ബ്രസീലിനെതിരേ ഗോൾ നേട്ടം ആഘോഷിക്കുന്ന വിൻസന്റ് അബൗബക്കർ. photo: FIFAWorldCup/twitter page
ദോഹ: ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ബ്രസീല്‍ കാമറൂണിന് മുന്നിലും പോര്‍ച്ചുഗല്‍ ദക്ഷിണ കൊറിയയ്ക്ക് മുന്നിലും വീണതാണ് ഖത്തറില്‍ പതിമൂന്നാം ദിവസത്തെ ആവേശക്കാഴ്ചകള്‍. പോര്‍ച്ചുഗലിനെ അട്ടിമറിച്ച് ഏഷ്യന്‍ ടീമായ ദക്ഷിണകൊറിയയും സെര്‍ബിയയെ തോല്‍പ്പിച്ച് സ്വിറ്റ്സര്‍ലന്‍ഡും ലോകകപ്പ് ഫുട്ബോളിന്റെ പ്രീക്വാര്‍ട്ടറിലെത്തി.
ബ്രസീലിനെ തോല്‍പ്പിച്ചെങ്കിലും കാമറൂണ്‍ പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്തായി. തോറ്റെങ്കിലും ബ്രസീല്‍ ജി ഗ്രൂപ്പ് ജേതാക്കളായി പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറി. ദക്ഷിണകൊറിയയോട് തോല്‍വി വഴങ്ങിയിട്ടും പോര്‍ച്ചുഗല്‍ എച്ച് ഗ്രൂപ്പ് ജേതാക്കളായി. പ്രീക്വാര്‍ട്ടറില്‍ ബ്രസീല്‍ ദക്ഷിണകൊറിയയെയും പോര്‍ച്ചുഗല്‍ സ്വിറ്റ്സര്‍ലന്‍ഡിനെയും നേരിടും.
ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍
ഇന്‍ജുറി ടൈമില്‍ വലകുലുക്കിയാണ് കാനറികളുടെ ചിറകരിഞ്ഞുകൊണ്ട് കാമറൂണ്‍ കരുത്തുകാട്ടിയത്. ഏകപക്ഷീയമായ ഒരു ഗോളിനാണ് കാമറൂണിന്റെ വിജയം. സൂപ്പര്‍ താരം വിന്‍സന്റ് അബൗബക്കറാണ് കാമറൂണിനായി വിജയഗോള്‍ നേടിയത്.
കാമറൂണ്‍ ഗോള്‍കീപ്പര്‍ ഡെവിസ് എപ്പാസിയുടെ തകര്‍പ്പന്‍ സേവുകളാണ് ബ്രസീലിന് വിലങ്ങുതടിയായത്. ആദ്യപകുതിയിലും രണ്ടാം പകുതിയുടെ അവസാന മിനിറ്റ് വരേയും ആക്രമണവും പ്രത്യാക്രമണവുമായി ഇരുടീമുകളും കളം നിറഞ്ഞെങ്കിലും ഗോള്‍ മാത്രം അകന്നുനിന്നു. ഇഞ്ചുറി ടൈമിലാണ് തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ സൂപ്പര്‍ താരം വിന്‍സെന്റ് അബൗബക്കര്‍ കാമറൂണിനായി വലകുലുക്കിയത്. എന്‍ഗോം എംബെക്കെല്ലിയുടെ തകര്‍പ്പന്‍ ക്രോസിന് മനോഹരമായി തലവെച്ചുകൊണ്ടാണ് അബൗബക്കര്‍ കാമറൂണിന് ചരിത്ര വിജയം സമ്മാനിച്ചത്. പിന്നാലെ ജഴ്സിയൂരി ആഹ്ലാദം പ്രകടിപ്പിച്ച അബൗബക്കര്‍ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് ചുവപ്പുകാര്‍ഡ് വാങ്ങി പുറത്തായി. പ്രീക്വാര്‍ട്ടറിലേക്ക് യോഗ്യത നേടാനായില്ലെങ്കിലും അവസാന മത്സരത്തില്‍ വമ്പന്മാരായ ബ്രസീലിനെ അട്ടിമറിച്ചതോടെ തല ഉയര്‍ത്തിയാണ് കാമറൂണ്‍ ഖത്തറില്‍നിന്ന് മടങ്ങുന്നത്.
പോര്‍ച്ചുഗീസ് പടയെ കീഴടക്കി ദക്ഷിണ കൊറിയ
പോര്‍ച്ചുഗലിനെ അട്ടിമറിച്ച് ദക്ഷിണ കൊറിയ ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറിലേയ്ക്ക് സ്വപ്നസമാനമായി കടന്നുകയറി. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് കൊറിയ ക്രിസ്റ്റിയാനോയുടെ പോര്‍ച്ചുഗലിനെ വീഴ്ത്തിയത്. എന്നാല്‍, തോറ്റെങ്കിലും പോര്‍ച്ചുഗല്‍ പ്രീക്വാര്‍ട്ടറിലുണ്ട്. ഘാനയെ തോല്പിച്ച യുറഗ്വായുടെ സ്വപ്നമാണ് കൊറിയയുടെ അട്ടിമറി മൂലം തകര്‍ന്നത് . ഗോള്‍ വ്യത്യാസം തുല്ല്യമായെങ്കിലും കൂടുതല്‍ ഗോളടിച്ചതാണ് കൊറിയക്ക് തുണയായത്. പോര്‍ച്ചുഗല്‍ ഗ്രൂപ്പ് എച്ച് ചാമ്പ്യന്മാരായും ദക്ഷിണ കൊറിയ രണ്ടാം സ്ഥാനക്കാരായുമാണ് അവസാന പതിനാറില്‍ എത്തിയത്.
ഒരു ഗോളിന് പിന്നിട്ടുനിന്നശേഷമായിരുന്നു കൊറിയയുടെ മിന്നുന്ന തിരിച്ചുവരവ്. അഞ്ചാം മിനിറ്റില്‍ റിക്കാര്‍ഡോ ഹോര്‍ട്ടയുടെ ഗോളിലായിരുന്നു പോര്‍ച്ചുഗല്‍ ലീഡ് നേടിയത്. ഇരുപത്തിയേഴാം മിനിറ്റില്‍ കിം യങ് വോണാണ് സമനില നേടിക്കൊടുത്തത്. ഇഞ്ചുറി ടൈമിന്റെ ഒന്നാം മിനിറ്റില്‍, തൊണ്ണൂറ്റിയൊന്നാം മിനിറ്റില്‍ ഹ്വാങ് ഹീ ചാന് അവര്‍ക്ക് മനോഹരമായൊരു ഗോളില്‍ സ്വപ്നതുല്ല്യമായ ജയം സമ്മാനിച്ചു. ഈ ലോകകപ്പില്‍ ഇത് കൊറിയയുടെ ആദ്യ ജയമാണ്. 2010-നുശേഷം ഇതാദ്യമായാണ് അവര്‍ ഗ്രൂപ്പ് ഘട്ടം കടക്കുന്നത്.
ജയിച്ചിട്ടും യുറഗ്വായ്ക്ക് കണ്ണീര്; തോറ്റ ഘാനയും പുറത്ത്
ഘാനയെ എതിരില്ലാത്ത രണ്ട് ഗോളിന് തകര്‍ത്തിട്ടും യുറഗ്വായ് പ്രീ ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ദക്ഷിണ കൊറിയ പോര്‍ച്ചുഗലിനെ അട്ടിമറിച്ചതോടെയാണ് ജയിച്ചിട്ടും യുറഗ്വായ് നോക്കൗട്ടിലെത്താതെ പുറത്തായത്. യുറഗ്വായെ തോല്‍പ്പിച്ചാല്‍ പ്രീ ക്വാര്‍ട്ടറിലെത്താമായിരുന്ന ഘാനയ്ക്ക് പക്ഷേ പ്രതീക്ഷയ്ക്കൊത്ത് ഉയരാന്‍ സാധിച്ചില്ല. ഫലമോ യുറഗ്വായ്ക്കൊപ്പം അവരും പുറത്തേക്ക്.
സുവാരസിനോടും യുറഗ്വായോടും 12 വര്‍ഷം മുമ്പുള്ള ഒരു കണക്ക് തീര്‍ക്കാന്‍ ഉറപ്പിച്ചായിരുന്നു ഘാന കളത്തിലിറങ്ങിയത്. എന്നാല്‍ പെനാല്‍റ്റി ലഭിച്ചിട്ടുപോലും ഒരു ഗോള്‍ തിരിച്ചടിക്കാന്‍ സാധിക്കാതെയാണ് അവര്‍ മടങ്ങുന്നത്. ആദ്യ പകുതിയില്‍ ആറ് മിനിറ്റിനിടെ ജ്യോര്‍ജിയന്‍ ഡി അരാസ്കെയറ്റ നേടിയ ഇരട്ട ഗോളുകളാണ് മത്സരത്തിന്റെ വിധിയെഴുതിയത്.
Read More - യുറഗ്വായും ഘാനയും പുറത്ത്
സെര്‍ബിയയെ കീഴടക്കി സ്വിറ്റ്സര്‍ലന്‍ഡ് പ്രീക്വാര്‍ട്ടറില്‍
അവസാന മത്സരത്തില്‍ സെര്‍ബിയയെ രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്ക് കീഴടക്കിയാണ് സ്വിറ്റ്സര്‍ലന്‍ഡ് അവസാന പതിനാറിലെത്തിയത്. മൂന്ന് മത്സരങ്ങളില്‍ നിന്ന് ആറ് പോയന്റോടെ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായാണ് സ്വിറ്റ്സര്‍ലന്‍ഡ് പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. ബ്രസീലിനും ആറ് പോയന്റാണെങ്കിലും ഗോള്‍ വ്യത്യാസത്തിന്റെ അടിസ്ഥാനത്തില്‍ അവര്‍ പട്ടികയില്‍ മുന്നിലെത്തി. ഇത്രയും മത്സരങ്ങളില്‍ നിന്ന് ഒരു പോയന്റോടെ പട്ടികയില്‍ അവസാന സ്ഥാനത്താണ് സെര്‍ബിയ. സെര്‍ബിയ ഒരു മത്സരം പോലും വിജയിക്കാതെയാണ് ലോകകപ്പില്‍ നിന്ന് പുറത്തായത്.
Content Highlights: fifa world cup day 13 round up
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..