ക്രിസ്റ്റ്യാനോ റൊണാൾഡോ | Photo : Alex Grimm/Getty Images
ദോഹ: മത്സരത്തിനിടെ കൊറിയന്‍ താരത്തോട് വായടക്കാന്‍ ആവശ്യപ്പെട്ട് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. വെള്ളിയാഴ്ച്ച നടന്ന കൊറിയ- പോര്‍ചുഗല്‍ അവസാന ഗ്രൂപ്പ് മത്സരത്തിനിടെയാണ് സംഭവം. ദക്ഷിണ കൊറിയന്‍ താരത്തോട് വായടക്കാന്‍ ആംഗ്യം കാട്ടിയാണ് റൊണാള്‍ഡോ ഗ്രൗണ്ട് വിട്ടത്. മത്സരത്തില്‍ സബ്സ്റ്റിറ്റിയൂട്ട് ചെയ്തതിലുള്ള എതിര്‍പ്പ് പ്രകടിപ്പിച്ചു കൊണ്ടാണ് റൊണാള്‍ഡോ ദേഷ്യത്തോടെ ഗ്രൗണ്ട് വിട്ടതെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ച സാഹചര്യത്തിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്.
ഗ്രൗണ്ടില്‍ നിന്ന് ഡഗ്ഔട്ടിലേക്ക് സാവകാശം നടക്കുന്നതിനിടെ കൊറിയന്‍ താരം ചോ ഗ്യി സങ് എത്രയും പെട്ടെന്ന് സ്ഥലം കാലിയാക്കാന്‍ ആവശ്യപ്പെട്ടതാണ് തന്നെ പ്രകോപിച്ചതെന്ന് റൊണാൾഡോ പറഞ്ഞതായി ദി ഗോള്‍ റിപ്പോര്‍ട്ട് ചെയ്തു. തന്നോട് അത്തരത്തില്‍ സംസാരിക്കാന്‍ അവര്‍ക്ക് അധികാരമില്ല. എന്ത് തന്നെ സംഭവിച്ചാലും തങ്ങള്‍ അടുത്ത ഘട്ടത്തിലേയ്ക്ക് കടന്നു. ഇവിടെ വിവാദത്തിന്റെ കാര്യമില്ലെന്നും ഇതെല്ലാം മത്സരത്തിന്റെ ഭാഗമാണെന്നും റൊണാൾഡോ പറഞ്ഞു.
ഇതിനിടെ റൊണാള്‍ഡോയെ ദക്ഷിണ കൊറിയന്‍ താരം അപമാനിച്ചുവെന്ന ആരോപണവുമായി പോര്‍ച്ചുഗല്‍ മുഖ്യപരിശീലകന്‍ ഫെര്‍ണാണ്ടോ സാന്റോസ് രംഗത്തെത്തി. മത്സരത്തിന്റെ 65-ാം മിനിറ്റില്‍ റൊണാള്‍ഡോയെ സബ്സ്റ്റിറ്റിയൂട്ട് ചെയ്തതിലുള്ള എതിര്‍പ്പ് പ്രകടിപ്പിച്ചു കൊണ്ട് ദേഷ്യത്തോടെ താരംഗ്രൗണ്ട് വിട്ടുവെന്ന റിപ്പോര്‍ട്ടുകള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് പരിശീലകന്റെ മറുപടി.
നേരത്തെ, തന്നെപ്പോലെ ഒരു താരത്തെ സബ്സ്റ്റിറ്റിയൂട്ട് ചെയ്യാന്‍ നിങ്ങള്‍ക്ക് എന്താണ് ധൃതിയെന്നു കോപത്തോടെ ഫെര്‍ണാണ്ടോ സാന്റോസിനോട് ക്രിസ്റ്റ്യാനോ റൊണാൾഡോ ചോദിച്ചതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംഭവത്തില്‍ വിശദീകരണവുമായി റൊണാള്‍ഡോയും പോര്‍ച്ചുഗീസ് പരിശീലകനും രംഗത്തെത്തിയത്.
ലോകകപ്പില്‍ പോര്‍ച്ചുഗലിനെ അട്ടിമറിച്ച് ദക്ഷിണ കൊറിയ പ്രീക്വാര്‍ട്ടറില്‍ കടന്നിരുന്നു. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണു ദക്ഷിണ കൊറിയയുടെ വിജയം. അഞ്ചാം മിനിറ്റില്‍ റിക്കാര്‍ഡോ ഹോര്‍ട്ടയിലൂടെ മുന്നിലെത്തിയ പോര്‍ച്ചുഗലിനെ 27-ാം മിനിറ്റില്‍ കിം യങ് ഗ്വാണും ഇഞ്ചുറി സമയത്തിന്റെ ആദ്യ മിനിറ്റില്‍ ഹ്വാങ് ഹീ ചാനും നേടിയ ഗോളിലാണ് കൊറിയ വീഴ്ത്തിയത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ഘാനയെ വീഴ്ത്തിയ യുറഗ്വായ് പോയന്റ് നിലയിലും ഗോള്‍ വ്യത്യാസത്തിലും ഒപ്പമെത്തിയെങ്കിലും അടിച്ച ഗോളുകളുടെ എണ്ണമാണ് കൊറിയക്കു പ്രീ ക്വാര്‍ട്ടറിലേക്ക് വഴിതുറന്നു.
Content Highlights: Cristiano Ronaldo In Spat With South Korean Player During Portugal's Loss In World Cup
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..