Photo: Getty Images
ദോഹ: ബ്രസീലും പോര്‍ച്ചുഗലും ലോകകപ്പ് ഫുട്ബോളിന്റെ പ്രീക്വാര്‍ട്ടറിലെത്തി. തിങ്കളാഴ്ച രാത്രി നടന്ന മത്സരത്തില്‍ സ്വിറ്റ്സര്‍ലന്‍ഡിന്റെ കടുത്ത വെല്ലുവിളി മറികടന്നാണ് (1-0) ബ്രസീല്‍ അവസാന പതിനാറിലെത്തുന്ന രണ്ടാം ടീമായത്. യുറഗ്വായെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് മറികടന്ന് പോര്‍ച്ചുഗലും പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചു. കാസെമിറോ (83) ബ്രസീലിന്റെ വിജയഗോള്‍ നേടിയപ്പോള്‍ പോര്‍ച്ചുഗലിന്റെ ഗോളുകള്‍ ബ്രൂണോ ഫെര്‍ണാണ്ടസിന്റെ (54, 90+3) വകയായിരുന്നു.
മറ്റൊരു മത്സരത്തില്‍ ആഫ്രിക്കന്‍ കരുത്തരായ ഘാന ഏഷ്യന്‍ ടീമായ ദക്ഷിണകൊറിയയെ അട്ടിമറിച്ചു. 3-2 നായിരുന്നു ഘാനയുടെ വിജയം. ഘാനയ്ക്കുവേണ്ടി മുഹമ്മദ് കുഡുസ് (34, 68) ഇരട്ടഗോള്‍ നേടി. മുഹമ്മദ് സാലിസു (24) ആദ്യഗോള്‍ നേടി. കൊറിയയുടെ ഗോളുകള്‍ ചോ ഗ്യു-സങ്ങിന്റെ (58, 61) വകയായിരുന്നു. സെര്‍ബിയയെ കാമറൂണ്‍ സമനിലയില്‍ (3-3) തളച്ചു. കാമറൂണിനുവേണ്ടി ജീന്‍ ചാള്‍സ് സാസ്റ്റെല്ലെട്ടൊ (29), വിന്‍സെന്റ് അബൂബക്കര്‍ (63), എറിക് മാക്സിം ചൗപൊ മോട്ടിങ് (66) എന്നിവര്‍ സ്കോര്‍ചെയ്തു. സ്ട്രാഹിന പാവ്ലോവിച്ച് (45+1), സെര്‍ജെ മിലിന്‍കോവിച്ച് സാവിച്ച് (45+3), അലക്സാണ്ടര്‍ മിട്രോവിച്ച് (53) എന്നിവര്‍ സെര്‍ബിയയുടെ ഗോളുകള്‍ നേടി.
സ്വിസ് പൂട്ട് പൊളിച്ച് കാസെമിറോ
ആശങ്കകള്‍ക്കൊടുവില്‍ ബ്രസീല്‍. ആദ്യമൊന്ന് തപ്പിത്തടഞ്ഞു. പിന്നെയൊരു ഗോള്‍ വാര് പിടികൂടി. പക്ഷേ, മഞ്ഞക്കിളികള്‍ ഒടുവില്‍ അത്ഭുതം കാട്ടി. കണക്കുകള്‍ തെറ്റിക്കാതെ പ്രീക്വാര്‍ട്ടറിലേയ്ക്ക് ചിറകുവിരിച്ചു പറന്നു. മുന്നേറ്റക്കാര്‍ പരാജയപ്പെട്ടിടത്ത് ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ കാസെമിറോ തൊടുത്ത ബുളളറ്റ് വല ഭേദിച്ചപ്പോള്‍ ലോകകപ്പ് ഗ്രൂപ്പ് ജിയില്‍ തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ബ്രസീല്‍ പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. പ്രതിരോധം കൊണ്ട് കരുത്തു കാട്ടുകയും ഒറ്റപ്പെട്ട ആക്രമണം കൊണ്ട് ചിലപ്പോഴൊക്കെ വിറപ്പിക്കുകയും ചെയ്ത സ്വിറ്റ്സര്‍ലഡിനെ ഈയൊരൊറ്റ ഗോളിന് മറികടന്നാണ് ബ്രസീല്‍ അവസാന പതിനാറില്‍ ഒരാളായത്. ഗോള്‍ മഴ യഥേഷ്ടം കണ്ട ദിവസം ഗോളിലേയ്ക്കുള്ള വഴിമറന്ന മട്ടില്‍ ഗതിതെറ്റിയലഞ്ഞാണ് ഒടുവില്‍ ബ്രസീല്‍ ജയം സ്വന്തമാക്കിയത്.
പോര്‍ച്ചുഗല്‍ പ്രീ ക്വാര്‍ട്ടറില്‍
ഒടുവില്‍ കടുത്ത യുറഗ്വായന്‍ വെല്ലുവിളി മറികടന്ന് ക്രിസ്റ്റിയാനോയും സംഘവും പ്രീ ക്വാര്‍ട്ടര്‍ ടിക്കറ്റെടുത്തു. ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും നിറഞ്ഞുനിന്ന ലുസെയ്ല്‍ സ്റ്റേഡിയത്തില്‍ ക്രിസ്റ്റിയാനോയുടെ നിറപുഞ്ചിരി. സുവാരസിന്റെ നിരാശ. ചുവന്ന ചെകുത്താന്മാരുടെ സ്വന്തം ബ്രൂണോ ഫെര്‍ണാണ്ടസ് രണ്ടുഗോളുകളുമായി കളം നിറഞ്ഞപ്പോള്‍ യുറഗ്വായ് മറുപടിയില്ലാതെ തിരിഞ്ഞുനടന്നു. നോക്കൗട്ട് പ്രതീക്ഷകളുമായി യുറഗ്വായ് അവസാനമത്സരത്തിലേക്ക്... ഇതോടെ രണ്ട് വിജയങ്ങളുമായി പോര്‍ച്ചുഗല്‍ ഗ്രൂപ്പ് എച്ചില് നിലവില്‍ ഒന്നാമതാണുള്ളത്. ആദ്യ മത്സരത്തില്‍ ഘാനയെ രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് പോര്‍ച്ചുഗീസ് പട തകര്‍ത്തത്. രണ്ട് മത്സരങ്ങളില്‍ നിന്ന് മൂന്ന് പോയന്റുള്ള ഘാനയാണ് പട്ടികയില്‍ രണ്ടാമത്. അവസാന ഗ്രൂപ്പ് മത്സരങ്ങള്‍ക്ക് ശേഷം മാത്രമേ പ്രീ ക്വാര്‍ട്ടറിലേക്ക് കടക്കുന്ന രണ്ടാമത്തെ ടീമേതെന്ന് വ്യക്തമാവൂ.
ഗോള്വര്ഷത്തിനൊടുവില് ഘാന
ഗോളുകളുടെ പെരുമഴയില്‍ നെഞ്ചുവിരിച്ച് ഘാന. എണ്ണിയെണ്ണി അഞ്ചു ഗോള്‍ പിറന്ന ലോകകപ്പിലെ ഗ്രൂപ്പ് എച്ചിലെ തീപാറിയ മത്സരത്തില്‍ രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് ഘാന ദക്ഷിണ കൊറിയയെ തോല്പിച്ചത്. ആദ്യ പകുതിയില്‍ ഘാന രണ്ട് ഗോളടിച്ച് കരുത്തുകാട്ടി. രണ്ടാം പകുതിയില്‍ ദക്ഷിണ കൊറിയ രണ്ടും മടക്കി തിരിച്ചടിച്ചു. പക്ഷേ, ഘാനയുടെ പോരാളികള്‍ തളര്‍ന്നില്ല. മിനിറ്റുകള്‍ക്കുള്ളില്‍ ഒന്നുകൂടി വലയിലാക്കി കളിയുടെ കടിഞ്ഞാണും ലീഡും തിരിച്ചുപിടിച്ചു. ഒടുവില്‍ വിജയവും. ഘാനയുടെ മുഹമ്മദ് കുഡൂസും ദക്ഷിണ കൊറിയയുടെ ചോ ഗ്യു സങ്ങും ഇരട്ടഗോള്‍ കൊണ്ട് ആവേശതാരങ്ങളായി.
അടിച്ചും തിരിച്ചടിച്ചും സെര്‍ബിയയും കാമറൂണും
ഇതാണ് പേരാട്ടം. ഇതാണ് ആവേശം. ഇതാണ് ഗോള്‍ പവര്‍. ആവേശം വാനോളം ഉയര്‍ത്തി ഗോള്‍വര്‍ഷം കണ്ട ലോകകപ്പിലെ ഗ്രൂപ്പ് ജി മത്സരത്തില്‍ സെര്‍ബിയയും കാമറൂണും തുല്ല്യരായി പിരിഞ്ഞു. (3-3). തോല്‍വിയെന്നാല്‍ ഇരുകൂട്ടര്‍ക്കും മരണമായിരുന്ന മത്സരത്തില്‍ ആദ്യം ഗോളടിച്ചത് കാമറൂണാണ്. പിന്നീട് സെര്‍ബിയ മൂന്ന് ഗോളടിച്ച് അവരെ മുക്കി. എന്നാല്‍, തളരാതെ പൊരുതിയ കാമറൂണ്‍ രണ്ടെണ്ണം കൂടി മടക്കി സ്വപ്നതുല്ല്യമായി തിരിച്ചുവന്നു.
Content Highlights: FIFa World Cup 2022 key events on day 9 in Qatar
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..