ഹൃദയം നിലക്കാതിരിക്കാന്‍ ഡിഫിബ്രിലേറ്ററുമായി ബ്ലിന്‍ഡ്; അര്‍ജന്റീനയുടെ നെഞ്ചിടിപ്പ് കൂടുമോ


അമേരിക്കയ്‌ക്കെതിരായ ഗോൾ അച്ഛനോടൊപ്പം ആഘോഷിക്കുന്ന ഡാലി ബ്ലിൻഡ്‌ | Photo: ANI/AFP

നെതര്‍ലന്‍ഡ്‌സ് താരം ഡാലി ബ്ലിന്‍ഡിന് ഫുട്‌ബോളെന്നാല്‍ മരണക്കളിയാണ്. മരണത്തുമ്പില്‍ നിന്ന് രണ്ട് വട്ടം ജീവിതത്തിലേക്ക് തിരിച്ചുവന്ന ബ്ലിന്‍ഡ് കളിക്കളത്തില്‍ പന്തിന് പിന്നാലെ ഓടുമ്പോള്‍ എല്ലാവരുടേയും ഹൃദയമിടിപ്പ് കൂടും. കളിക്കിടയിലെങ്ങാനും ബ്ലിന്‍ഡിന്റെ ഹൃദയം നിലച്ചുപോകുമോ എന്നതാണ് ഈ ആധിക്ക് പിന്നിലെ കാരണം. എന്നാല്‍ ജീവനേക്കാളേറെ ഫുട്‌ബോളിനെ സ്‌നേഹിക്കുന്ന ബ്ലിന്‍ഡിന് അതൊന്നും ഒരു വിഷയമേയല്ല. ഫുട്‌ബോളില്ലാതെ താന്‍ ജീവിച്ചിരുന്നിട്ട് എന്താണ് കാര്യം എന്നതാണ് ബ്ലിന്‍ഡിന്റെ നിലപാട്.

മൂന്നു വര്‍ഷമായി ഡിഫിബ്രിലേറ്ററുമായാണ് ഈ പ്രതിരോധ താരം എതിര്‍ ടീമിന്റെ മുന്നേറ്റങ്ങളുടെ മുനയൊടിക്കുന്നത്. നെഞ്ചില്‍ ഇംപ്ലാന്റ് ചെയ്യാവുന്ന കാര്‍ഡിയോവര്‍ട്ടര്‍ ഡിഫിബ്രിലേറ്റര്‍ ക്രമരഹിതമായ ഹൃദയമിടിപ്പ് കണ്ടെത്തുകയും ഹൃദയസ്തംഭന സമയത്ത് ജീവന്‍ രക്ഷിക്കാവുന്ന ഷോക്ക് നല്‍കുകയും ചെയ്യുന്നു. ഈ ഡിഫിബ്രിലേറ്ററില്ലായിരുന്നെങ്കില്‍ ബ്ലിന്‍ഡിന് മുന്നില്‍ ഫുട്‌ബോള്‍ ഗ്രൗണ്ടിന്റെ വാതിലുകള്‍ അടഞ്ഞുപോകുമായിരുന്നു. എല്ലാ നന്ദിയും വൈദ്യശാസ്ത്രത്തിനെന്ന് അദ്ദേഹം പറയുന്നു.

2019-ല്‍ രണ്ടുതവണ ഗ്രൗണ്ടില്‍വെച്ച് ബ്ലിന്‍ഡിന് ഹൃദയസ്തംഭനമുണ്ടായിട്ടുണ്ട്. രണ്ടു തവണയും അദ്ദേഹം അത് തരണം ചെയ്തു. ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനിടേയായിരുന്നു ആദ്യ ഷോക്ക്. വലന്‍സിയയുടെ മുന്നേറ്റങ്ങള്‍ തടയുന്ന അയാക്‌സിന്റെ പ്രതിരോധത്തിലായിരുന്നു അന്ന് ബ്ലിന്‍ഡിന്റെ സ്ഥാനം. അന്ന് മൈതാനത്ത് താരം കുഴഞ്ഞുവീണപ്പോള്‍ ആ കരിയര്‍തന്നെ അവസാനിച്ചുവെന്നാണ് എല്ലാവരും കരുതിയത്. പക്ഷേ വര്‍ധിത വീര്യത്തോടെ അദ്ദേഹം കളത്തില്‍ തിരിച്ചെത്തി. ഡിഫിബ്രിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ആ തിരിച്ചുവരവ്. എന്നാല്‍ പരീക്ഷണങ്ങള്‍ അവസാനിച്ചില്ല. 2020-ല്‍ സീസണിന് മുന്നോടിയായി ഹെര്‍ത്ത ബെര്‍ലിനെതിരായ സൗഹൃദ മത്സരത്തില്‍ വീണ്ടും മൈതാനത്ത് വീണു. അന്നും അയാക്‌സ് താരമായിരുന്നു ബ്ലിന്‍ഡ്. അന്നുമുതല്‍ അച്ഛനും മുന്‍ ഡച്ച് താരവുമായ ഡാനി ബ്ലിന്‍ഡ് മകന് കരുത്ത് പകര്‍ന്ന് കൂടെനില്‍ക്കാന്‍ തുടങ്ങി.

മരണം തൊട്ടടുത്ത് കണ്ടതിനെ കുറിച്ചും അച്ഛന്റെ പിന്തുണയെ കുറിച്ചും 'നെവര്‍ എഗെയ്ന്‍ സ്റ്റാന്‍ഡിങ് സ്റ്റില്‍' എന്ന ഡോക്യുമെന്ററിയില്‍ ബ്ലിന്‍ഡ് വിശദീകരിക്കുന്നുണ്ട്. 'അന്ന് ഗ്രൗണ്ടില്‍ വീണപ്പോള്‍ എല്ലാവരും എന്നെ ഭയത്തോടെ നോക്കുന്നത് നിങ്ങള്‍ കണ്ടുകാണും. പക്ഷേ എന്റെ അച്ഛന്റെ പ്രതികരണമായിരുന്നു എപ്പോഴും മനസില്‍ തങ്ങി നിന്നത്. ഇനി കളിക്കാന്‍ എന്തെങ്കിലും മാര്‍ഗമുണ്ടോയെന്ന് അദ്ദേഹം ഡോക്ടറോട് നിരന്തരം ചോദിച്ചുകൊണ്ടേയിരുന്നു. അദ്ദേഹത്തിന്റെ ഊര്‍ജ്ജവും പ്രചോദനവുമാണ് എന്റെ തിരിച്ചുവരവിലേക്ക് നയിച്ചത്'-ബ്ലിന്‍ഡ് പറയുന്നു.

ഖത്തര്‍ ലോകകപ്പില്‍ മകന്‍ രാജ്യത്തിനായി പോരാടുന്നത് ഡാനി ബ്ലിന്‍ഡ് തൊട്ടടുത്ത് നിന്ന് തന്നെ കാണുന്നുണ്ട്. ഡാനി ടീമിന്റെ സഹപരിശീലകന്‍ കൂടിയാണ്. അമേരിക്കയ്‌ക്കെതിരായ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ഗോള്‍ നേടിയപ്പോള്‍ ഡഗ് ഔട്ടിലുള്ള അച്ഛന് അടുത്തേക്ക് ഓടിയെത്തിയാണ് ബ്ലിന്‍ഡ് ആഘോഷിച്ചതും. ആരുടേയും ഹൃദയം നിറയ്ക്കുന്ന നിമിഷമായിരുന്നു അത്.

ഇനി അര്‍ജന്റീനയ്‌ക്കെതിരായ ക്വാര്‍ട്ടറില്‍ ബ്ലിന്‍ഡിന്റെ കളി കാണാം. സൂപ്പര്‍ താരം മെസ്സിയെ പൂട്ടി അര്‍ജന്റീനന്‍ ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടാന്‍ ബ്ലിന്‍ഡ് എന്ന 'ഇരട്ടച്ചങ്കന്' കഴിയുമോ? കാത്തിരുന്ന് കാണം.

Content Highlights: defibrillator allows driven dutchman daley blind to play in world cup quarter final


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കാത്തിരിപ്പിനൊടുവിൽ അവര്‍ അച്ഛനും അമ്മയുമായി

Feb 4, 2023


chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023


Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023

Most Commented