Photo: Getty Images
ദോഹ: 2022 ഫുട്ബോള്‍ ലോകകപ്പ് അവസാനിച്ചെങ്കിലും ടൂര്‍ണമെന്റുമായി ബന്ധപ്പെട്ട വാക്പോരുകള്‍ ഇപ്പോഴും ആരാധകര്‍ക്കിടയില്‍ സജീവമാണ്. ഫൈനലില്‍ കിരീടം നഷ്ടപ്പെട്ട ഫ്രാന്‍സ് ആരാധകര്‍ സമൂഹമാധ്യമങ്ങളിലൂടെ അര്‍ജന്റീനയ്ക്കെതിരേ രംഗത്തെത്തിയിരുന്നു. സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ ഗോളുമായി ബന്ധപ്പെട്ട് അവര്‍ ഇതിനോടകം നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചുകഴിഞ്ഞു.
ഫ്രാന്‍സിനെതിരായ മത്സരത്തില്‍ മെസ്സി എക്സ്ട്രാ ടൈമില്‍ നേടിയ ഗോള്‍ അനുവദിക്കാന്‍ പാടില്ലായിരുന്നുവെന്നാണ് ഫ്രഞ്ച് ആരാധകര്‍ പറയുന്നത്. ഇതിനെച്ചൊല്ലി ആരാധകര്‍ റഫറി സൈമണ്‍ മാര്സിനിയാകിനെതിരേ രംഗത്തെത്തിയിരുന്നു. അര്‍ജന്റീനയ്ക്ക് വേണ്ടി മെസ്സി മൂന്നാം ഗോള്‍ നേടുമ്പോള്‍ പകരക്കാരായ താരങ്ങള്‍ ഗ്രൗണ്ടില്‍ കയറി എന്നതാണ് ഫ്രഞ്ച് ആരാധകരുടെ കണ്ടെത്തല്‍.
എന്നാല്‍ ഇതിന് ചുട്ടമറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഫൈനല്‍ മത്സരം നിയന്ത്രിച്ച മാര്‍സിനിയാക്. മാധ്യമപ്രവര്‍ത്തരോട് സംസാരിക്കുന്നതിനിടെയാണ് മാര്‍സിനിയാക് ഫ്രഞ്ച് ആരാധകരുടെ വായടപ്പിച്ചത്. ഫ്രാന്‍സിനായി കിലിയന്‍ എംബാപ്പെ ഗോളടിക്കുമ്പോള്‍ പകരക്കാരായ താരങ്ങള്‍ ഗ്രൗണ്ടിലുണ്ടായിരുന്നുവെന്ന് മാര്‍സിനിയാക് പറഞ്ഞു. മൊബൈല്‍ ഫോണിലൂടെ ചിത്ര സഹിതമാണ് റഫറി ഇക്കാര്യം വ്യക്തമാക്കിയത്. എംബാപ്പെ ഗോളടിക്കുമ്പോള്‍ ഏഴ് പേര് ഗ്രൗണ്ടിലുണ്ടായിരുന്നുവെന്ന് റഫറി പറഞ്ഞു.
മത്സരത്തില്‍ ഫ്രാന്‍സിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മറികടന്നാണ് അര്‍ജന്റീന കിരീടത്തില്‍ മുത്തമിട്ടത്. 36 വര്‍ഷത്തിനുശേഷമാണ് അര്‍ജന്റീന ലോകകപ്പ് സ്വന്തമാക്കിയത്.
Content Highlights: fifa world cup 2022, final referee, argentina vs france referee, messi goal, messi, mbappe, fifa
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..