടുകളില്‍ നിന്ന് മൂന്നാം ഗോളും പിറന്നു. ജാവോ ഫെലിക്സിന്റെ പാസ് സ്വീകരിച്ച റാമോസ് മികച്ചൊരു ചിപ്പിലൂടെ സ്വിസ് ഗോള്‍കീപ്പര്‍ സോമ്മറിനെ മറികടന്ന് പന്ത് വലയിലെത്തിച്ചു. ഇതോടെ താരം ഹാട്രിക്കും കുറിച്ചു.
റാമോസിന്റെ രാജ്യാന്തര കരിയറിലെ ആദ്യ ഹാട്രിക്കാണിത്. അതും തന്റെ ലോകകപ്പിലെ ആദ്യ ഇലവനിൽ ഇടം പിടിച്ച മത്സരത്തിൽ തന്നെ. 2002-ലോകകപ്പില്‍ മിറോസ്ലാവ് ക്ലോസേയ്ക്ക് ശേഷം ആ നേട്ടം കൈവരിക്കുന്ന താരം കൂടിയാണ് റാമോസ്. ഖത്തര്‍ ലോകകപ്പിലെ ആദ്യ ഹാട്രിക്കും ഈ 21-കാരന് സ്വന്തമാക്കി.
1990-ല്‍ തോമസ് സകുഹ്റാവിക്ക് ശേഷം ലോകകപ്പ് നോക്കൗട്ട് സ്റ്റേജില്‍ ഹാട്രിക്ക് തികയ്ക്കുന്ന താരമായും റാമോസ് മാറി. ലോകകപ്പ് നോക്കൗട്ട് സ്റ്റേജില്‍ ഹാട്രിക്ക് നേടുന്ന രണ്ടാമത്തെ പോര്‍ച്ചുഗീസ് താരമാണ് റാമോസ്. ഇതിന് മുന്നേ ഇതിഹാസതാരം യുസേബിയോയാണ് ഈ നേട്ടം കൈവരിച്ചത്.
Content Highlights: Gonçalo Ramos has scored the first hat-trick of the 2022 World Cup
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..