Photo: Justin Setterfield/Getty Images
ദോഹ: ലോകകപ്പ് ഫുട്ബോളിലെ പ്രീക്വാര്‍ട്ടറില്‍ ഇംഗ്ലണ്ട് സെനഗലിനെയും നെതര്‍ലന്‍ഡ്സ് അമേരിക്കയെയും നേരിടും. പ്രാഥമിക റൗണ്ടിലെ അവസാന പോരാട്ടത്തില്‍ ഇംഗ്ലണ്ട് വെയ്ല്‍സിനെ 3-0 ന് തോല്‍പ്പിച്ചപ്പോള്‍ അമേരിക്ക ഇറാനെ ഏകപക്ഷീയമായ ഒരു ഗോളിന് മറികടന്നു. ഇംഗ്ലണ്ടിനുവേണ്ടി മാര്‍കസ് റാഷ്ഫോര്‍ഡ് ഇരട്ടഗോള്‍ (50, 68) നേടി. ഫില്‍ ഫോഡന്റെ (51) വകയായിരുന്നു മറ്റൊരു ഗോള്‍. ഇറാനെതിരേ അമേരിക്കയുടെ ക്രിസ്റ്റ്യന്‍ പുലിസിച്ച് (38) ഗോള്‍ നേടി.
നെതര്‍ലന്‍ഡ്സ് ഖത്തറിനെ 2-0 ന് തകര്‍ത്ത് ഗ്രൂപ്പ് ചാമ്പ്യന്ന്മാരായി. നെതര്‍ലന്‍ഡ്സിനായി കോഡി ഗാക്പോ (26), ഫ്രെങ്കി ഡിയോങ് (49) എന്നിവര്‍ സ്കോര്‍ ചെയ്തു. ഗാക്പോ ഈ ലോകകപ്പില്‍ നേടുന്ന മൂന്നാമത്തെ ഗോളാണിത്. മറ്റൊരു മത്സരത്തില്‍ സെനഗല്‍ എക്വഡോറിനെ 2-1 ന് തോല്‍പ്പിച്ചു. ഇസ്മെയ്ലാ സാര്‍ (44), കാലിദൗ കൂലിബാലി (70) എന്നിവര്‍ സ്കോര്‍ ചെയ്തു. എക്വഡോറിന്റെ ഗോള്‍ മോയ്സസ് കെയ്സെഡൊ (67) നേടി.
നെതര്‍ലന്‍ഡ്സ് ഗ്രൂപ്പ് എ ജേതാക്കളായപ്പോള്‍ സെനഗല്‍ രണ്ടാംസ്ഥാനക്കാരായി മുന്നേറി. ഇംഗ്ലണ്ട് ഗ്രൂപ്പ് ബി ജേതാക്കളായപ്പോള്‍ അമേരിക്ക രണ്ടാംസ്ഥാനക്കാരായി മുന്നേറി. ഇതോടെ എക്വഡോര്‍, ഇറാന്, വെയ്ല്‍സ് ടീമുകള്‍ പുറത്തായി. ഖത്തര്‍ നേരത്തേ പുറത്തായിരുന്നു.
വെയ്ല്‍സിനെ മുക്കി ഇംഗ്ലണ്ട് പ്രീക്വാര്‍ട്ടറില്‍
ഇറ്റ്സ് കമിങ് ഹോം എന്ന ആരാധകരുടെ പ്രതീക്ഷയ്ക്ക് കൂടുതല്‍ നിറം നല്‍കുകയാണ് ത്രീ ലയണ്‍സ്. ഗോളടിക്കാനും ഗോള്‍ വഴങ്ങാതിരിക്കാനും അറിയാം എന്ന് വെയ്ല്സിനെതിരെ അടിവരയിട്ട് തെളിയിച്ച മത്സരത്തില്‍ ജയം എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു. ആദ്യപകുതിയിലെ വെയ്ല്‍സിന്റെ പ്രതിരോധപൂട്ട് സിംഹ ഗര്ജ്ജനത്തോടെയാണ് ഇംഗ്ലീഷുകാര്‍ രണ്ടാം പകുതിയില്‍ മറികടന്നത്. മാര്‍ക്കസ് റാഷ്ഫോര്‍ഡ് രണ്ട് തവണയും ഫില്‍ ഫോഡന് ഒരു തവണയും വല കുലുക്കിയപ്പോള്‍ സ്കോര്‍ 3-0
ഇറാനെ വീഴ്ത്തി, അമേരിക്ക പ്രീ ക്വാര്‍ട്ടറില്‍
അല്‍ തുമാമ സ്റ്റേഡിയത്തില്‍ തൊണ്ണൂറുമിനിറ്റിനൊടുക്കം അമേരിക്ക ചിരിച്ചു. ഇറാന് കണ്ണീരണിഞ്ഞു മടങ്ങി. അവസാനഘട്ടത്തില്‍ സമനില നേടിയാല്‍ പോലും പ്രീ ക്വാര്‍ട്ടറിലെത്താന്‍ കഴിയുമായിരുന്ന ഇറാനെ ഗോളടിക്കാതെ തടഞ്ഞുനിര്‍ത്തി അമേരിക്കന്‍ മുന്നേറ്റം. ഏകപക്ഷീയമായ ഒരുഗോളിനാണ് അമേരിക്കയുടെ വിജയം. സൂപ്പര്‍താരം ക്രിസ്റ്റ്യന്‍ പുലിസിച്ചാണ് അമേരിക്കയ്ക്കായി ഗോള്‍ നേടിയത്. ഇറാന് പ്രതിരോധം മത്സരത്തിലുടനീളം അമേരിക്കയ്ക്ക് കടുത്ത വെല്ലുവിളിയാണുയര്‍ത്തിയത്. മൂന്ന് മത്സരങ്ങളില്‍ നിന്ന് അഞ്ച് പോയന്റുമായി ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായാണ് അമേരിക്ക പ്രീ ക്വാര്‍ട്ടറിലേക്ക് കടക്കുന്നത്. ആദ്യ രണ്ട് മത്സരങ്ങളിലും സമനിലയിലാണ് കലാശിച്ചത്.
ഗ്രൂപ്പ് ചാമ്പ്യന്മാരായി ഡച്ച്പട പ്രീ ക്വാര്‍ട്ടറില്‍
ആശ്വാസ ജയം തേടിയിറങ്ങിയ ആതിഥേയരായ ഖത്തറിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് നെതര്‍ലന്‍ഡ്സ് പ്രീ ക്വാര്‍ട്ടറില്‍. കോഡി ഗാക്പോയും ഫ്രെങ്കി ഡിയോങ്ങും സ്കോര്‍ ചെയ്ത മത്സരത്തില്‍ ഖത്തറിനെ തകര്‍ത്ത് മൂന്ന് മത്സരങ്ങളില്‍ നിന്ന് ഏഴ് പോയന്റുമായി ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് നെതര്‍ലന്‍ഡ്സിന്റെ പ്രീ ക്വാര്‍ട്ടര്‍ പ്രവേശനം. ഇതോടെ ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു പോയന്റ് പോലും നേടാതെ പുറത്താകുന്ന ആദ്യ ആതിഥേയരായിരിക്കുകയാണ് ഖത്തര്‍.
എക്വഡോറിനെ വീഴ്ത്തി സെനഗല്‍ പ്രീ ക്വാര്‍ട്ടറില്‍
പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ രണ്ട് ടീമുകള്‍ പരസ്പരം പോരാടുന്നു. സെനഗലും എക്വഡോറും. സെനഗലിന് വിജയം അത്യാവശ്യമാണ് എന്നാല്‍ എക്വഡോറിന് സമനില തന്നെ ധാരാളമായിരുന്നു. പ്രതിരോധമതില്‍ തീര്‍ത്ത് സമനില നേടി പ്രീ ക്വാര്‍ട്ടറില്‍ കയറാമെന്ന വലന്‍സിയയുടെയും സംഘത്തിന്റെയും മോഹങ്ങള്‍ക്ക് മേല്‍ വിജയത്തിന്റെ വെന്നിക്കൊടി പാറിച്ച് ആഫ്രിക്കന്‍ ചാമ്പ്യന്മാരായ സെനഗല്‍. വിജയം അനിവാര്യമായ മത്സരത്തില്‍ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് സെനഗല്‍ എക്വഡോറിനെ പരാജയപ്പെടുത്തിയത്. ഈ വിജയത്തോടെ ഗ്രൂപ്പ് എയില്‍ നിന്ന് രണ്ടാം സ്ഥാനം നേടിക്കൊണ്ട് സെനഗല്‍ പ്രീ ക്വാര്‍ട്ടര്‍ പ്രവേശിച്ചു.
Content Highlights: FIFa World Cup 2022 key events on day 10 in Qatar
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..