Photo: twitter.com/VibesFoot
ബ്യൂണസ് ഐറിസ്: ഫ്രാന്‍സിന്റെ സൂപ്പര്‍ സ്ട്രൈക്കര്‍ കിലിയന്‍ എംബാപ്പെയെ പരിഹസിക്കുന്നത് തുടര്‍ന്ന് അര്‍ജന്റീനിയന്‍ താരം എമിലിയാനോ മാര്‍ട്ടിനസ്. ഫ്രാന്‍സിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി അര്‍ജന്റീന കിരീടം നേടിയതിനു പിന്നാലെ ഡ്രസ്സിങ് റൂമില്‍ നടന്ന വിജയാഘോഷത്തിനിടെ എംബാപ്പെയ്ക്കായി ഒരു നിമിഷം മൗനം ആചരിക്കാന്‍ മാര്‍ട്ടിനസ് ആവശ്യപ്പെടുന്നതിന്റെ വീഡിയോ പുറത്ത് വന്നിരുന്നു. ഇതിനു പിന്നാലെ ഇപ്പോഴിതാ കിരീടനേട്ടത്തിനു ശേഷം ബ്യൂണസ് ഐറിസിലെ വിക്ടറി പരേഡില്‍ എംബാപ്പെയുടെ മുഖമുള്ള പാവയുമായി എത്തിയാണ് മാര്‍ട്ടിനസ് ഞെട്ടിച്ചത്.
ലോകകപ്പ് വിജയത്തിനു ശേഷം നാട്ടിലെത്തിയ മെസ്സിക്കും സംഘത്തിനും തകര്‍പ്പന്‍ സ്വീകരണമാണ് ആരാധകര്‍ ഒരുക്കിയത്. ബ്യൂണസ് ഐറിസില്‍ ആരാധകരെ അഭിവാദ്യം ചെയ്ത് താരങ്ങള്‍ തുറന്ന ബസില്‍ സഞ്ചരിച്ചിരുന്നു. ഇതിനിടെയാണ് മാര്‍ട്ടിനസ് കൈയില്‍ പിടിച്ച പാവയുടെ മുഖം എല്ലാവരുടെയും ശ്രദ്ധയില്‍പ്പെട്ടത്. പാവയുടെ മുഖത്ത് എംബാപ്പെയുടെ മുഖത്തിന്റെ ചിത്രം ഒട്ടിച്ചുവെച്ചിരിക്കുകയായിരുന്നു. വിക്ടറി പരേഡില്‍ ഉടനീളം ഈ പാവയുമായിട്ടായിരുന്നു മാര്‍ട്ടിനസിന്റെ വിജയാഘോഷം. അതേസമയം ഈ ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ മാര്‍ട്ടിനസിന്റെ പരിഹാസം അതിരുകടന്നുപോയെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വിമര്‍ശനം.
മാത്രമല്ല മാര്‍ട്ടിനസ് ഇത്തരത്തില്‍ വിജയാഘോഷം നടത്തുമ്പോള്‍ തുറന്ന ബസില്‍ തൊട്ടടുത്ത് ലയണല്‍ മെസ്സി നില്ക്കുന്നുണ്ടായിരുന്നു. ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിയില്‍ മെസ്സിയുടെ സഹതാരമാണ് എംബാപ്പെ.
നേരത്തെ ഖത്തര്‍ ലോകകപ്പില്‍ മികച്ച ഗോള്‍കീപ്പര്‍ക്കുള്ള ഗോള്‍ഡന്‍ ഗ്ലൗ സ്വീകരിച്ച ശേഷം ഖത്തര്‍ ഭരണാധികാരികളുടെയും ഫിഫ തലവന്മാര്ക്കും മുന്നില്‍ മാര്‍ട്ടിനസ് നടത്തിയ അംഗവിക്ഷേപവും വിവാദമായിരുന്നു. കളിക്കിടെ, തന്നെ കൂവി വിളിച്ച ഫ്രഞ്ച് കാണികളുടെ നടപടിയാണ് പ്രകോപനത്തിന് കാരണമായതെന്ന് ചൂണ്ടിക്കാട്ടി താരം പിന്നീട് രംഗത്തെത്തിയിരുന്നു.
എംബാപ്പെക്കെതിരെയുള്ള മാര്‍ട്ടിനസിന്റെ പ്രവൃത്തികള്‍ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ലോകകപ്പിനു മുമ്പ് ലാറ്റിനമേരിക്കന്‍ ഫുട്ബോളിനെ കളിയാക്കിയുള്ള എംബാപ്പെയുടെ ഒരു പരാമര്‍ശമാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടത്. യൂറോപ്യന്‍ ടീമുകളാണ് ലോകകപ്പിനായി നന്നായി ഒരുങ്ങിയിട്ടുള്ളതെന്നും അവരാണ് എല്ലായ്പ്പോഴും നിലവാരമുള്ള മത്സരങ്ങള്‍ കളിക്കാറുള്ളതെന്ന എംബാപ്പെയുടെ പരാമര്‍ശമാണ് മാര്‍ട്ടിനസിനെ ചൊടിപ്പിച്ചത്. ഇതിന് മറുപടിയായി എംബാപ്പെയ്ക്ക് ലാറ്റിനമേരിക്കന്‍ ഫുട്ബോളിനെക്കുറിച്ച് വേണ്ടത്ര അറിവില്ലെന്ന് മാര്‍ട്ടിനസ് തിരിച്ചടിച്ചിരുന്നു.
കഴിഞ്ഞ ഞായറാഴ്ച നടന്ന ഫൈനലില്‍ എംബാപ്പെയുടെ ഒറ്റയാള്‍ പ്രകടനമാണ് 80-ാം മിനിറ്റുവരെ ഏകപക്ഷീയമായിരുന്ന മത്സരത്തെ ആവേശകരമാക്കിയത്. 80 മിനിറ്റ് വരെ എതിരില്ലാത്ത രണ്ട് ഗോളിന് മുന്നിലായിരുന്ന അര്‍ജന്റീനയ്ക്കെതിരേ 97 സെക്കന്‍ഡുകള്‍ക്കിടെ രണ്ട് ഗോള്‍ തിരിച്ചടിച്ച എംബാപ്പെ ഫ്രാന്‍സിന് പ്രതീക്ഷ സമ്മാനിച്ചിരുന്നു. തുടര്‍ന്ന് അധികസമയത്ത് ലീഡെടുത്ത അര്‍ജന്റീനയ്ക്കെതിരേ വീണ്ടും എംബാപ്പെ സ്കോര്‍ ചെയ്തു. മൂന്ന് പെനാല്‍റ്റിയടക്കം നാല് തവണയാണ് എംബാപ്പെ പന്ത് വലയിലെത്തിച്ചത്.
മത്സരം അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ കോളോ മുവാനിയുടെ ഗോളെന്നുറച്ച ഷോട്ട് രക്ഷപ്പെടുത്തിയും ഷൂട്ടൗട്ടില്‍ ഒരു കിക്ക് തടുത്തിട്ടും മാര്‍ട്ടിനസും താരമായിരുന്നു.
Content Highlights: Emiliano Martinez mocks Kylian Mbappe again during Argentina victory parade
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..