ക്രിക്കറ്റ് കിരീടം വീട്ടിലെത്തി, ഫുട്ബോളിനായി കിങ് കെയ്‌നും കൂട്ടരും, its coming home എന്ന് ആരാധകര്‍


അരുണ്‍ ജയകുമാര്‍

Photo: Getty Images

ഷ്യന്‍ ലോകകപ്പിലെ സെമിഫൈനലിസ്റ്റുകളെന്ന സ്ഥാനം മെച്ചപ്പെടുത്തി ഫൈനലിലെത്തണം കപ്പടിക്കണം. ഖത്തറില്‍ നിന്ന് തിരിച്ച് നാട്ടിലെത്തി ജന സാഗരത്തിന് നടുവില്‍ നാടിന്റെ വീരപുരുഷന്‍മാരായി ഓപ്പണ്‍ബസില്‍ ലണ്ടന്‍ നഗരത്തിലൂടെ പ്രദക്ഷിണം വയ്ക്കണം. ഇംഗ്ലണ്ടിന്റെ മനസ്സിലിരിപ്പ് ഇത്രയേയുള്ളൂ. ഗാരേത്ത് സൗത്ത്‌ഗേറ്റിനും കുട്ടികള്‍ക്കും അതിന് കഴിയില്ലെന്ന് പറയാന്‍ ആരും ധൈര്യപ്പെടില്ല. 56 വര്‍ഷങ്ങള്‍ക്ക് ശേഷം ലോകകപ്പ് നാട്ടിലെത്തിക്കാനുറച്ചാണ് കിങ് കെയ്‌നും സംഘവും എത്തുന്നത്.

1966ല്‍ ഒട്ടും പ്രതീക്ഷിക്കാതെയായിരുന്നു ഇംഗ്ലണ്ടിന്റെ ഒരേയൊരു വിശ്വവിജയം. സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്ന പോര്‍ച്ചുഗലിനെ സെമിയില്‍ വീഴ്ത്തിയായിരുന്നു പശ്ചിമ ജര്‍മനിക്കെതിരെ വിഖ്യാതമായ വെംബ്ലി സ്റ്റേഡിയത്തില്‍ നടന്ന കലാശപ്പോരിന് ത്രീ ലയണ്‍സ് യോഗ്യത നേടിയത്. ഒരുലക്ഷത്തോളം കാണികള്‍ ഹോം ടീമിനായി കടലിരമ്പം തീര്‍ത്തു. അവരെ നിശബദരാക്കി ഹെല്‍മട്ട് ഹാളറിന്റെ ഗോളില്‍ 11ാം മിനിറ്റില്‍ പശ്ചിമ ജര്‍മനി മുന്നിലെത്തി. എട്ട് മിനിറ്റുകള്‍ക്ക് ശേഷം ഇംഗ്ലീഷ് തിരിച്ചടി. 78ാം മിനിറ്റില്‍ ലീഡ് ഉയര്‍ത്തി.സ്‌കോര്‍ 2-1 .......... ഫൈനല്‍ വിസിലിന്റെ മനോഹരനാദം കേള്‍ക്കാനും ആഘോഷങ്ങള്‍ക്ക് തുടക്കമിടാനും കാത്തിരുന്ന ഇംഗ്ലീഷ് ജനതയുടെ ഹൃദയമിടിപ്പ് നിശ്ചലമാക്കി ജര്‍മനി വെബറിലൂടെ സമനില ഗോള്‍ നേടി. അധിക സമയത്ത് ഇംഗ്ലണ്ടുകാര്‍ അക്രമണ ഫുട്‌ബോള്‍ അഴിച്ചുവിട്ടു. ജെഫ് ഹര്‍സ്റ്റ് ഹാട്രിക് പൂര്‍ത്തിയാക്കിയപ്പോള്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് ഇംഗ്ലീഷുകാര്‍ ലോകം കീഴടക്കി. ലോകകപ്പ് ഫൈനലില്‍ ഹാട്രിക് നേടുന്ന താരമെന്ന ഹര്‍സ്റ്റിന്റെ റെക്കോര്‍ഡ് ഇന്നോളം ആരും തകര്‍ത്തിട്ടില്ല.ചരിത്രത്തിലെ ഈ ഒരേയൊരു സുവര്‍ണ ദിനമാണ് ഇംഗ്ലണ്ടുകാര്‍ക്ക് ഇന്നും ഓമനിക്കാനുള്ളത്.

2018ല്‍ കലാശപ്പോരിന് യോഗ്യത ഉറപ്പിച്ചെന്ന് തോന്നിയ ഘട്ടത്തില്‍ ഇംഗ്ലണ്ടില്‍ നിന്ന് ക്രൊയേഷ്യ സെമി ഫൈനല്‍ മത്സരം തട്ടിയെടുക്കുകയായിരുന്നു. 2021 യൂറോ കപ്പില്‍ ഫൈനലില്‍ ഇറ്റലിയോട് തോറ്റു. ഷൂട്ടൗട്ടിലായിരുന്നു അസൂറികള്‍ക്ക് മുന്നില്‍ പരാജയം സമ്മതിച്ചത്. പിന്നീട് ലോകകപ്പിലെ യൂറോപ്യന്‍ ക്വാളിഫയറില്‍ തോല്‍വി അറിയാതെയാണ് ഖത്തറിലേക്കുള്ള ടിക്കറ്റെടുത്തത്. പത്തില്‍ എട്ട് കളികള്‍ ജയിച്ചു. രണ്ടെണ്ണം സമനില വഴങ്ങി. 39 ഗോളുകള്‍ അടിച്ച് എതിരാളികളുടെ വല നിറച്ച ത്രീ ലയണ്‍സ് വെറും മൂന്ന് ഗോളുകളാണ് വഴങ്ങിയത്.

ഖത്തറില്‍ ഗ്രൂപ്പ് ബിയിലാണ് ഇംഗ്ലണ്ട് മാറ്റുരയ്ക്കുന്നത്. ഇറാന്‍, അമേരിക്ക, വെയ്ല്‍സ് എന്നീ ടീമുകള്‍ക്കൊപ്പമാണ് പോരടിക്കുക. ലോകകപ്പിലെ ആദ്യ മത്സരത്തില്‍ നവംബര്‍ 21 ന് ഇറാനെ നേരിടും. അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി ഇംഗ്ലണ്ട് നോക്കൗട്ട് ഘട്ടത്തിലേക്ക് മുന്നേറാന്‍ തന്നെയാണ് സാധ്യത. എല്ലാ പൊസിസഷനുകളിലും ഉള്‍പ്പെടുന്നത് പ്രതിഭകളായ ഒന്നിലധികം താരങ്ങള്‍ എന്നതാണ് ഇംഗ്ലണ്ടിന്റെ ശക്തിയും ദൗര്‍ബല്യവും.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ വമ്പന്‍ ക്ലബുകളില്‍ കളിക്കുന്ന ലക്ഷണമൊത്ത താരനിരയുണ്ട് ത്രീ ലയണ്‍സിന്. ക്ലബ് ഫുട്‌ബോളില്‍ പൊന്നുംവിലയുള്ള താരങ്ങളുടെ പ്രകടനം ഒരു പണത്തൂക്കം മുന്നിലാണെങ്കിലും ദേശീയകുപ്പായത്തിലെത്തുമ്പോള്‍ ഒത്തിണക്കം ലവലേശമില്ലെന്ന സ്ഥിതിയിലും ടീം പലപ്പോഴും എത്താറുണ്ട്. ഇവരെങ്ങനെ തോറ്റു എന്ന ചോദ്യം ബെക്കാമിന്റേയും ജെറാര്‍ഡിന്റേയും ടെറിയുടേയുമൊക്കെ കാലത്ത് കേട്ട് തുടങ്ങിയതാണ്. അതിനുത്തരം ഒത്തിണക്കിമില്ലായ്മയാണ്. അത് ഇപ്പോഴും അതേ അവസ്ഥയിലാണ്.

ഗോള്‍ വഴങ്ങിയാല്‍ പ്രത്യാക്രമണം നടത്താതെ അനാവശ്യ സമ്മര്‍ദ്ദത്തിന് വഴങ്ങുന്നതാണ് ഇംഗ്ലണ്ട് നേരിടുന്ന പ്രധാന വെല്ലുവിളി. ഇതിന് പരിഹാരം കണ്ടെത്താന്‍ സൗത്ത്‌ഗേറ്റിന് കഴിയുമോയെന്നതിനെ കൂടി ആശ്രയിച്ചാകും ഇംഗ്ലണ്ടിന്റെ സാധ്യതകള്‍. ഇനി ആദ്യം ഗോള്‍ അടിച്ചാല്‍ ലീഡ് ഉയര്‍ത്താന്‍ ശ്രമിക്കാതെ കടിച്ച് തൂങ്ങുന്നതും എതിരാളികള്‍ക്ക് പ്രത്യാക്രമണത്തിന് വഴിയൊരുക്കുന്നതും ടീമിന്റെ പോരായ്മയാണ്. 4-3-3, 3-5-2 എന്നീ ശൈലിയിലാണ് സൗത്ത്‌ഗേറ്റ് തന്ത്രങ്ങള്‍ മെനയുന്നത്.

പരിശീലകന്‍ എന്ന നിലയില്‍ സൗത്ത്‌ഗേറ്റിനും ഖത്തര്‍ ലോകകപ്പ് നിര്‍ണായകമാണ്. ടീമിന് തിരിച്ചടികളുണ്ടാകുമ്പോള്‍ പുത്തന്‍ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാന്‍ കഴിയാത്തത് പരിശീലകന്റെ ന്യൂനതയായി ഫുട്‌ബോള്‍ പണ്ഡിറ്റുകള്‍ വിലയിരുത്തുന്നു. ഒരുവേള ഉയര്‍ന്ന സൗത്ത് ഗേറ്റ് ഔട്ട് ഹാഷ് ടാഗുകള്‍ അദ്ദേഹവും മറന്നിട്ടുണ്ടാകില്ല.

ഖത്തര്‍ ലോകകപ്പില്‍ പന്തുതട്ടാന്‍ ശക്തമായ നിരയെയാണ് ഇംഗ്ലണ്ട് കളത്തിലിറക്കുക. ത്രീലയണ്‍സിന്റെ മുന്നേറ്റനിരയില്‍ നായകന്‍ ഹാരി കെയ്നിനൊപ്പം ഫില്‍ ഫോഡന്‍, ജാക്ക് ഗ്രീലിഷ്, ജെയിംസ് മാഡിസണ്‍, മാര്‍ക്കസ് റാഷ്ഫോര്‍ഡ്, ബുക്കായോ സാക്ക, റഹീം സ്റ്റെര്‍ലിങ്, കാല്ലം വില്‍സണ്‍ എന്നിവര്‍ ഇടം നേടി. മുന്നേറ്റനിരയില്‍ ജേഡന്‍ സാഞ്ചോയ്ക്ക് പുറമേ ടാമി എബ്രഹാമിനും ഇവാന്‍ ടോണിയ്ക്കും ടീമില്‍ ഇടം നേടാനായില്ല.

സുശക്തമായ ഇംഗ്ലീഷ് മധ്യനിരയില്‍ യുവതാരം ജൂഡ് ബെല്ലിങ്ങാം, കോണോര്‍ കാല്ലഗര്‍, ജോര്‍ദാന്‍ ഹെന്‍ഡേഴ്സണ്‍, മേസണ്‍ മൗണ്ട്, കാല്‍വിന്‍ ഫിലിപ്സ്, ഡെക്ലാന്‍ റൈസ് എന്നിവര്‍ അണിനിരക്കും. പ്രതിരോധത്തില്‍ ട്രെന്റ് അലക്സാണ്ടര്‍ അര്‍ണോള്‍ഡ്, കോണോര്‍ കോഡി, എറിക് ഡയര്‍, ഹാരി മഗ്വയര്‍, ലൂക്ക് ഷോ, ജോണ്‍ സ്റ്റോണ്‍സ്, കീറണ്‍ ട്രിപ്പിയര്‍, കൈല്‍ വാക്കര്‍, ബെന്‍ വൈറ്റ് എന്നിവര്‍ അണിനിരക്കും. ഒന്നാം നമ്പര്‍ ഗോള്‍കീപ്പര്‍ ജോര്‍ദാന്‍ പിക്ക്ഫോര്‍ഡ് തന്നെയാണ്. നിക്ക് പോപ്പ്, ആരോണ്‍ റാംസ്ഡേല്‍ എന്നിവരും ഗോള്‍കീപ്പര്‍മാരായി ടീമിലുണ്ട്.

56 വര്‍ഷങ്ങള്‍ക്കിപ്പുറം ഒരിക്കല്‍ കൂടി 1966 ആവര്‍ത്തിക്കാനുറച്ച് തന്നെയാണ് ഇംഗ്ലീഷുകാര്‍ ഖത്തറിലെത്തുന്നത്. will it come home? its coming home എന്ന പ്രതീക്ഷയിലാണ് ഇംഗ്ലീഷ് ജനത.

Content Highlights: england, fifa world cup 2022, qatar 2022, harry kane, gareth osuth gate, three lions


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022

Most Commented